കിലിയൻ എംബാപ്പെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക്

പിഎസ്ജി സൂപ്പർ താരം കിലിയൻ എംബാപ്പെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക്. ഈ ആഴ്ചയോടു കൂടി എംബാപ്പെ ക്ലബ്ബുമായി കരാർ ഒപ്പിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

കിലിയൻ എംബാപ്പെയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുന്നതിനിടെ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റയൽ മാഡ്രിഡ് ക്ലബ്ബ് അധികൃതരും എംബാപ്പയുടെ ഏജന്റും തമ്മിൽ നടന്ന ചർച്ചകളിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് മാർക്കയുടെ റിപ്പോർട്ടിലുള്ളത്.

ഈ മാസം 18 ഓടെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാകുമെന്നും സ്പാനിഷ് മാധ്യമമായ മാർക്ക വെളിപ്പെടുത്തുന്നു. ട്രാൻസ്ഫർ സ്ഥിരീകരിച്ചാലും റയൽ ഉടൻ പ്രഖ്യാപിക്കില്ലെന്നും നടപ്പ് സീസണ് ശേഷം മാത്രമേ അതുണ്ടാവുകയുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ജൂൺ വരെയാണ് പിഎസ്ജിയുമായുള്ള എംബാപ്പെയുടെ കരാർ. കഴിഞ്ഞ സമ്മറിൽ 200 മില്യൺ യൂറോ വരെ എംബാപ്പെയ്ക്ക് റയൽ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പി എസ്ജി താരത്തെ വിട്ടു കൊടുക്കാൻ സമ്മതം മൂളിയിരുന്നില്ല.

റയൽ പ്രസിഡൻറ് ഫ്ളോറന്റീനോ പെരസ് ഏറെ നാളുകളായി എംബാപ്പെയെ സ്വന്തമാക്കാൻ നടക്കുന്ന നീക്കങ്ങളാണ് ഇതോടെ വിജയത്തിലെത്തുന്നത്. റയലിനായി കളിക്കുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് തുറന്നു പറഞ്ഞിട്ടുള്ള എംബാപ്പെയ്ക്ക് റയലുമായുള്ള കരാർ സ്വപ്ന സാഫല്യം കൂടിയാകും. ഫ്രീ ഏജൻറായി സൈൻ ചെയ്യുന്ന ബോണസായി 60 മുതൽ 80 മില്യൺ വരെ എംബാപ്പെയ്ക്ക് ലഭിക്കും. ഇതിന് പുറമെ ടാക്സ് കഴിഞ്ഞ് 25 മില്യൺ യൂറോ പ്രതിവർഷം താരത്തിന് പ്രതിഫലമായും ക്ലബ്ബ് നൽകും.

ഫ്രാൻസിനെ ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഈ 22 കാരനെ നേരത്തെ മൊണാക്കോയിൽ നിന്നും പി എസ് ജി റാഞ്ചുകയായിരുന്നു. 2017 ൽ ലോണിലെത്തിയ എംബാപ്പെയുടെ കരാർ ക്ലബ്ബ് പിന്നീട് 2022 വരെ ദീർഘിപ്പിച്ചു. മാർക്കയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ അടുത്ത സീസണിൽ എംബാപ്പെ റയൽ മാഡ്രിഡ്ജഴ്സിയിൽ പന്ത് തട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സാൻറിയാഗോ ബെർണാബ്യൂ സ്റ്റേഡിയത്തിലെ മാഡ്രിഡ് ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here