കാള്‍ മാര്‍ക്സ് വിട പറഞ്ഞിട്ട് ഇന്ന് 139 വര്‍ഷം

മാനവരാശി ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച് എറ്റവും മികച്ച മനുഷ്യ മോചന പോരാട്ടത്തിന്റെ സൈദ്ധ്യാന്തികന്‍ കാള്‍ മാര്‍ക്സ് വിട പറഞ്ഞിട്ട് ഇന്ന് 139 വര്‍ഷം. കാലം മുന്നോട്ട് പായുമ്പോവും  മനുഷ്യരാശിക്ക് നവീന സുന്ദര ജീവിതം ആഹ്വാനം ചെയ്ത മാർക്‌സിന്റെ പ്രത്യയശാസ്ത്രത്തിന് ഇന്നും തിളക്കമേറുകയാണ്. 1848 ല്‍ പുറത്തിറങ്ങിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും  1867 ല്‍ പുറത്തിറങ്ങിയ മൂലധനവും  അസമത്വം നിറഞ്ഞ ലോകത്തിന് പുതിയൊരു വര്‍ഗത്തെ പരിചയപ്പെടുത്തുകയും  തൊഴിലാളികളാകുന്ന ആ വര്‍ഗ്ഗമാണ് ലോകത്തിന്റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

മുതലാളിത്ത ചൂഷണങ്ങളുടെ നെടും കോട്ടകളെ തകര്‍ത്തെറിഞ്ഞ തൊഴിലാളി വര്‍ഗ  പോരാട്ടങ്ങള്‍ക്ക് മാര്‍ക്സിയന്‍ ദര്‍ശനം കരുത്ത് പകര്‍ന്നു.  പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നുമുള്ള മോചനം, മെച്ചപ്പെട്ട കൂലിയും, സ്വന്തമായി ഭൂമിയും സാമൂഹ്യ സുരക്ഷയും എന്നിങ്ങനെ തൊഴിലാളി വര്‍ഗത്തിനുമേല്‍ അവകാശ ബോധവും കരുത്തും വളര്‍ത്തിയെടുക്കാന്‍ ആ ദര്‍ശനത്തിനായി.

റഷ്യയിലും ചൈനയിലും കിഴക്കന്‍ യൂറോപ്പിലും ലാറ്റിനമേരിക്കയിലും നമ്മുടെ കൊച്ചു കേരളത്തിലും ആ ദര്‍ശനത്തിന്‍റെ അലയൊലികള്‍ വിപ്ലവം സൃഷ്ടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ സോഷ്യലിസ്റ്റ് ഭരണ കൂടങ്ങൾ തകർന്നു വീണപ്പോൾ മുതലാളിത്വ ബുദ്ധിജീവികൾ അതിനെ ആഘോഷിച്ചത് കമ്മ്യൂണിസം മരിച്ചുവെന്ന് വിളിച്ചുപറഞ്ഞാണ്.

എന്നാല്‍ ഇന്ന് ലോക മുതലാളിത്തം കുഴപ്പങ്ങളില്‍ നിന്നും അഗാധ ഗർത്തത്തിലേക്ക് കൂപ്പു കുത്തുമ്പോൾ മറുമരുന്ന് എന്തെന്ന ലോകത്തിന്‍റെ തെരച്ചില്‍ ചെന്നവസാനിക്കുന്നത് മാർക്‌സിസത്തിലാണ്.

ലോകമാകെ വ്യാപിച്ച ഒരു മഹാമാരിക്കുമുന്നില്‍ മുതലാളിത്തം  പതറിനില്‍ക്കുമ്പോള്‍ മാര്‍ക്സിയന്‍ ആശയങ്ങള്‍ പിന്‍പറ്റുന്ന ശരിയുടെ ഇടങ്ങള്‍ അതിജീവനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും കരുതലിന്റെയും മാതൃകകള്‍ ലോകത്തിന് മുന്നില്‍ വയ്ക്കുന്നു.

മാർക്‌സിന്റെ ശവകുടീരം സന്ദർശിച്ച കവി ഒഎൻവി എഴുതിയത് ‘ശവകുടീരത്തിൽ നീ ഉറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു’ എന്നാണ്. അതങ്ങനെതന്നെയാണ്…  മുതലാളിത്തിന്‍റെ ചങ്ങലകളെ മഞ്ഞിന്‍ തുള്ളികളെന്ന പോലെ തുടച്ചുകളയുവാന്‍ ലോക തൊ‍ഴിലാളി വര്‍ഗ്ഗത്തിന് കരുത്തേകുന്ന ആ ദര്‍ശനം എന്നും എക്കാലവും തെളിമയോടെ നിലനില്‍ക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News