തരിശു ഭൂമിയിൽ പൊന്നു വിളയിച്ച് എറണാകുളം എടയാറ്റുചാലിലെ ഒരു കൂട്ടം കർഷകർ. വർഷങ്ങളായി തരിശായ് കിടന്ന എടയാറ്റുചാലിലെ 255 ഏക്കറിലാണ് ഇത്തവണ മികച്ച വിളവു നേടി കർഷകർ മാതൃകയായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
പച്ചവിരിച്ച പാടത്ത് ചെണ്ട മേളത്തിൻറെ അകമ്പടിയിൽ തെയ്യക്കോലവും ചാക്യാർക്കൂത്തും, കൊയ്ത്തു പാട്ടുമെല്ലാമെത്തിയപ്പോൾ പോയ കാലത്തെ പ്രൗഢ ഗംഭീരമായ ഒരു കൊയ്ത്തുത്സവത്തിനാണ് കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറ്റുചാൽ പാടശേഖരം വേദിയായത്.
മുപ്പത് വർഷത്തിലേറെയായി തരിശായ് കിടന്ന എടയാറ്റുചാലിലെ 255 ഏക്കറിൽ മൂന്നു മാസം മുന്പായിരുന്നു പാടശേഖര സമിതി കൃഷി ഇറക്കിയത്. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയ പദ്ധതി മികച്ച വിജയമാണ് കർഷകർക്ക് സമ്മാനിച്ചത്.
വെറും എട്ട് ഹെക്ടറിൽ മാത്രം കൃഷിയുണ്ടായിരുന്ന കടുങ്ങല്ലൂർ പഞ്ചായത്തിന് ഇന്ന് 140 ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൃഷിക്കും വ്യവസായത്തിനും മുൻഗണന നൽകിയുള്ള പരിസ്ഥിതി സംരക്ഷണമാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുപ്രിയ എന്ന നെൽ വിത്താണ് എടയാറ്റുചാലിൽ കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക കൊയ്ത്തു മെതിയന്ത്രം ഉപയോഗിച്ചായിരുന്നു വിളവെടുപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.