കേരളം എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കുന്ന സ്റ്റിയറിങ്ങ് ആണ് ബജറ്റ്

കേരളം എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കുന്ന സ്റ്റിയറിങ്ങ് ആണ് ബജറ്റ്. ഇത്തവണ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത് തൊഴില്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായി മാറ്റുന്നതിനെയുമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്ന കൈരളി ന്യൂസിലെ പ്രത്യേക സവിശേഷ പരിപാടിയായ എഫ്എം ഓണ്‍ ട്രയല്‍ എന്ന പരിപാടിയില്‍ അറിവും ടെക്നോളജിയും ഒരുമിച്ച ബജറ്റിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി. ധനമന്ത്രിയുടെ രണ്ടാമത്തെ ബജറ്റിനെ മുന്‍നിര്‍ത്തിയുള്ള പരിപാടി കൂടിയാണ് എഫ് എം ഓണ്‍ ട്രയല്‍.

എനിക്ക് ഏറ്റവും പ്രധാനമെന്ന് തോന്നുന്ന കാര്യങ്ങളാണ് ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും വിവിധ മേഖലകളിലുള്ള നിരവധി വിദഗ്ധരുമായി ചര്‍ച്ച ചെയ്തതിനും ആലോചിച്ചതിനും ശേഷമാണ് ബജറ്റ് തയാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരിപാടിയില്‍ പറഞ്ഞു.

ഏറ്റവും മികച്ച ടെക്‌നോളജി ഉപയോഗിച്ച് സംസ്ഥാനത്ത് എങ്ങനെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാമെന്നും അതിലൂടെ വരുമാനം കണ്ടെത്താം എന്നുമാണ് ഈ ബജറ്റില്‍ ഊന്നല്‍ കൊടുത്തിരിക്കുന്ന പ്രധാന വിഷയം. അടുത്ത ഒന്നോ രണ്ടോ വര്‍ഷം മാത്രം മുന്നില്‍ കണ്ട് തയാറാക്കേണ്ട ഒന്നല്ല ബജറ്റ്.

അങ്ങനെ വളരെ ചുരുങ്ങിയ കാലയളവ് മുന്നില്‍ കണ്ട് ബജറ്റ് തയാറാക്കുകയാണെങ്കില്‍ അത് വെറും കണക്ക് മാത്രമാകുമെന്നും അത് അക്കൗണ്ടിന്റെ ജോലിയാണെന്നും എന്നാല്‍ ബജറ്റ് അത് അതെല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എഫ് എം ഓണ്‍ ട്രയല്‍ എന്ന പരിപാടിയില്‍ പറഞ്ഞു.

ഒരു ആശയം മുന്നോട്ട് വെച്ചാല്‍ അത് നടപ്പിലാകാന്‍ വര്‍ഷങ്ങളെടുക്കും. അതിനാല്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മുന്നിലുള്ള ഒന്നോ രണ്ടോ വര്‍ഷമല്ല, മറിച്ച് അടുത്ത പത്ത് ഇരുപത്തിയഞ്ച് വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുകൊണ്ട് വേണം ഒരു ബജറ്റ് തയാറാക്കാന്‍ എന്നും അതാണ് ഈ വര്‍ഷത്തെ ബജറ്റില്‍ കാണാന്‍ കഴിയുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരിപാടിയില്‍ ജോണ്‍ ബ്രിട്ടാസ് എം പിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News