
ഐ എസ് എല്ലിലെ ആദ്യസെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം.ജംഷെദ്പുരിനെ ബ്ലാസ്റ്റേഴ്സ് ഒറ്റ ഗോളിന് തോൽപ്പിച്ചു. പ്ലേമേക്കർ സഹൽ അബ്ദു സമദിന്റെ മിന്നും ഗോളാണ് ബ്ലാസ്റ്റേഴ്സിന് ആവേശകരമായ ജയം ഒരുക്കിയത്.
നേർക്ക് നേർ പോരാട്ടങ്ങളിലെ നാണം കെട്ട തോൽവിക്ക് ഒടുവിൽ ഫറ്റോർദയിൽ ബ്ലാസ്റ്റേഴ്സ് കണക്ക് തീർത്തു. ജംഷെദ്പുരിനെതിരായ ആദ്യ സെമിയുടെ ആദ്യപാദത്തിൽ മികച്ച പോരാട്ടവീര്യം പുറത്തെടുത്തായിരുന്നു കൊമ്പന്മാരുടെ ജയം.
38-ാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന ഗോളെത്തി.വാസ്ക്വേസിന്റെ പാസ് ക്ലിയർ ചെയ്യുന്നതിൽ ജംഷദ്പൂർ ഡിഫൻസിന് പിഴച്ചപ്പോൾ ലൈൻ വിട്ട് കയറിവന്ന മലയാളി ഗോൾകീപ്പർ രെഹ്നേഷിനെ ചിപ്പ് ചെയ്ത് സഹൽ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.
സീസണിലെ ആറാം ഗോൾ കൂടിയാണ് സഹൽ സ്കോർ ചെയ്തത്. ഇതോടെ ഒരൊറ്റ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇന്ത്യൻ താരമായി ഈ കണ്ണൂരുകാരൻ മാറി.
ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പിന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മികച്ചു നിന്നു. 59 ആം മിനുട്ടിൽ നായകൻ ല്യൂണയുടെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ഗോൾ മടക്കാനായുള്ള ജംഷെദ്പുരിന്റെ ശ്രമങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് ഡിഫൻസ് വിലങ്ങുതടിയായതോടെ ഫറ്റോർദയിലെ ആദ്യ സെമിയുടെ ആദ്യപാദം കേരളത്തിന്റെ കൊമ്പന്മാർക്ക് സ്വന്തം.
ചൊവ്വാഴ്ച വാസ്കോ തിലക് മൈതാനിലാണ് ആദ്യ സെമിയുടെ രണ്ടാം പാദം. മത്സരത്തിൽ തോൽക്കാതിരുന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എൽ ചരിത്രത്തിലെ മൂന്നാം ഫൈനൽ ഉറപ്പിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here