പോക്സോ കേസില്‍ ഫോർട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. റോയിയുമായി പോലീസ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു.
അതേ സമയം ഒളിവില്‍ തുടരുന്ന സൈജു തങ്കച്ചനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി. പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയതോടെ റോയ് വയലാട്ട് മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം റോയിയുടെ അറസ്റ്റ് രേഖപ്പെടുത്തി.പിന്നീട്, പീഡനം നടന്ന നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂട്ടുപ്രതിയായ സൈജു തങ്കച്ചനെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഡി സി പി- വി യു കുര്യാക്കോസ് പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ അഞ്ജലി റീമ ദേവിനെയും ഉടന്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഫോര്‍ട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പതിനേഴുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റോയി വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി റീമദേവ് എന്നിവർക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസ് എടുത്തത് .
മൂവരും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും റോയിയുടെയും സൈജുവിൻ്റെയും ജാമ്യഹർജികൾ ഹൈക്കോടതി തള്ളി.പിന്നീട് സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെ രണ്ട് പേരും ഒളിവിൽ പോവുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക അന്വേഷണ സംഘം റോയ് വയലാട്ടിനായി തിരച്ചില്‍ നടത്തിയിരുന്നു.
വീടും ഹോട്ടലും ബന്ധുവീടുകളും കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. അന്വേഷണം വ്യാപിപ്പിച്ചതോടെ ഒളിവിൽ തുടരാനാവാതെ റോയ് കീഴടങ്ങുകയായിരുന്നു. 2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
കോഴിക്കോട് സ്വദേശിനിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളുമായിരുന്നു പരാതിക്കാർ. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ പരിശോധിച്ചായിരുന്നു റോയി വയലാട്ടിനും , സൈജു തങ്കച്ചന്നും ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കേസ്സിലും ഇരുവരും പ്രതികളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.