പൊതു വിദ്യാഭ്യാസ – തൊഴില്‍ മേഖലകള്‍ക്ക് ഏറെ സഹായകരമായ ബജറ്റ് :മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ – തൊഴില്‍ മേഖലകള്‍ക്ക് ഏറെ സഹായകരമായ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയ്ക്കായി 2022 – 23 വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി അടങ്കല്‍ 2546.07 കോടി രൂപയാണ്. ഇതില്‍ 1016.74 കോടി രൂപ സ്‌കൂള്‍ വിദ്യാഭ്യാസത്തിനും 452.67 കോടി രൂപ ഉന്നതവിദ്യാഭ്യാസത്തിനും 245.63 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസത്തിനുമാണ്. കൂടാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നിന്ന് 831 കോടി രൂപ പ്രതീക്ഷിക്കുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി ആരംഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 10.48 ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് പുതുതായി കടന്നു വന്നത്. 2022- 23 ല്‍ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഭിന്നശേഷി സൗഹൃദമായി വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി 2022 – 23ലെ സംസ്ഥാന വിഹിതം 150 കോടി രൂപയും പാല്‍,മുട്ട എന്നിവ വിതരണം ചെയ്യുന്നതിനുള്ള അധിക ചിലവായി സംസ്ഥാനം നീക്കിവെച്ചിട്ടുള്ളത് 192.64 കോടി രൂപയുമാണ്.

തൊഴിലും തൊഴിലാളി ക്ഷേമ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത് ആകെ 482.16 കോടി രൂപയാണ്. പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് വിവിധ വകുപ്പുകളും ക്ഷേമനിധിബോര്‍ഡുകളും മുഖേനയുള്ള പദ്ധതികളിലൂടെ വരുമാന പിന്തുണ ഉറപ്പുവരുത്തുന്നുണ്ട്. പരമ്പരാഗത മേഖലകളിലെ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 75% സ്ത്രീകളാണ്. ഈ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി വിലയിരുത്തലിനുമായി 86 കോടി രൂപ വകയിരുത്തി.

പ്ലാന്റേഷന്‍ മേഖലയിലെ ലയം /പാഡി എന്നീ വാസസ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാന്‍ 10 കോടി രൂപ വകയിരുത്തി. നഗരപ്രദേശങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികള്‍ വെബ്‌പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്ത് പ്രത്യേകമായ തിരിച്ചറിയല്‍ നമ്പര്‍ നേടേണ്ടതുണ്ട്. കേരള അതിഥി മൊബൈല്‍ ആപ്പ് പദ്ധതിക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

വ്യാവസായിക പരിശീലന വകുപ്പിന്റെ നൈപുണ്യ വികസന പരിപാടികളുടെ വിവിധ പദ്ധതികള്‍ക്കായി 37 കോടി രൂപ വകയിരുത്തി. ഐടിഐകളെ ആധുനികവല്‍ക്കരിക്കാനായി 30.5 കോടി രൂപയും വകയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here