യാത്രക്കിടെയിലുള്ള ഛര്‍ദ്ദി വില്ലനാകാറുണ്ടോ? ഈ ടിപ്സൊക്കെയൊന്നു പരീക്ഷിച്ചു നോക്കൂ…

യാത്ര ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമാണ് പക്ഷെ യാത്രയ്ക്കിടെ വില്ലനായി എത്തുന്ന ഛര്‍ദ്ദി തന്നെയാണ് പലരുടെയും പ്രശ്‌നം. ഇത് ഒഴിവാക്കാന്‍ ഈ ടിപ്സ് ഒക്കെയൊന്നു പരീക്ഷിച്ചു നോക്കൂ

മൊബൈലും ബുക്കും ഒഴിവാക്കുക

യാത്രകളില്‍ ബുക്കു വായിക്കുന്ന ശീലമൊക്കെ മാറി ഇപ്പോള്‍ മൊബൈല്‍ നോക്കി ഇരിക്കുന്ന ശീലമാണ് ഏവര്‍ക്കുമുള്ളത്. ഇത് രണ്ടും യാത്രകളില്‍ ചെയ്യാതിരിക്കുക. യാത്രകളില്‍ ഛര്‍ദ്ദിക്കുന്ന പ്രശ്‌നമുള്ളവര്‍ ഇങ്ങനെ ഒരു കാര്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കരുത്. പുറം കാഴ്ച്ചകള്‍ കണ്ട് ഇരുന്നാലും മതിയാകും. അതല്ലെങ്കില്‍ കണ്ണടച്ച് ഇരിക്കുക.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

യാത്ര പുറപ്പെടുന്നതിന് തൊട്ടു മുമ്പ് വാരിവലിച്ച് ഭക്ഷണം കഴിക്കാതിരിക്കുക. മിതമായ രീതിയിലുള്ള ആഹാരക്രമമാണ് നല്ലത്. ഹെവിയായി കഴിക്കുകയാണെങ്കില്‍ ഉടന്‍ യാത്ര ആരംഭിക്കരുത്. ഹൈറേഞ്ച് യാത്രകളിലാണ് ഇത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. മത്സ്യവും മാംസവുമൊക്കെ കഴിച്ചയുടന്‍ യാത്രയ്ക്ക് മുതിര്‍ന്നാല്‍ ആകെ വലയും. ജ്യൂസുകളോ മറ്റ് ലഘുഭക്ഷണങ്ങളോ കഴിച്ചാല്‍ വലിയ കുഴപ്പമുണ്ടാവില്ല. ബിരിയാണി, പൊറോട്ട, ചിക്കന്‍, ബീഫ് തുടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എണ്ണകലര്‍ന്നതും കൊഴുപ്പു കൂടിയതുമായ ആഹാരം കഴിച്ചാല്‍ പ്രതികൂലമായി ബാധിച്ചേക്കാം. പാലുല്‍പ്പന്നങ്ങളും ഒഴിവാക്കാം. ഉപ്പിട്ട നാരങ്ങാവെള്ളം യാത്രയ്ക്കിടെ കുടിക്കുന്നതും ഛര്‍ദ്ദി ഒഴിവാക്കാന്‍ സഹായിക്കും. ഇഞ്ചിമിട്ടായി പോലുള്ളവ യാത്രയില്‍ കരുതുന്നത് മുന്‍കരുതല്‍ എന്ന നിലയില്‍ നല്ലതാണ്. ബസ് സ്റ്റേഷനുകളിലും മറ്റും ഇഞ്ചിമിട്ടായി വില്‍പ്പനക്കാരെ കാണാനാവും.

മുന്‍ സീറ്റിലിരിക്കാം

യാത്ര കാറിലാണെങ്കില്‍ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതായിരിക്കും നല്ലത്. പിന്നിലിരുന്നാല്‍ വശങ്ങളിലെ കടന്നു പോകുന്ന കാഴ്ച്ചകള്‍ ശ്രദ്ധിക്കും. മുന്നില്‍ ഈ പ്രശ്‌നമുണ്ടാവില്ല. ഡ്രൈവിംഗ് ഇഷ്ടമുള്ളവരാണെങ്കില്‍ പരമാവധി വാഹനമോടിക്കുക. ഡ്രൈവിങ്ങില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്തുമ്പോള്‍ ഛര്‍ദ്ദി വരില്ല.

നോക്കിയും കണ്ടും സീറ്റ് പിടിക്കാം

ബസ് യാത്രയില്‍ അധികം കുലുക്കം അനുഭവപ്പെടാത്ത സ്ഥലത്ത് സീറ്റ് പിടിക്കുക. ഏറ്റവും പിന്നില്‍ പോയി ഇരിക്കാതിരിക്കുക. മധ്യഭാഗത്തുള്ള വിന്‍ഡോ സീറ്റുകളിലിരിക്കുന്നതാണ് നല്ലത്. പുറത്തെ കാഴ്ച്ചകള്‍ കണ്ട് ശുദ്ധവായു ശ്വസിച്ച് യാത്ര ചെയ്താല്‍ വലിയ കുഴപ്പമുണ്ടാവില്ല. വാഹനം മുന്നോട്ട് പോകുമ്പോള്‍ പിന്നോട്ട് തിരിഞ്ഞിരിക്കുന്ന സീറ്റുകളിലിരുന്നുള്ള യാത്ര ഒഴിവാക്കുക. ടയറുകള്‍ക്ക് തൊട്ടുമുകളിലുള്ള സീറ്റില്‍ ഇരിക്കരുത്. ഈ സീറ്റില്‍ കുലുക്കം കൂടുതലായി അനുഭവപ്പെടുന്നതു കൊണ്ടാണിത്. വാഹനം കുഴിയില്‍ ചാടുമ്പോള്‍ ശരീരത്തിന് പ്രഹരമേല്‍ക്കും.

Young mother driving car with her baby boy sitting in car in baby seat

എസി പ്രവര്‍ത്തിക്കുമ്പോള്‍

യാത്രയില്‍ ഛര്‍ദ്ദിയുടെ പ്രശ്‌നമുള്ളവര്‍ കാര്‍ യാത്രയില്‍ പരമാവധി എസി ഓഫ് ചെയ്ത് ഗ്ലാസ് തുറന്നിട്ട് യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. പുറത്തെ കാറ്റ് മുഖത്തടിക്കുന്ന രീതിയില്‍ ഇരുന്നാല്‍ നല്ലതാണ്. ഇനി അഥവാ എസി പ്രവര്‍ത്തിക്കുകയാണെങ്കില്‍ വാഹനത്തിനുള്ളില്‍ ചീത്ത മണം ഇല്ലെന്ന് ഉറപ്പു വരുത്തണം. കഠിനമായ മണമുള്ള എയര്‍ ഫ്രഷ്‌നറുകളും ഉപയോഗിക്കാതിരിക്കുക. ദീര്‍ഘദൂര യാത്രകളില്‍ വാഹനത്തിന്റെ ഉള്‍ഭാഗം നന്നായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഉച്ചത്തിലുള്ള അടിച്ചുപൊളി പാട്ട് ഒഴിവാക്കുക. ശാന്തസ്വഭാവത്തിലുള്ള പാട്ടുകള്‍ കേള്‍ക്കുന്നതാണ് നല്ലത്.

ചിന്തിക്കുന്നതില്‍ പോലുമുണ്ട് കാര്യം

ഇപ്പോള്‍ ഛര്‍ദ്ദിക്കുമെന്ന ചിന്തയുമായി യാത്ര ചെയ്താല്‍ അങ്ങനെ തന്നെ സംഭവിക്കും. മറ്റ് കാര്യങ്ങള്‍ ചിന്തിച്ചും സംസാരിച്ചും യാത്ര ചെയ്യുക. ഇഷ്ട്‌പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇഷ്ടഭക്ഷണത്തെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഛര്‍ദ്ദിക്കാന്‍ പ്രവണത കാണിക്കുന്നവരുടെ അടുത്തിരുന്ന് യാത്ര ചെയ്യുകയും അരുത്. ബസിലാണെങ്കില്‍ വിന്‍ഡോ സീറ്റ് തെരഞ്ഞെടുത്ത് പുറം കാഴ്ച്ചകള്‍ നോക്കിയിരിക്കുക. വശങ്ങളില്‍ മാത്രം നോക്കിയിരിക്കാതെ മുമ്പോട്ടുള്ള വിദൂര ദൃശ്യങ്ങള്‍ വെറുതെ നോക്കിയിരുന്നാല്‍ മതായാകും. മുഖത്തേക്ക് പുറത്തു നിന്നുള്ള തണുത്ത കാറ്റ് നേരിട്ട് അടിക്കുന്നതും നല്ലതാണ്.

മുന്‍കരുതലെടുക്കാം

ഛര്‍ദ്ദിക്കുമെന്ന് ഭയമുള്ളവര്‍ യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് തന്നെ മുന്‍കരുതലുകളെടുക്കണം. കട്ടിയുള്ള പ്ലാസ്റ്റിക് കവറുകള്‍ കൈയില്‍ കരുതാം. ഛര്‍ദ്ദിക്കാന്‍ തോന്നുമ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ഇതിലേക്ക് കാര്യം സാധിക്കാം. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന മോഷന്‍ സിക്‌നസ് ബാഗുകള്‍ കരുതിയിരുന്നാലും മതി. അതേസമയം ഇത്തരം കവറുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കണം. ഉപയോഗത്തിന് ശേഷം വഴിയില്‍ വലിച്ചെറിയാതെ നോക്കണം. ഇറുകിപ്പിടിച്ച വസ്ത്രങ്ങളിട്ട് യാത്ര ചെയ്യാതിരിക്കുക. അയഞ്ഞ വസ്ത്രങ്ങളാണ് നല്ലത്. വായുസഞ്ചാരം ഇത്തരം വസ്ത്രങ്ങളില്‍ നന്നായി ലഭിക്കും.

ഇടവേളകള്‍ എടുക്കാം

ഒറ്റ സ്‌ട്രെച്ചില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കാതെ അടിക്കടി വാഹനം നിര്‍ത്തി ഇടവേളയെടുക്കുന്നതും നല്ലതാണ്. വാഹനം ഒതുക്കി നിര്‍ത്തി കൈകാലുകളു നടുവും ഒന്ന് സ്‌ട്രെച്ച് ചെയ്ത് ശുദ്ധവായു ശ്വസിച്ച് വീണ്ടും യാത്ര തുടരുക. വായിലൂടെ ആഴത്തില്‍ ശ്വാസമെടുക്കുന്നതാണ് നല്ലത്. മരച്ചുവട്ടിലോ ബഞ്ചിലോ മറ്റോ അല്‍പ്പസമയം വിശ്രമിച്ചതിന് ശേഷം യാത്ര തുടരാം.

കുട്ടികള്‍ക്ക് പ്രത്യേകം പരിഗണന

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കുന്ന പ്രശ്‌നം കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പുറംകാഴ്ച്ചകള്‍ കാണാന്‍ തക്കവണ്ണമുള്ള ഉയര്‍ന്ന സീറ്റുകള്‍ കുട്ടികള്‍ക്കായി വാഹനത്തില്‍ ക്രമീകരിക്കാം. പുറംകാഴ്ച്ചകള്‍ കാണാന്‍ കഴിയാതെയിരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ ഛര്‍ദ്ദിക്കുന്നു. പുറംകാഴ്ച്ചകളിലക്ക് അവരുടെ ശ്രദ്ധ തിരിച്ചു വിടുക. മൊബൈല്‍ വീഡിയോകള്‍ കാണാനും ഗെയിം കളിക്കാനും പരമാവധി അനുവദിക്കാതിരിക്കുക. ദീര്‍ഘദൂര യാത്രയാണെങ്കില്‍ ഇടയ്ക്ക് ഇടവേളയെടുക്കുക. കുഞ്ഞുങ്ങള്‍ക്ക് അത് ഒരാശ്വാസമായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News