റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മുസ്ലിം പള്ളി തകർന്നതായി യുക്രൈന്‍

റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മുസ്ലിം പള്ളി തകർന്നതായി യുക്രൈന്‍. മരിയൊപോളിലെ സുല്‍ത്താന്‍ സുലൈമാന്‍ ദി മാഗ്‌നിഫിസെന്റിന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. പള്ളിയില്‍ എണ്‍പതോളം പേര്‍ അഭയംതേടിയിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.

തുര്‍ക്കി പൗരന്മാരടക്കം എണ്‍പതോളം മുതിര്‍ന്നവരും കുട്ടികളും ഷെല്ലാക്രമണത്തില്‍ നിന്ന് രക്ഷതേടി പള്ളിയിലുണ്ടായിരുന്നുവെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു. നേരത്തെ, റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പള്ളിയില്‍ അഭയം തേടിയവരില്‍ 34 കുട്ടികളടക്കം 86 തുര്‍ക്കി പൗരന്മാരുണ്ടെന്ന് മരിയൊപോള്‍ മേയറെ ഉദ്ധരിച്ച് തുര്‍ക്കിയിലെ യുക്രൈന്‍ എംബസി വക്താവ് പറഞ്ഞിരുന്നു.

മരിയൊപോള്‍ നഗരത്തില്‍ ആശയവിനിമയ സംവിധാനത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും അപകടത്തിനിരയായവരുടെ അടുത്തേക്ക് എത്തിച്ചേരാന്‍ വഴികളില്ലെന്നും എംബസി വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, പള്ളിയില്‍ അഭയം തേടിയവരില്‍ തുര്‍ക്കി പൗരന്മാരുമുണ്ടെന്ന വാര്‍ത്തകളോട് തുര്‍ക്കി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ 14,000 പൗരന്മാരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിച്ചതായി തുര്‍ക്കി വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ലക്ഷക്കണക്കിന് യുക്രൈന്‍ പൗരന്മാര്‍ മരിയുപോളില്‍ ഒരാഴ്ചയിലേറെയായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ അതിശൈത്യ കാലാവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ 1,500-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പറഞ്ഞു. റഷ്യ സാധരണ ജനങ്ങളേയും ജനവാസ കേന്ദ്രങ്ങളേയും തുടര്‍ച്ചയായി ലക്ഷ്യമിടുന്നതായും അവര്‍ ആരോപിച്ചു.

നേരത്തെ, കിഴക്കന്‍മേഖലയ്ക്കു പിന്നാലെ പടിഞ്ഞാറന്‍ യുക്രൈനിലും റഷ്യ വ്യോമാക്രമണമാരംഭിച്ചിരുന്നു. വെള്ളിയാഴ്ച ഇവാനോ-ഫ്രാങ്കിവ്സ്‌ക്, ലുത്സ്‌ക് നഗരങ്ങളിലെ വിമാനത്താവളങ്ങള്‍ക്കുസമീപമാണ് ആക്രമണമുണ്ടായത്. ഇവിടെ രണ്ട് യുക്രൈന്‍ പ്രതിരോധസേനാംഗങ്ങള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ വ്യാവസായിക നഗരമായ നീപ്രോയില്‍ വെള്ളിയാഴ്ച മൂന്നുതവണ റഷ്യന്‍ വ്യോമാക്രമണമുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News