കൊല്ലം കോര്‍പ്പറേഷന്റെ ബയോ മൈനിംഗ് ദേശീയ ശ്രദ്ധയിലേക്ക്

കൊല്ലം കോര്‍പ്പറേഷന്റെ നൂതന പദ്ധതിയായ കുരീപ്പുഴയിലെ ബയോ മൈനിംഗ് സംവിധാനം ദേശീയ തലത്തിൽ ശ്രദ്ധ നേടുന്നു. കേന്ദ്ര നീതി ആയോഗ് റിസർച്ച് ഓഫീസർ കെ അരുൺലാൽ ഇവിടെ സന്ദർശനം നടത്തി. നവസാങ്കേതിക വിദ്യയിലൂടെ വിവിധയിടങ്ങളിൽ നടപ്പാക്കുന്ന മാലിന്യ നിർമാർജനം ഉൾപ്പെടെയുള്ള മാതൃകകൾ പഠന വിധേയമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

റാംസർ സൈറ്റിൽ ഉൾപ്പെട്ടതാണ്‌ അഷ്ടമുടിക്കായലോരത്തെ ബയോ മൈനിംഗിനെക്കുറിച്ച് പഠിക്കാൻ കാരണമായത്. പ്രവർത്തനങ്ങൾ വിലയിരുത്തി വിശദമായ പഠന റിപ്പോർട്ട് നീതി ആയോഗ് അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് കെ അരുൺലാൽ വ്യക്തമാക്കി. മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർമാർ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മൈനിംഗ് നടപടികൾ മഴക്കാലത്തിനു മുമ്പ്‌ പൂർത്തിയാക്കാൻ മേയർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ ആദ്യ സമ്പൂർണ സംയോജിത പദ്ധതിയാണ്‌ കുരീപ്പുഴയിലേത്‌.

സിഗ്മ ഗ്ലോബൽ കമ്പനിക്കാണ് നിർവഹണച്ചുമതല. 104906.88 മീറ്റർ ക്യൂബ് മാലിന്യമാണ് ശേഖരിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശങ്ങൾക്കു വിധേയമായി നടക്കുന്ന ബയോ മൈനിംഗിൽ ആർഡിഎഫ്, മണ്ണ്, കല്ല്, ടയർ, തടി, മറ്റു ലോഹവസ്തുക്കൾ, ചില്ല് തുടങ്ങിയവ വേർതിരിക്കുന്ന പ്രക്രിയ അതിവേഗം പുരോഗമിക്കുകയാണ്.

മാലിന്യം വേർതിരിച്ച് തമിഴ്‌നാട്ടിലെ സിമന്റ് കമ്പനികളിലെ ചൂളകളിൽ ഇന്ധനമായി ഉപയോഗിക്കാനാണ് എത്തിക്കുന്നത്. കുരീപ്പുഴയിലെ ചണ്ടി ഡിപ്പോയിൽ അഞ്ചര ഏക്കറിലെ മാലിന്യമലയാണ് പുതുപദ്ധതിയിലൂടെ കോർപറേഷൻ നീക്കം ചെയ്യുന്നത്.

സൂപ്രണ്ടിങ് എൻജിനിയർ എം എസ് ലത, എക്‌സിക്യൂട്ടീവ് എൻജിനിയർ ബി ഷൈജ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ സന്തോഷ് കുമാർ, എൻവയൺമെന്റ് എൻജിനിയർ ഷബ്‌ന, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ സൗമ്യ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here