സ്ഥലംമാറ്റം നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾ കൂടി പരിഗണിക്കണമെന്ന് സുപ്രീംകോടതി

ഉദ്യോഗസ്ഥർക്ക്‌ സ്ഥലംമാറ്റം നൽകുന്ന അവസരത്തിൽ അവരുടെ കുടുംബജീവിതങ്ങൾ സംരക്ഷിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി. സ്ഥാലംമാറ്റനയത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾക്ക്‌ കൂടി അർഹിക്കുന്ന പരിഗണന നൽകണമെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അദ്ധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

നികുതിഭരണവകുപ്പ്‌ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ്‌ സുപ്രീംകോടതി നിരീക്ഷണം. 2018ൽ കേന്ദ്ര പരോക്ഷ നികുതി-കസ്‌റ്റംസ്‌ ബോർഡ്‌ (സിബിഐസി) ഇന്റർ കമീഷണറേറ്റ്‌ സ്ഥലംമാറ്റങ്ങൾ പിൻവലിച്ച്‌ പുറത്തിറക്കിയ സർക്കുലറിന്‌ എതിരായ ഹർജി തള്ളിയ കേരളാഹൈക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌തുള്ള അപ്പീലുകളാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌.

സ്ഥാനക്കയറ്റം നൽകുന്ന അവസരത്തിൽ വനിതാഉദ്യോഗസ്ഥരുടെ കുടുംബജീവിതം, ശാരീരികവെല്ലുവിളി നേരിടുന്നവരുടെ താൽപര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക്‌ പരിഗണന നൽകുന്ന രീതിയിൽ സ്ഥലംമാറ്റനയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി നിർദേശിച്ചു.

വ്യക്തികളുടെ സ്വകാര്യതയ്‌ക്കുള്ള അവകാശം, അന്തസ്‌, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരുകളുടെ ഇടപെടലുകൾ ഭരണഘടനാപരമായ അനുപാതങ്ങൾ പാലിച്ചുകൊണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.

‘സർക്കാരുകൾ സ്ഥലംമാറ്റനയം രൂപീകരിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക്‌ അവരുടെ കുടുംബജീവിതങ്ങൾ സംരക്ഷിക്കാനുള്ള സൗകര്യങ്ങൾ കൂടി പരിഗണിക്കണം. കുടുംബജീവിതങ്ങൾ സംരക്ഷിക്കുകയെന്നത്‌ വ്യക്തികളുടെ അന്തസ്‌, സ്വകാര്യത തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്‌’- കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News