ADVERTISEMENT
തെരഞ്ഞെടുപ്പ് തോൽവിയിൽ എഐസിസി നേതൃത്വത്തിനെതിരെ കേരളത്തിലും അണിയറ നീക്കങ്ങൾ. ജി-23ക്ക് ഗ്രൂപ്പിന് അതീതമായി സംസ്ഥാന കോൺഗ്രസിലും പിന്തുണ.സുധാകരന്റെ മുന്നറിയിപ്പിനു ശേഷവും സമൂഹമാധ്യമങ്ങളിൽ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. പരസ്യ പ്രതികരണങ്ങളുമായി ഘടകകക്ഷികളും രംഗത്ത്.
അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് തോൽവിയിൽ രാഹുൽഗാന്ധിക്കും, സോണിയാ ഗാന്ധിക്കും, പ്രിയങ്കാ ഗാന്ധിക്കുമെതിരെ അതിരൂക്ഷ വിമർശനം സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല. ഗ്രൂപ്പിനതീതമായ പടയൊരുക്കം കേരളത്തിലെ പാർട്ടിക്കുള്ളിലും ശക്തമാണ്.
കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിന് ശേഷം കെപിസിസി നേതൃത്വത്തിലും പ്രതിപക്ഷ പദവിയിലും ഉണ്ടായ മാറ്റവും ഇതിൽ കെസി വേണുഗോപാൽ നടത്തിയ നീക്കങ്ങളിലും ഉമ്മൻചാണ്ടിയും ചെന്നിത്തലയും നേരത്തെ തന്നെ അതൃപ്തരാണ്.
എഐസിസിയുടെ അനാവശ്യ ഇടപെടലിനെതിരെ നേതാക്കൾ പലതവണ പ്രതിഷേധവും അറിയിച്ചതുമാണ്. നെഹ്‌റു കുടുംബത്തിനെ തള്ളിപ്പറയുന്നില്ലെങ്കിലും കോൺഗ്രസിന് പുതിയ നേതൃത്വം വരണമെന്ന് മുൻ കെപിസിസി അധ്യക്ഷൻമാർ അടക്കമുള്ള മുഴുവൻ നേതാക്കളുടെയും പൊതുവികാരമാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയോടെ ഈ അഭിപ്രായം വീണ്ടും ശക്തമായി. കെസി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന രൂക്ഷവിമർശനം ഇതിന്റെ ഭാഗമാണ്. പാർട്ടിക്കുള്ളിലെ ഈ വികാരം യുഡിഎഫ് ഘടകകക്ഷികളിലേക്കും വ്യാപിച്ചു.
കെ.സി. വേണുഗോപാലിനെയും നിലവിലെ എഐസിസി നേതൃത്വത്തെയും സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് കെ.സുധാകരനും ടി.സിദ്ദിക്കും രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തിൽ ചെന്നിത്തല ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയതും ശ്രദ്ദേയമാണ്. ഗ്രൂപ്പിന് അതീതമായി യുവനേതാക്കളും ശശി തരൂർ അടക്കമുള്ള നേതാക്കൾ പ്രതിനിധീകരിക്കുന്ന ജി-23 യുടെ നീക്കങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.