യുപിയിൽ കോൺഗ്രസിനുണ്ടായത് ദയനീയ പരാജയം; 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശും പോയി

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് നേരിട്ട ദയനീയ പരാജയമാണ് ഇപ്പോൾ ചർച്ചാ വിഷയം. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി കൂടുതൽ ചോദ്യം ചെയ്യപ്പെടുകകൂടിയാണ്.

ഒരു കാലത്ത് കോൺഗ്രസിന്റെ തട്ടകമായിരുന്ന ഉത്തർപ്രദേശിൽ ഇത്തവണ മത്സരിച്ച 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. കിട്ടിയതാകട്ടെ വെറും 2.4 ശതമാനം വോട്ടും.

399 സ്ഥാനാർഥികളായിരുന്നു കോൺഗ്രസിന് വേണ്ടി ഉത്തർപ്രദേശിൽ മത്സരിച്ചത്. ഇതിൽ 387 പേർക്കും കെട്ടിവെച്ച കാശ് നഷ്ടമായി. ഉത്തർപ്രദേശിൽ വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്.

വെറും 33 സീറ്റുകളിൽ മത്സരിച്ച എസ്.പിയുടെ സഖ്യകക്ഷിയായ ആർഎൽഡിയ്ക്ക് 2.9 ശതമാനമാണ് വോട്ട് ലഭിച്ചത്, കോൺഗ്രസിനേക്കാള്‍ കൂടുതലാണിത്. കോൺഗ്രസ് പാർട്ടിയുടെ ദയനീയാവസ്ഥയിൽ നേതാക്കളും അണികളും ഒരുപോലെ അസ്വസ്ഥരാണ്.

നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ പാർട്ടിക്കുള്ളിലെ തിരുത്തൽ നേതാക്കളായ ജി 23 നേതാക്കൾ തുറന്ന പോരുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജി 23 നേതാക്കൾ യോഗം ചേരുകയും ചെയ്തിട്ടുണ്ട്. ജനറൽ സെക്രട്ടറി കെ സി വേണു ഗോപാലിനെതിരേയും പ്രതിഷേധമുയരുന്നുണ്ട്.

കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട മറ്റൊരു പാർട്ടി മുൻ മുഖ്യമന്ത്രി മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയാണ്. 403 സീറ്റുകളിൽ മത്സരിച്ച ബി.എസ്.പിയുടെ 290 സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടമായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തകർപ്പൻ ജയം സ്വന്തമാക്കിയെങ്കിലും ബി.ജെ.പിയുടെ മൂന്ന് സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്. 347 സീറ്റുകളിൽ മത്സരിച്ച എസ്.പിയുടെ ആറ് സ്ഥാനാർഥികൾക്കാണ് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News