ISL ൽ ഫൈനൽ തേടി കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും

ISL ൽ ഫൈനൽ തേടി കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും. ജംഷെദ്പുരിനെതിരെയുള്ള ആദ്യ സെമിയുടെ രണ്ടാം പാദം നാളെ രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിൽ നടക്കും. ആദ്യപാദത്തിൽ ഒരു ഗോളിന് വിജയിച്ച ബ്ലാസ്റ്റേഴ്സിന് നാളത്തെ മത്സരം സമനിലയായാൽ പോലും ഫൈനലിലെത്താം.

ഫറ്റോർദയിലെ ആദ്യപാദത്തിൽ ജംഷെദ്പുരിന്റെ ഉരുക്കുകോട്ട തകർത്തായിരുന്നു കേരളത്തിന്റെ കൊമ്പന്മാരുടെ അവിസ്മരണീയ വിജയം.

സഹൽ അബ്ദു സമദിന്റെ മിന്നും ഗോളിൽ ആദ്യപാദം സ്വന്തമാക്കിയ അഡ്രിയാൻ ല്യൂണയുടെ സംഘത്തിന് ഇന്ന് അങ്കം വാസ്കോ തിലക് മൈതാനിലാണ്.സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴിൽ മഞ്ഞപ്പട ഏറെ മാറിക്കഴിഞ്ഞു.

വാസ്ക്വേസും സഹലും ല്യൂണയും ജോർഗെ പെരീരഡിയാസും ആക്രമണത്തിൽ മിന്നിത്തിളങ്ങുമ്പോൾ ഹോർമിപാമും ലെസ്കോവിച്ചും ഖാബ്രയും ചേർന്നുള്ള പ്രതിരോധം എതിർ ടീമുകളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്നു.ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലുമെല്ലാം കൊമ്പന്മാർ കെട്ടഴിക്കുന്നത് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ്. നേരത്തെ രണ്ട് തവണ സെമിയിൽ കടന്നപ്പോഴും മഞ്ഞപ്പട തോൽവി അറിഞ്ഞിട്ടില്ല. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമുള്ള ഫൈനലാണ് വുകുമനോവിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

അതേസമയം, ആദ്യ പാദത്തിലെ തോൽവിക്ക് രണ്ടാം പാദത്തിൽ പലിശ സഹിതം കണക്ക് തീർക്കാൻ ഉറച്ചാണ് ജംഷെദ്പുരിന്റെ പടയൊരുക്കം. ആധികാരിക പ്രകടനങ്ങളിലൂടെ ലീഗിലെ വിന്നേഴ്സ് ഫീൽഡ് സ്വന്തമാക്കിയ ജെഎഫ്സിക്ക് ഫൈനലിലെത്താതെയുള്ള പുറത്താകൽ , ചിന്തിക്കാൻ പോലുമാകില്ല. പരിശീലകൻ ഓവൻ കോയിലിനും രണ്ടാം പാദത്തിലെ വിജയം അഭിമാന പ്രശ്നമാണ്.ഋത്വിക്ക് ദാസാണ് ജെ എഫ് സി യുടെ പ്ലേമേക്കർ. മലയാളി താരം ടി.പി രെഹ്നേഷിന്റെ കയ്യിൽ ഗോൾ വലയും ഭദ്രമാണ്.ഡാനിയേൽ ചുക്കുവും ഡാനിയേൽ ചീമയും ഗ്രെഗ് സ്‌റ്റ്യുവർട്ടും ഉൾപ്പെടുന്ന ആക്രമണ നിര മിന്നിത്തെളിഞ്ഞാൽ ജംഷദ്പുരിന് കളിയിൽ മേൽക്കൈ നേടാം. ഏതായാലും ചരിത്രത്തിലെ ആദ്യ ഫൈനൽ നോട്ടമിട്ട് ജംഷെദ്പൂരും, സെമി ഫൈനലുകളിലെ വിജയചരിത്രം ആവർത്തിക്കാനുറച്ച് കേരളത്തിന്റെ കൊമ്പന്മാരും , നേർക്ക് നേർ വരുമ്പോൾ വാസ്കോ തിലക് മൈതാൻ വേദിയാകുക വീറുറ്റ കളി മുഹൂർത്തങ്ങൾക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here