വണ്ണം കുറയാന്‍ ഇഞ്ചി ഇങ്ങനെ ഉപയോഗിക്കൂ…

വയറിളക്കം, ദഹനപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് നമ്മള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചി. ഇന്ത്യന്‍ ശൈലിയില്‍ തയ്യാര്‍ ചെയ്യുന്ന കറികളിലും വിഭവങ്ങളിലും അവിഭാജ്യഘടകമാണ് ഇഞ്ചി. പനിയും ജലദോഷത്തിനും നമ്മള്‍ തയ്യാറാക്കി കഴിക്കുന്ന ചുക്കുകാപ്പിയിലെ പ്രധാന ചേരുവകയാണ് ഇഞ്ചി ഉണക്കി തയ്യാറാക്കുന്ന ചുക്ക്. വിഭവങ്ങളുടെ സ്വാദ് വര്‍ധിപ്പിക്കുന്നതിന് മാത്രമല്ല, നിരവധി ഔഷധഗുണങ്ങള്‍ക്കൂടി ഇഞ്ചിക്കുണ്ട്. ഉണങ്ങിയ ഇഞ്ചി പൊടിച്ചു സൂക്ഷിക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയും. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഇഞ്ചിയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഛര്‍ദിയും മനംപിരട്ടലും തടയുന്നു

ഗര്‍ഭിണികളില്‍ സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മനംപിരട്ടലും ഛര്‍ദിയും. ഇത് ശമിപ്പിക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് ഇഞ്ചി. അര സ്പൂണ്‍ ഇഞ്ചി ഉണക്കിപ്പൊടിച്ചത് ഒരു ഗ്ലാസ് വെള്ളത്തില്‍ച്ചേര്‍ത്ത് സ്വല്‍പം തേനും ചേര്‍ത്ത് കഴിക്കുന്നത് ഗര്‍ഭിണികളിലെ മനംപിരട്ടലും ഛര്‍ദിയും കുറയ്ക്കും.

ദഹനക്കുറവിന്

ദഹനക്കുറവ് മൂലം വയറ്റില്‍ വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇത് രൂക്ഷമായിട്ടുള്ളവര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുമുമ്പ് സ്വല്‍പം ഇഞ്ചി ഉണക്കിപ്പൊടിച്ചത് കഴിക്കുന്നത് ഭക്ഷണം വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നതിന്

പൊണ്ണത്തടി അനുഭവിക്കുന്നവര്‍ക്ക് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഉത്തമമാര്‍ഗമാണ് ഇഞ്ചിയെന്ന് 2016-ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇഞ്ചി സഹായിക്കുമെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ശരീരത്തിലെ നീര്‍ക്കെട്ടുകള്‍ കുറയ്ക്കുന്നതിനും പെട്ടെന്ന് ദഹനം നടക്കുന്നതിനും ഇഞ്ചി നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹം നിയന്ത്രിക്കാന്‍

ടൈപ്പ് 2 പ്രമേഹം പിടിപെട്ടവരില്‍ ഇഞ്ചി കഴിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് 2015-ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ടൈപ്പ് 2 പ്രമേഹമുള്ളര്‍ ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍

രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊളസ്ട്രോളിനൊപ്പം ട്രൈഗ്ലിസറൈഡിന്റെ അളവും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ചൂടുചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവത്തെ തുടര്‍ന്നുണ്ടാകുന്ന വയറുവേദന ശമിപ്പിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here