ഐജാസിന്റെ വേര്‍പാടിലൂടെ നഷ്ടമായത് മികച്ചൊരു മാര്‍ക്‌സിസ്റ്റിനെ; പ്രകാശ് കാരാട്ട്

മികച്ചൊരു മാര്‍ക്‌സിസ്റ്റിനെയും സമര്‍ഥനായ സൈദ്ധാന്തികനെയുമാണ് സ.ഐജാസിന്റെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സാമ്രാജ്യത്വം എങ്ങനെ നിലനില്‍ക്കുന്നുവെന്നും ലോകത്തില്‍ എങ്ങനെ ആധിപത്യം തുടരുന്നുവെന്നും ഒട്ടനവധി ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും അദ്ദേഹം തുറന്നുകാട്ടി. ആധുനിക സാമ്രാജ്യത്വത്തിന്റെ സ്വഭാവസവിശേഷതകളും ഐജാസ് ഉജ്വലമായി വിശദീകരിച്ചെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം കേരളയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യമ പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി കണ്ട ഏറ്റവും മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരില്‍ ഒരാളായിരുന്നു പ്രൊഫ. ഐജാസ് അഹമ്മദ്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഭൂസ്വത്തുള്ള കുടുംബത്തിലായിരുന്നു ജനനം. അച്ഛന്റെ കുടുംബത്തോടൊപ്പം പന്ത്രണ്ടാം വയസ്സില്‍ പാകിസ്ഥാനിലേക്ക്. അവിടെ കോളേജ് വിദ്യാഭ്യാസം. പാകിസ്ഥാനില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വിലക്കുള്ള കാലമായിരുന്നു അത്. അവിടെവച്ച് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ സജീവമായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കാളി. ഉപരിപഠനം അമേരിക്കയില്‍. അവിടെ സര്‍വകലാശാലാ അധ്യാപകനുമായി.

ആദ്യ രചന ഗാലിബിനെ കുറിച്ചുള്ളതടക്കമുള്ള വിമര്‍ശന സാഹിത്യം. വൈകാതെ അമേരിക്കന്‍ അക്കാദമിക് മേഖലയില്‍ ഒരു മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായി അദ്ദേഹം പേരെടുത്തു. സാംസ്‌കാരിക പഠനം എന്ന നിലയില്‍ അറിയപ്പെട്ട, മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിമര്‍ശന സാഹിത്യത്തിന്റെ പേരിലും ശ്രദ്ധേയനായി. ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ‘ഇന്‍ തിയറി: ക്ലാസസ്, നേഷന്‍സ്, ലിറ്ററേച്ചേഴ്സ്’ എന്ന പേരില്‍ അദ്ദേഹത്തിന്റേതായി ഒരു പുസ്തകമെഴുതി.

സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം പുറത്തിറങ്ങിയ മാര്‍ക്സിസ്റ്റ് ക്ലാസിക് എന്ന നിലയില്‍ അത് ചര്‍ച്ചചെയ്യപ്പെട്ടു. മാര്‍ക്സിസം പ്രസക്തമല്ലെന്നും നമുക്ക് പുതിയ നവ സിദ്ധാന്തങ്ങളാണ് ആവശ്യമെന്നും വാദിക്കുന്ന പോസ്റ്റ്മോഡേണിസം പോലുള്ള എല്ലാ പോസ്റ്റ് മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെയും എതിരിടുന്നതായിരുന്നു ‘ഇന്‍ തിയറി’. പോസ്റ്റ്മോഡേണിസം എണ്‍പതുകളുടെ പകുതിയിലും തൊണ്ണൂറുകളിലും പാശ്ചാത്യ ലോകത്തെ അക്കാദമിക് മേഖലയിലും ക്യാമ്പസുകളിലുമൊക്കെ ആധിപത്യമുള്ള ഒരു ആശയഗതിയായി മാറിയിരുന്നു. ഇത്തരത്തിലുള്ള പോസ്റ്റ്മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെ അവയുടെ ന്യൂനതകളും ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാട്ടി എതിരിട്ടുകൊണ്ട് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെ പ്രതിരോധിക്കുകയും സമകാലിക സാഹചര്യങ്ങളുമായി മാര്‍ക്സിസത്തെ ബന്ധിപ്പിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.

ഇന്ത്യയില്‍ കഴിയാനാണ് ഐജാസ് ഏറ്റവും താല്‍പ്പര്യപ്പെട്ടത്. ഇന്ത്യയില്‍ ജനിച്ചതിനാല്‍ ഇന്ത്യക്കാരനായി അദ്ദേഹം സ്വയം കരുതി. 1991 മുതല്‍ 2014 വരെ ഇരുപത്തഞ്ച് വര്‍ഷം ഇന്ത്യയില്‍ കഴിഞ്ഞു. ഇക്കാലയളവില്‍ വലിയ സംഭാവനകളേകി. സോവിയറ്റാനന്തര ലോകത്തില്‍ സാമ്രാജ്യത്വമില്ലെന്ന വാദമുയര്‍ന്ന കാലയളവായിരുന്നു. സാമ്രാജ്യത്വമില്ലാത്ത ഏകധ്രുവ ലോകം എന്നതായിരുന്നു സങ്കല്‍പ്പം. എന്നാല്‍, സാമ്രാജ്യത്വം എങ്ങനെ നിലനില്‍ക്കുന്നുവെന്നും ലോകത്തില്‍ എങ്ങനെ ആധിപത്യം തുടരുന്നുവെന്നും ഒട്ടനവധി ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും അദ്ദേഹം തുറന്നുകാട്ടി. ഇറാഖ്– അഫ്ഗാന്‍ അധിനിവേശങ്ങളും മറ്റ് സാമ്രാജ്യത്വ കടന്നാക്രമണങ്ങളും ഉദാഹരിച്ചായിരുന്നു ഈ രചനകളെല്ലാം. ആധുനിക സാമ്രാജ്യത്വത്തിന്റെ സ്വഭാവസവിശേഷതകളും ഐജാസ് ഉജ്വലമായി വിശദീകരിച്ചു.

ഇന്ത്യയിലെ രാഷ്ട്രീയ– സാമൂഹ്യ മാറ്റങ്ങളും അദ്ദേഹം പഠനവിധേയമാക്കി. ഹിന്ദുത്വ ആശയത്തിന്റെ സ്വഭാവസവിശേഷതകളെ ആദ്യമായി വിശകലന വിധേയമാക്കുകയും ഗര്‍ഭാവസ്ഥയിലുള്ള ഫാസിസമാണ് അതെന്ന വിലയിരുത്തലില്‍ എത്തുകയും ചെയ്തു. ഇന്ത്യയിലെ ഹിന്ദുത്വ പ്രവണതയെ ഇറ്റാലിയന്‍ ഫാസിസവുമായി അദ്ദേഹം താരതമ്യപ്പെടുത്തി. ജര്‍മനിപോലെ ഒരു ആധുനിക മുതലാളിത്ത രാജ്യമല്ലാതിരുന്നിട്ടുകൂടി ഇറ്റലിയില്‍ ഫാസിസം മുളപൊട്ടി. ഇറ്റലിയില്‍ ഫാസിസം വികസിക്കുന്നതിന് ഇടയായ സാമൂഹ്യവും സാംസ്‌കാരികവുമായ കാരണങ്ങളില്‍ പലതും ഇന്ത്യയില്‍ നിലനില്‍ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

1992ല്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ‘അയോധ്യയുടെ അവശിഷ്ടങ്ങള്‍ക്കുമേല്‍’ എന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതി. അത്ര വികസിതമല്ലാത്ത മുതലാളിത്ത രാജ്യത്തിലും ഫാസിസത്തിന് സാധ്യതകളുണ്ടെന്ന് അതില്‍ സ്ഥാപിക്കപ്പെട്ടു. ഫാസിസത്തെക്കുറിച്ചുള്ള ക്ലാസിക്കല്‍ ധാരണപ്രകാരം കുത്തക മുതലാളിത്തത്തിന്റേതായ ഘട്ടത്തിലോ പ്രതിസന്ധി നേരിടുമ്പോഴോ ആണ് ഫാസിസത്തിന്റെ പിറവിയുണ്ടാകുക. അത്തരം സാഹചര്യങ്ങളിലാണ് ഭരണവര്‍ഗം അതല്ലെങ്കില്‍ ബൂര്‍ഷ്വാസി ഫാസിസത്തിലേക്ക് തിരിയുക. എന്നാല്‍, ഇറ്റലിപോലുള്ള അത്ര വികാസം പ്രാപിക്കാത്ത മുതലാളിത്ത രാജ്യങ്ങളിലും ഫാസിസം പിറവിയെടുത്തിട്ടുണ്ടെന്നും ഇന്ത്യയിലും അതിന്റെ സൂചനകള്‍ പ്രകടമാണെന്നും ഐജാസ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ട് ദശകത്തില്‍ ആഗോളതലത്തില്‍ത്തന്നെ തീവ്രവലതു ശക്തികള്‍ കരുത്താര്‍ജിച്ച പ്രവണതയെ ആഗോള മുതലാളിത്തത്തിന്റെ ഘടനാപരമായ പ്രതിസന്ധിയുമായി കൂട്ടിയിണക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ വിഷയത്തിലും ഒട്ടനവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഫ്രണ്ട്ലൈന്‍ വാരികയില്‍ അദ്ദേഹം തുടര്‍ച്ചയായി ആഴത്തിലുള്ള നീണ്ട ലേഖനങ്ങള്‍ എഴുതിയിരുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തം, ഇടതുപക്ഷം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി സുപ്രധാന സമ്മേളനങ്ങളിലും സെമിനാറുകളിലും അദ്ദേഹം പങ്കെടുത്തു. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ ഐജാസ് ഉജ്വലനായ ഒരു മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ജനകീയ ധൈഷണികനുമായിരുന്നു എന്ന് നിസ്സംശയം പറയാനാകും.

കുട്ടിയായിരിക്കെ പാകിസ്ഥാന്‍ പൗരനായി കഴിയേണ്ടി വന്നതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരും ഇവിടത്തെ നിയമങ്ങളും ഒരിക്കലും അദ്ദേഹത്തിന് പൗരത്വം അനുവദിച്ചില്ല. വിസയുടെ സഹായത്താലാണ് ഇന്ത്യയില്‍ കഴിഞ്ഞുവന്നത്. രണ്ടു വര്‍ഷത്തെ വിസ, മൂന്ന് വര്‍ഷത്തെ വിസ എന്നിങ്ങനെ. എന്നാല്‍, അത് കൂടുതല്‍ കൂടുതല്‍ ബുദ്ധിമുട്ടായി വന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദീര്‍ഘകാല വിസയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ 2014ല്‍ യുഎസിലേക്ക് മടങ്ങിപ്പോവുകയും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വീണ്ടും അധ്യാപകനാകുകയും ചെയ്തു.

ജന്മനാട്ടില്‍നിന്ന് നാടുകടത്തപ്പെട്ടവനെന്നാണ് കഴിഞ്ഞ എട്ടുവര്‍ഷമായി അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. യുഎസില്‍ തുടരുമ്പോഴും അവസാനംവരെയും അദ്ദേഹം നിരന്തരമായി എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്തു. എണ്‍പത്തൊന്നാം വയസ്സിലാണ് അന്ത്യം. മാര്‍ക്സിസത്തോട് അജീവനാന്ത പ്രതിബന്ധത അദ്ദേഹം പുലര്‍ത്തി. എന്നാല്‍, അത് കേവലം അക്കാദമിക് മാര്‍ക്സിസ്റ്റ് എന്ന ചുരുങ്ങിയ നിലയില്‍ മാത്രമായിരുന്നില്ല. പാകിസ്ഥാനിലും യുഎസിലുമെല്ലാം ഇടതുപക്ഷ പുരോഗമന സ്വഭാവമുള്ള നിരവധിയായ മുന്നേറ്റങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കാളിയായി.
ഇന്ത്യയില്‍ സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പാര്‍ടി അംഗമല്ലെങ്കിലും സിപിഐ എമ്മുമായാണ് അദ്ദേഹം ഏറ്റവും ചേര്‍ന്നുനിന്നത്.

സിപിഐ എമ്മും ബഹുജന സംഘടനകളും സംഘടിപ്പിച്ച നിരവധിയായ പരിപാടികളിലും പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്കാളിയായി. മികച്ചൊരു മാര്‍ക്സിസ്റ്റിനെയും സമര്‍ഥനായ സൈദ്ധാന്തികനെയുമാണ് ഐജാസിന്റെ വേര്‍പാടിലൂടെ നഷ്ടമായത്.

സ. പ്രകാശ് കാരാട്ട്
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News