അമ്മയെക്കുറിച്ചുള്ള ഓര്‍മകളില്‍ മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ്

അമ്മയെക്കുറിച്ചുള്ള മുന്‍കാല ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ്. ചെറുപ്പത്തില്‍ ശൂന്യതയില്‍ നിന്ന് പലതും ഉണ്ടാക്കാന്‍ സിദ്ധിയുള്ള ജാലവിദ്യക്കാരിയെപ്പോലെ അമ്മയെ തോന്നിയിരുന്നെന്ന് അദ്ദേഹം സ്മരിക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം അമ്മയെക്കുറിച്ച് വാചാലനായത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അമ്മ പോയിട്ട് നാളെ 10വര്‍ഷം ഞങ്ങള്‍ 9 മക്കളെ വളര്‍ത്തി വലുതാക്കാന്‍ സഹിച്ച കഷ്ടപ്പാടുകള്‍ അളന്നെടുക്കാനുള്ള അളവ് പാത്രങ്ങള്‍ എവിടെയുണ്ടാവും!?

ചെറുപ്പത്തില്‍ ശൂന്യതയില്‍ നിന്ന് പലതും ഉണ്ടാക്കാന്‍ സിദ്ധിയുള്ള ജാലവിദ്യക്കാരിയെപ്പോലെ തോന്നും ചിലപ്പോള്‍ അമ്മയെ. രാവിലെ ഓരോന്ന് ചെയ്യുമ്പോഴും എന്തൊക്കെയോ ആലോചിക്കുന്നുണ്ടാവും. പിന്നെ ഉമ്മറത്ത് നിന്നും ഇറങ്ങിപ്പോകും. തിരിച്ചു വരുമ്പോള്‍ ചെറിയൊരു ചേന, ഒരു കുമ്പളങ്ങ, കുറച്ചു വാഴക്ക, ഒരു ഇടിച്ചക്ക, അല്ലെങ്കില്‍ വാഴപ്പൂവ്, മുരിങ്ങയില എന്തെങ്കിലും കയ്യില്‍ ഉണ്ടാവും. അന്നത്തെ കാര്യങ്ങള്‍ ഒപ്പിക്കുകയാണ്. ഇതൊക്കെ വളപ്പില്‍ എവിടെ കിടന്നിരുന്നു ആര്‍ക്കും അറിയില്ല. വേനല്‍ കാലമായാല്‍ മുറ്റത്തെ മാവില്‍ ആരും കാണാതെ മറഞ്ഞു കിടക്കുന്ന മാങ്ങയും, പ്ലാവിന്റെ ഏറ്റവും തുന്നാര തുഞ്ചത്ത് മുളച്ച ചക്കയും അമ്മയുടെ കണ്ണില്‍ പെടും.

അമ്മ കറന്നാലേ പശു പാല്‍ ചുരത്തൂ..
എന്തിന്, ആടുകള്‍ കൂട്ടില്‍ കയറാന്‍ അമ്മ ശാസിക്കണം.

പിന്നീട് ഞങ്ങളൊക്കെ വലുതായി പലഭാഗങ്ങളിലായി. എത്ര വിദൂരത്താണെങ്കിലും ഇടക്ക് ഫോണില്‍ ഒരു ചോദ്യമുണ്ട് ‘ എത്ര ദിവസമായി ഇവിടെ വന്നിട്ട് എന്നോര്‍മണ്ടോ? ‘…പിന്നെ മറ്റൊന്നും ആലോചിക്കാറില്ല, അമ്മയുടെ അടുത്തെത്തും.
ഇപ്പോഴും അങ്ങനെ ഒരു ചോദ്യം കേള്‍ക്കുന്ന പോലെ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News