മൂന്ന് ബസുകള്‍ കൂടുന്ന നീളം, അകത്ത് നീന്തല്‍ക്കുളം, മുകളില്‍ ഒരു ഹെലിപ്പാഡ്, ലോകത്തിലെ ഏറ്റവും വലിയ കാര്‍

ലോകത്തിലെ ഏറ്റവും വലിയ കാര്‍ എന്ന റെക്കോഡ് സൃഷ്ടിച്ച വാഹനം വീണ്ടും സ്വന്തം റെക്കോഡ് തിരുത്തി നിരത്തുകളില്‍ മടങ്ങി എത്തിയിരിക്കുകയാണ്. ദി അമേരിക്കന്‍ ഡ്രീം എന്ന പേരില്‍ എത്തിയിട്ടുള്ള ഈ ലിമോസിന്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ വീണ്ടും ഇടംനേടുകയാണ്. ഏകദേശം മൂന്ന് ബസുകള്‍ കൂടുന്ന നീളമുള്ള കാര്‍, ഉള്ളില്‍ നീന്തല്‍ക്കുളം, ഗോള്‍ഫ് കോഴ്‌സ് തുടങ്ങിയ സൗകര്യങ്ങള്‍, വാഹനത്തിന് മുകളില്‍ ഒരു ഹെലിപ്പാഡ് തുടങ്ങിവയാണ് ഈ വണ്ടിയുടെ പ്രത്യേകത

നമ്മുടെ നിരത്തുകളില്‍ കാണുന്ന കാര്‍ ഏകദേശം 12 മുതല്‍ 16 അടി വരെ നീളമുള്ളപ്പോള്‍ 30.54 മീറ്റര്‍ (100 അടി 1.50 ഇഞ്ച്) മീറ്ററാണ് ഈ സൂപ്പര്‍ ലിമോസിന്റെ നീളം. ലോകത്തിലെ ഏറ്റവും വലിയ കാര്‍ എന്ന റെക്കോഡ് സ്വന്തമാക്കിയ ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും തരംഗമാകുകയാണ്. കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ കാര്‍ കസ്റ്റമൈസര്‍ ജെയ് ഓര്‍ബെര്‍ഗ് 1986-ലാണ് ഈ ഭീമന്‍ കാര്‍ നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യം 60 അടിയായിരുന്നു അമേരിക്കന്‍ ഡ്രീമിന്റെ നീളം. 26 ടയറുകള്‍ ഉണ്ടായിരുന്ന ഈ സൂപ്പര്‍ ലിമോയുടെ മുന്നിലും പിന്നിലും വി8 എന്‍ജിനുകള്‍ നല്‍കിയാണ് ചലിപ്പിച്ചിരുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം കുറച്ച് മാറ്റങ്ങള്‍ വരുത്തി ഈ വാഹനത്തിന്റെ നീളം 30.5 മീറ്ററായി ഉയര്‍ത്തുകയായിരുന്നു. ആറ് ഹോണ്ട സിറ്റികള്‍ ഈ വാഹനത്തിന് അരികിള്‍ നിര്‍ത്തിയിട്ടാലും അല്‍പ്പം സ്ഥലം ബാക്കിയാകുമെന്നാണ് കണക്കാക്കുന്നത്. 15 അടിയാണ് സെഡാന്‍ വാഹനമായ സിറ്റിയുടെ നീളം.

1976-ലെ കാഡിലാക് എല്‍ഡെറാഡോ ലിമോസിനുകളെ അടിസ്ഥാനമാക്കിയാണ് ദി അമേരിക്കിന്‍ ഡ്രീം എന്ന ഭീമന്‍ കാര്‍ ഒരുങ്ങിയിട്ടുള്ളത്. മുന്നിലും പിന്നിലും എന്‍ജിന്‍ നല്‍കിയിട്ടുള്ളതിനാല്‍ തന്നെ രണ്ട് അറ്റത്തുനിന്നും ഓടിക്കാന്‍ സാധിക്കുമെന്നതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. ഇത് ഗിന്നസ് വേള്‍ഡ് റെക്കോഡിനുള്ള കാരണമായി പരിഗണിച്ചിട്ടുണ്ടെന്നാണ് സൂചന. രണ്ട് ഭാഗങ്ങളായി നിര്‍മിച്ചിട്ടുള്ള ഈ വാഹനം ഒരു ഹിഞ്ച് ഉപയോഗിച്ച് മധ്യഭാഗത്ത് യോജിപ്പിച്ചിട്ടുണ്ട്.

ഒരു ആഢംബര വീട്ടില്‍ പോലും നല്‍കാന്‍ സാധിക്കാത്ത സൗകര്യങ്ങളാണ് അമേരിക്കന്‍ ഡ്രീമിന്റെ മറ്റൊരു പ്രത്യേകത. ഒരു നീന്തല്‍ കുളം, മിനി ഗോള്‍ഫ് കോഴ്സ്, വലിയ വാട്ടര്‍ബെഡ്, ഡൈവിങ്ങ് ബോര്‍ഡ്, ബാത്ത് ടബ് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ അകത്തളത്തില്‍ നല്‍കിയിട്ടുള്ള സൗകര്യങ്ങളില്‍ ചിലത്. വാഹനത്തിന്റെ പുറത്ത് നല്‍കിയിട്ടുള്ള ഹെലിപ്പാഡാണ് മറ്റൊരു സവിശേഷത. സ്റ്റീല്‍ ബ്രാക്കറ്റുകള്‍ ഉപയോഗിച്ചാണ് ഹെലിപ്പാഡ് കാറിന് മുകളില്‍ നല്‍കിയിട്ടുള്ളത്.

5000 പൗണ്ട് വരെ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. 75-ല്‍ അധികം ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. റഫ്രിജറേറ്ററുകള്‍, ടെലിഫോണ്‍, ടെലിവിഷനുകള്‍ തുടങ്ങിയവ ഈ വാഹനത്തിലെ അടിസ്ഥാന ഫീച്ചറുകളായി വിശേഷിപ്പിക്കാം. അമേരിക്കന്‍ ഡ്രീമില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ക്ക് മാത്രമായി 2,50,000 ഡോളര്‍ ചെലവായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം സമയമെടുത്താണ് ഈ വാഹനം ഇപ്പോള്‍ പുതുക്കി പണിതിട്ടുള്ളത്.

ഈ വാഹനം പുറത്തിറങ്ങിയ ആദ്യ കലഘട്ടങ്ങളില്‍ നിരവധി സിനിമകളുടെ ഭാഗമായിരുന്നു ഈ വാഹനം. പതിവായി പല ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവും പാര്‍ക്കിങ്ങിനുള്ള ബുദ്ധിമുട്ടുകളും ഉയര്‍ന്നതോടെ ആളുകള്‍ ഈ വാഹനത്തോട് അകലുകയായിരുന്നു. ഇപ്പോള്‍ പുതുക്കി പണിതെങ്കിലും ഈ വാഹനം നിരത്തുകളില്‍ എത്തില്ല, ഡെന്‍സര്‍ലാന്റ് പാര്‍ക്ക് കാര്‍ മ്യൂസിയത്തിലെ അപൂര്‍വം കാറുകളുടെ ശേഖരത്തിലാണ് ഇപ്പോള്‍ അമേരിക്കന്‍ ഡ്രീം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel