ആനയോളം വലുപ്പമുള്ള നുണയല്ലാട്ടോ…ഒരു മുളംകമ്പ് കൊണ്ടും ആനയെ ഓടിക്കാം

ഒരു മുളംകമ്പ് കൊണ്ട് ആനയെ ഓടിക്കുമെന്ന് പറഞ്ഞാൽ ആനയോളം വലുപ്പമുള്ള നുണയാണെന്ന് കേൾക്കുന്നവർക്ക് തോന്നിയേക്കാം. എന്നാൽ പുകപടലങ്ങളോടെ തീ തുപ്പി ഉഗ്രശബ്ദത്തിൽ സ്‌ഫോടനം തീർക്കുന്ന ഇല്ലി പടക്കം, അല്ലെങ്കിൽ മുളവെടി എന്ന ഇടുക്കി കാഞ്ചിയാർ സ്വദേശി കുഞ്ഞുമോന്റെ ആയുധം അത്ര നിസാരമല്ല. കൃഷിയിടങ്ങളിൽ നിന്ന് വന്യമൃഗങ്ങളെ തുരത്താൻ ഏറ്റവും ഫല പ്രദമായ മാർഗ്ഗമാണ് ഈ മുള വെടി.

ഇടുക്കി കാഞ്ചിയാർ മറ്റപ്പള്ളിക്കവലയിലാണ് തകിടിയേൽ കുഞ്ഞുമോന്റെ താമസം. വയസ് 74. ആറു പതിറ്റാണ്ടു മുമ്പ് കുഞ്ഞുമോന്റെ പിതാവ് അടക്കമുള്ള പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഈ ഉപകരണം.അക്കാലത്ത് ഈ പ്രദേശത്തടക്കം ആനശല്യം പ്രധാന വെല്ലുവിളിയായിരുന്നു.

അപകടരഹിതവും ആയാസരഹിതവുമാണെന്നതാണ് മുള വെടിയുടെ സവിശേഷത. ചിലവും വളരെ കുറവ്. അരലിറ്റർ മണ്ണെണ്ണയും അൽപം കോട്ടൺ തുണിയും കത്തിച്ചുവെച്ച വിളക്കും ഉണ്ടെങ്കിൽ ഈ ഉപകരണത്തിൽ മണിക്കൂറുകളോളം ഉഗ്രശബ്ദത്തിൽ വെടിയൊച്ച പുറപ്പെടുവിച്ച് കൊണ്ടെയിരിക്കാം.

കാട്ടാന ശല്യത്തിന് പരിഹാരം തേടിയുള്ള അന്വേഷണമാണ് മുളവെടി അല്ലെങ്കിൽ ഇല്ലിപ്പടക്കം എന്ന ഈ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേയ്ക്ക് എത്തിച്ചത്. വലിയ ശബ്ദം കേൾപ്പിച്ച് വിരട്ടിയോടിക്കുന്നതിനപ്പുറം ആനകൾക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കില്ലന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.

പണ്ടു കാലങ്ങളിൽ പലരും ഇത്തരം ഉപകരണം ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത് ഒരു ഓർമയ്ക്കായെങ്കിലും ഉപയോഗിക്കുന്നത് കുഞ്ഞുമോൻ മാത്രമാണ്. തനിക്ക് പകർന്ന് കിട്ടിയ കഴിവ് പുതുതലമുറയ്ക്ക് പഠിപ്പിച്ച്‌ കൊടുക്കാനും കുഞ്ഞുമോൻ തയാറാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here