രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് അശോക് ഗെഹ്‌ലോട്ട്

മുൻ പ്രസിഡൻറും എംപിയുമായ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി കുടുംബത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പഞ്ചാബിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആഭ്യന്തര കലഹമാണെന്നും അദ്ദേഹം പറഞ്ഞു. മതം പറഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ചോദിച്ചതെന്നും ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി. അതേസമയം, സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് തടിച്ചു കൂടുകയാണ്. ഇതോടെ എഐസിസി ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.

മുകുൾ വാസ്‌നികിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടെന്ന് വാർത്തയുണ്ട്. പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നിർദേശവുമായി നേതാക്കൾ രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് മുകുൾ വാസ്‌നിക്. കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എൻ.എസ്.യുവിൻറെയും യൂത്ത് കോൺഗ്രസിന്റെയും ദേശീയ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തിരുത്തൽവാദികളുടെ സമ്മർദത്തിന്റെ ഫലമായിട്ടാണ് ഇന്ന് പ്രവർത്തക സമിതി യോഗം ചേരുന്നത്. ജി 23 നേതാക്കളുടെ പ്രതിഷേധം കനത്തതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി റൺദീപ് സുർജേവാലയും പിന്നാലെയെത്തി. ഇത് രണ്ടാം തവണയാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചത്. കോൺഗ്രസിൽ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും മറ്റു നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ജി 23 നേതാക്കൾ ഉന്നം വയ്ക്കുന്നുണ്ട്. ജി 23 നേതാക്കളിൽ നിന്ന് വർക്കിങ് പ്രസിഡൻറിനെ കണ്ടെത്തി പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News