ബിജെപി ഓഫീസിൽ ഇപ്പോൾ കെ സി വേണുഗോപാലിൻ്റെ പടം വച്ച് ആരാധിക്കുകയാണ്: പരിഹാസവുമായി എ എന്‍ ഷംസീര്‍

ബിജെപി ഓഫീസിൽ ഇപ്പോൾ കെ സി വേണുഗോപാലിൻ്റെ പടം വച്ച് ആരാധിക്കുകയാണെന്ന പരിഹാസവുമായി എ എന്‍ ഷംസീര്‍.  വികസനവിരുദ്ധ രാഷ്‌ട്രീയത്തിൽനിന്ന്‌ പ്രതിപക്ഷം പിന്നോട്ട്‌ പോകണമെന്ന്‌ എ എൻ ഷംസീർ എംഎൽഎ. അഞ്ച്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ തോറ്റതിൽ നിന്നെങ്കിലും കോൺഗ്രസ്‌ പാഠം പഠിക്കണമെന്ന്‌ സിൽവർലൈൻ വിഷയത്തിന്മേലുള്ള അടിയന്തരപ്രമേയ ചർച്ചയിൽ ഷംസീർ പറഞ്ഞു.  എൽഡിഎഫ്‌ പ്രകടന പത്രികയിൽ പറഞ്ഞ പദ്ധതി നടപ്പിലാക്കി മുന്നോട്ടുപോകണമെന്നാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നത്‌.

അതിനുള്ള അംഗീകാരമാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റിയത്‌. ഇനിയിപ്പോൾ പ്രതിപക്ഷത്തിൻ്റെ അനുമതി ആ പദ്ധതികൾക്കായി ഞങ്ങൾക്ക് വേണ്ട. പദ്ധതി സർക്കാർ നടപ്പാക്കുക തന്നെ ചെയ്യും. കമ്മീഷനടി ഞങ്ങളുടെ പരിപാടിയല്ല. നിങ്ങൾക്ക് കമ്മീഷൻ കിട്ടുന്നത് കൊണ്ടാണ് നിങ്ങൾ സിൽവർ ലൈനിൽ കമ്മീഷനെപ്പറ്റി ആശങ്കപ്പെടുന്നത് – ഷംസീർ പറഞ്ഞു.

പരിസ്ഥിതിയെ ഒരു തരത്തിലും പദ്ധതി ബാധിക്കില്ല. കെ റെയിൽ പദ്ധതിയിലെ പരിസ്ഥിതി നാശത്തെ പ്രതിപക്ഷം പെരുപ്പിച്ചു കാണിക്കുകയാണ്. മാടായിപ്പാറയ്ക്കോ കടലുണ്ടി പക്ഷിസങ്കേതത്തിനോ പൊന്നാനി കോൾപ്പാടങ്ങൾക്കോ പദ്ധതി മൂലം നാശം സംഭവിക്കുന്നില്ല.

ഏറ്റവും മികച്ച പാക്കേജ് നൽകി ജനങ്ങളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞും പരിഹരിച്ചുമാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സർക്കാർ കൊണ്ടു വരുന്ന എന്തിനേയും ഏതിനേയും എതിർക്കുക എന്ന നയം നിങ്ങൾ അവസാനിപ്പിക്കണം. 2025-ൽ സിൽവർ ലൈൻ പൂർത്തിയായാൽ പിന്നെ സ്ഥിരമായി പ്രതിപക്ഷ ബെഞ്ചിലിരിക്കേണ്ടി വരും എന്നാണ് നിങ്ങളുടെ ഭയം.

ബിജെപി ഓഫീസിൽ ഇപ്പോൾ കെ സി വേണുഗോപാലിൻ്റെ പടം വച്ച് ആരാധിക്കുകയാണ്. വികസനത്തെ എതിർക്കുന്ന നിലപാടാണ് കോൺ​ഗ്രസിന് അതിനാലാണ് അവ‍ർ സ്ഥിരമായി തോൽക്കുന്നതും. സിൽവർലെൻ പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ശശി തരൂർ എം.പിതന്നെ കഴിഞ്ഞദിവസം വ്യക്തമാക്കി.

ഏഴര മണിക്കൂർ എടുത്താണ്‌ പാണക്കാട്‌ തങ്ങളുടെ വിയോഗമറിഞ്ഞ്‌ അദ്ദേഹത്തിന്‌ എത്താനായത്‌. പദ്ധതി എന്തുകൊണ്ട്‌ നടപ്പാക്കണമെന്ന്‌ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കാത്തവർ തോമസ്‌ ഐസക്‌ എഴുതിയ പുസ്‌തകം വായിച്ചാൽമതി. പ്രതിപക്ഷത്തെ 40 അംഗങ്ങൾക്കും ഇത്‌ സൗജന്യമായി നൽകാം. വായിച്ച്‌ മനസ്സിലാക്കണം.

സാമ്പത്തികമായ ബാധ്യതയാണ്‌ പ്രതിപക്ഷത്തിന്റെ മറ്റൊരു ആരോപണം. 49 ശതമാനം റെയിൽവേയും, 51 ശതമാനം കേരളവുമാണ്‌ പണം മുടക്കുന്നത്‌. ഇതൊരു ജോയിന്റ്‌ വെഞ്ച്വർ കമ്പനിയാണെന്ന്‌ പ്രമേയം അവതരിപ്പിച്ച പി സി വിഷ്‌ണുനാഥിനും കൃത്യമായി അറിയാവുന്നതാണ്‌.

വായ്‌പാ തിരിച്ചടവിന്‌ ടിക്കറ്റ്‌, റോറോ, പരസ്യം എന്നീ മാർഗങ്ങൾ ഉണ്ട്‌. പരിസ്ഥിതിക്ക്‌ ദോഷമാകുമെന്ന വാദവും തെറ്റാണ്‌. 2.88 ലക്ഷം കാർബൺ എമിഷൻ കുറയുകയാണ്‌ ചെയ്യുക. പരിസ്ഥിതിക്ക്‌ യാതൊരു വിനാശവും ഉണ്ടാകുന്നില്ല. ഒരു തലമുറയ്‌ക്ക്‌ വേണ്ടി നമ്മൾ നടപ്പാക്കേണ്ട പദ്ധതിയാണിത്‌. തോൽവികളിൽനിന്ന്‌ കോൺഗ്രസ്‌ ഇനിയെങ്കിലും പാഠം പഠിച്ചുകൊണ്ട്‌ വികസനവിരുദ്ധ നിലപാടുകളിൽനിന്ന്‌ പിന്നോട്ടുപേകാണമെന്നും ഷംസീർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News