കേരളത്തിന്‍റെ ദീർഘകാല വികസനം ലക്ഷ്യം

കേരളത്തിന്‍റെ ദീർഘകാല വികസനം ലക്ഷ്യമിട്ട് രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്. പ്രതിസന്ധി കാലത്തും വിലക്കയറ്റ ഭീഷണിയുടെ അതിജീവനവും ഭക്ഷ്യ സുരക്ഷയും ബജറ്റ് ഉറപ്പാക്കുന്നു.അതി ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾക്കും പ്രത്യേക ഊന്നലുണ്ട്.പാവപ്പെട്ടവർക്ക് സുരക്ഷിതമായി തലചായ്ക്കാൻ ഇടമൊരുക്കുന്ന ലൈഫ് പദ്ധതി ഇത്തവണ കൂടുതൽ പേരിലെക്കെത്തും.

കൊവിഡ് മഹാമാരിയും കേന്ദ്ര നയങ്ങളും കാരണം കൊടിയ പ്രതിസന്ധിയിലെക്ക് കൂപ്പുക്കുത്തിയ ഇടത്ത് നിന്നുള്ള തിരിച്ചുവരപ്പിൻറെ പാതയിലാണ് കേരളം. ഈ തിരിച്ചു വരവ് സുരക്ഷിതമായ ഭാവി കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായാണ് എന്നതാണ് രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് വരച്ചുകാട്ടുന്നത്.

സർവ്വതല സ്പർശിയായ ബജറ്റ്. ജനങ്ങൾക്കൊപ്പമാണ് സർക്കാർ എന്ന് വ്യക്തമാക്കുന്ന ബജറ്റ് കൂടിയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാനം അതിദാരിദ്യം ഇല്ലാതാക്കാൻ പദ്ധതി പ്രഖ്യാപിച്ചു. അതിന്‍റെ തുടർ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപയാണ് ബജറ്റ് നീക്കിവച്ചത്. 64352 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

റഷ്യ – യുക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ വിലക്കയറ്റമാണ് നാം നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 2000 കോടി രൂപ ബജറ്റ് വകയിരുത്തിയത്.

ആഭ്യന്തര ഉൽപ്പാദനത്തിലും പ്രാദേശിക സമാഹരണത്തിലും ഊന്നൽ എന്നതാണ് വ്യത്യസ്തത. ലൈഫ് മിഷനിലൂടെ 2,76,465 വീടുകളാണ് സർക്കാർ ഇതിനകം പൂർത്തികരിച്ചത്. 2022- 23 സാമ്പത്തിക വർഷം 1,06,000 വ്യക്തിഗത ഭവനങ്ങളും 2950 ഫാറ്റുകളും നിർമ്മിക്കും.

പി.എം.എ.വൈ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 327 കോടി ഉൾപ്പെടെ 1871.82 കോടി രൂപയാണ് ലൈഫിന്‍റെ ആകെ വിഹിതം. റീബിൾഡ് കേരള ഇനിഷേറ്റീവ് പദ്ധതിക്കായി 1600 കോടി രൂപയാണ് വകയിരുത്തിയത്. 9 പുതിയ പദ്ധതികൾക്കാണ് ഇതിലൂടെ തുടക്കമാകുന്നത്.

വിജ്ഞാന ഉൽപ്പാദനത്തിനുള്ള നടപടികൾ, റോഡ് പാലങ്ങൾ, കെ.എസ്.ആർ.ടി.സിയുടെ പുനരുജ്ജീവനം, കെ റെയിൽ, ടൂറിസം മേഖലയുടെ വികസനം, പൊതുവിദ്യാഭ്യാസം- ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, കൃഷി, സാംസ്കാരിക രംഗം എന്നിങ്ങനെ എല്ലാ മേഖലയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ബജറ്റ് എന്ന പ്രത്യേകതയും ഉണ്ട് ഇത്തവണ. കടലാസ്‌ ഒഴിവാക്കി ടാബ് ഉപയോഗിച്ചുള്ള ബജറ്റ്‌ പ്രസംഗത്തിനും കെ.എൻ ബാലഗോപാൽ തുടക്കം കുറിച്ചു.

കേന്ദ്ര സാമ്പത്തിക നയങ്ങൾക്ക്‌ ബദലായുള്ള കേരള മോഡൽ കൂടിയാണ് രണ്ടു മണിക്കൂർ പതിനെട്ട് മിനുറ്റ് നീണ്ട ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ ബജറ്റ് പ്രസംഗം മുന്നോട്ടുവച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel