പതിനഞ്ച്കാരിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും.
കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലി(22)നെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറ് മാസവും കൂടുതൽ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒരു വർഷത്തിനുള്ളിൽ വിധി വന്നു എന്ന പ്രത്യേകതയുമുണ്ട്.
പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ഒരു ബുക്ക് നൽകാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരെയും പരിജയപ്പെട്ടു.
ഈ പരിചയം മുതലെടുത്ത് 2020 നവംബർ ഒന്നിന് പുലർച്ചെ ഒരു മണിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതിൽ തുറക്കാൻ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോൾ നാട്ടുകാരെ വിളിച്ച് ഉണർത്തി നാറ്റിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
ഇതിൽ ഭയന്ന് കുട്ടി വാതിൽ തുറന്ന് കൊടുത്തപ്പോൾ മുറിക്കുള്ളിൽ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം പ്രതി പല തവണ കുട്ടിയെ ശാരീരിക ബന്ധത്തിനായി വിളിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല.
തുടർന്ന് മുപ്പതിന് പുലർച്ചെ പ്രതി കുട്ടിയുടെ വീടിന് മുന്നിൽ എത്തി കതക് തുറക്കണം എന്നാവശ്യപ്പെട്ട് ബഹളം വെച്ചു. കതക് തുറന്നപ്പോൾ പ്രതി ഭീഷണിപ്പെടുത്തി കുട്ടിയെ തൻ്റെ ബൈക്കിൽ ബലമായി കയറ്റി മൺറോത്തുരുത്തിലുള്ള ഒരു റിസോർട്ടിൽ കൊണ്ട് പോയി.
അവിടെ വെച്ച് ഐസ്ക്രീമിൽ മായം ചേർത്ത് കുട്ടിയെ മയക്കിയതിന് ശേഷം ബലാൽസംഗം ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. കുട്ടിയെ ഭീഷണിപ്പെടുത്തി കടന്ന് കളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് മൺറോത്തുരുത്തിൽ വെച്ച് പിടിച്ചു. കുട്ടിയും ഒപ്പമുണ്ടായിരുന്നു.
കുട്ടിയുടെ അടി വസ്ത്രത്തിൻ്റെ ശാസ്ത്രിയ പരീഷണത്തിൽ ബീജത്തിൻ്റെ അംശം കണ്ടെത്തിയിരുന്നു. ഡി എൻ എ പരിശോധനയിൽ ബീജം പ്രതിയുടേതാണെന്ന് തെളിഞ്ഞിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ ഇരുപത്തി ഒന്ന് സാക്ഷികൾ, മുപ്പത്തി മൂന്ന് രേഖകൾ, ഏഴ് തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കി.
മെഡിക്കൽ കോളേജ് സി ഐ പി.ഹരിലാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പിഴ തുക കുട്ടിക്ക് നൽക്കണമെന്നും സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.