യുക്രൈൻ; മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു, മുഖ്യമന്ത്രി

യുദ്ധത്തെത്തുടര്‍ന്ന് യുക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

യുക്രൈനിലെ വിവിധ പ്രവിശ്യകളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ചയും നടത്തി. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഡെല്‍ഹിയിലും മുംബൈയിലും നോര്‍ക്ക ഡെവലപ്മെന്‍റ് ഓഫീസുകളുടെ നേതൃത്വത്തില്‍ 24 മണിക്കൂറും സംവിധാനം ഏര്‍പ്പെടുത്തി. മുംബൈയിലും ഡെല്‍ഹിയിലും കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കി. തുടര്‍ന്ന് അവിടെനിന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങളിലും അല്ലാതെയും വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിച്ചു.

വിമാനത്താവളങ്ങളില്‍ നിന്നും അവരെ നാട്ടിലെത്തിക്കുന്നതിന് സൗജന്യമായി വാഹന സൗകര്യവും ഏര്‍പ്പെടുത്തി. ഇതുവരെ 3379 വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. റസിഡന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഡൽഹി കേരള ഹൗസിൽ സ്തുത്യർഹമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. ഈ ഘട്ടത്തിൽ അവരെ ഹാർദമായി അഭിനന്ദിക്കുന്നു.യുക്രൈനില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വനിതകളടക്കമുള്ള പ്രത്യേക ഉദ്യോഗസ്ഥസംഘം നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനനിരതമാണ്.

വിവിധ കോഴ്സുകളില്‍ വ്യത്യസ്ത സെമസ്റ്ററുകളിലായി പഠനം നടത്തി വരവെ യുദ്ധത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റുകളും മറ്റു വിലപ്പെട്ട രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനും കഴിയുന്ന സാഹചര്യം ഒരുക്കേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രത്യേക സെല്‍ പ്രവര്‍ത്തിക്കും. ഇതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

യുക്രൈനില്‍ നിന്നും മടങ്ങിവന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍ തീരുമാനം കൈക്കൊള്ളാനാവൂ. കൊവിഡ് മഹാമാരി, യുദ്ധം തുടങ്ങിയ അസാധാരണവും നിര്‍ബന്ധിതവുമായ സാഹചര്യങ്ങളില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യാതെയോ പൂര്‍ത്തിയാക്കാതെയോ തിരിച്ചെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്.

അംഗീകൃത മെഡിക്കല്‍ കോളേജുകളിലോ അതോടൊപ്പമുള്ള ആശുപത്രികളിലോ ഒരു വര്‍ഷത്തെ ഇന്‍റേണ്‍ഷിപ്പോ അല്ലെങ്കില്‍ അവശേഷിക്കുന്ന കാലയളവോ സൗജന്യമായി പൂര്‍ത്തിയാക്കുന്നതിന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ പ്രൊവിഷണല്‍ രജിസ്ട്രേഷന്‍ അനുവദിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്റ്റൈപ്പന്‍റും മറ്റു സൗകര്യങ്ങളും വിദേശത്തുനിന്നും വരുന്നവര്‍ക്ക് അനുവദിക്കണമെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്. മറ്റു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ തീരുമാനം ആവശ്യമാണ്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള വായ്പ അനുവദിക്കുമ്പോള്‍ ഹൗസ് സര്‍ജന്‍സി ഉള്‍പ്പെടെയുള്ള പഠനകാലയളവിന് പുറമെ ഒരു വര്‍ഷം കൂടി തിരിച്ചടവ് സാവകാശം നല്‍കിയാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. ഈ കാലാവധി കഴിയുന്ന മുറയ്ക്കോ തൊഴില്‍ സമ്പാദിക്കുന്ന സാഹചര്യത്തിലോ വായ്പയുടെ തിരിച്ചടവ് ആരംഭിക്കുന്ന രീതിയാണ് നിലവിലുള്ളത്.

യുദ്ധം കാരണം മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ കോഴ്സുകളിലെ പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും, കേന്ദ്രസര്‍ക്കാരിന്‍റെയും ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെയും ശ്രദ്ധയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here