പ്രതിപക്ഷം പാപ്പരായ അവസ്ഥയില്‍; കെ റെയിൽ പദ്ധതി ആരും രഹസ്യമായി കൊണ്ടുവന്നതല്ല; മുഖ്യമന്ത്രി

കെ റെയില്‍ കടക്കെണിയാണെന്ന വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ആരും രഹസ്യമായി കൊണ്ടുവന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട പ്രത്യേക ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഏതെല്ലാം തരത്തില്‍ ഒരു പദ്ധതിയെ ഇല്ലാതാക്കണമെന്ന മാനസികാവസ്ഥ പ്രവര്‍ത്തിച്ചുവെന്ന് പ്രതിപക്ഷത്തിന്റെ സംസാരത്തിലൂടെ മനസിലാക്കാന്‍ സാധിച്ചു. അത്രമാത്രം പാപ്പരായ അവസ്ഥയില്‍ അവരെത്തിച്ചേര്‍ന്നിരിക്കുന്നു.

ഞങ്ങള്‍ സംവദിക്കുന്ന ഒരു രീതിയുണ്ട്. ആ രീതിയില്‍ വിപുലമായി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കും. എന്നാല്‍ അതെത്താത്ത ഒരു വിഭാഗമുണ്ട്. ആ വിഭാഗവുമായും സംവദിക്കും’, മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം പറയുന്ന തരത്തില്‍ ഒരാശങ്കയുമില്ല. വളരെ വേഗം പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നുമുള്ള വികാരമാണ് പൊതുവെ ഉള്ളത്. കെ റെയിലുമായി ബന്ധപ്പെട്ട സമരങ്ങള്‍ യുഡിഎഫ് വിചാരിച്ചാല്‍ നടത്താന്‍ കഴിയുമെന്ന് സമ്മതിക്കുന്നു. എന്നാല്‍, യുഡിഎഫിന്റെ അണികളെ തന്നെ ആവേശഭരിതരാക്കി കെ റെയിലിനെതിരെ കൊണ്ടുവരാന്‍ കഴിയുന്നുണ്ടോ. പദ്ധതി കേരളം മൊത്തത്തില്‍ അംഗീകരിച്ചുകഴിഞ്ഞു. അത് നമ്മള്‍ കാണണം.

യുഡിഎഫ് മാത്രമല്ല, മറ്റ് ചിലരും സമരത്തിലുണ്ട്. എന്നാല്‍ എവിടേയും പൊലീസിന്റെ ഭാഗത്ത് നിന്നും ഒരതിക്രമവും ഉണ്ടായില്ല. എല്ലാം ശാന്തമായി കൈകാര്യം ചെയ്‌തു. ചാത്തന്നൂരില്‍ 9000 രൂപയുടെ നാശമുണ്ടായി. കാസര്‍കോട് പള്ളിക്കരയില്‍ തഹസില്‍ദാറെ ആക്രമിച്ചു. പൊലീസിനെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്നും തടഞ്ഞു.

പദ്ധതി കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളവിടുമെന്നാണ് പറയുന്നത്. ലോകത്താകെ ബജറ്റ് കമ്മി വര്‍ധിക്കുകയും കടം കൂടുകയും ചെയ്യുന്നു. കൊവിഡിന്റെ മൂന്നാം തരംഗത്തില്‍ ധനകാര്യ രംഗത്ത് വരുമാനത്തില്‍ കുറവുണ്ടായി. റവന്യ ധനകമ്മി ഉയര്‍ന്നു.

2019 ല്‍ കേരളത്തിന്റെ ധനകമ്മി 2.79 ശതമാനമായിരുന്നു. ഇത് വായ്‌പാ പരിധിയായ 3 ശതമാനത്തിനുള്ളിലായിരുന്നു. എന്നാല്‍ മഹാമാരി കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വത്തില്‍ മുറുകെ പിടിച്ചില്ല എന്നാണ് പറയുന്നതെങ്കില്‍ അതംഗീകരിക്കുന്നു.

കേരളത്തിന്റെ കടം 2019- 20ല്‍ ആഭ്യന്തര വരുമാനത്തിന്റെ 31.5 ശതമാനമായിരുന്നു. കൊവിഡ് വ്യാപനം ഏറ്റവും കൂടിയ വര്‍ഷം 37.13(2020-21) ശതമാനമായി ഇത് മാറി.

2021- 22 ല്‍ 36.98ശതമാനമായി കുറച്ചുകൊണ്ടുവരും എന്നാണ് കാണുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാന്റെ കടം 2020-21ല്‍ ആഭ്യന്തര വരുമാന അനുപാതം 42. 6 ആണ്. പഞ്ചാബില്‍ 2020- 21ല്‍ 49.1 ശതമാനമായിരുന്നു ഈ അനുപാതം.

സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്ന് പറയുമ്പോള്‍, അതെന്ന് മുതലാണെന്ന് പരിശോധിക്കണം. 2010 -11ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 23 ശതമാനമാണ്.

സര്‍ക്കാരിന്റെ കൃത്യമായ നടപടി മൂലമായിരുന്നു ഇത്. പിന്നീട് യുഡിഎഫ് കാലത്ത് 2013 -14ല്‍ തനത നികുതി വരുമാന വളര്‍ച്ച 10 ശതമാനമായി കൂപ്പുകുത്തി. 2015 – 16ല്‍ യുഡിഎഫ് അധികാരം വിട്ടപ്പോള്‍ 10 ശതമാനമായിരുന്നു വളര്‍ച്ച. പിന്നീട് എല്‍ഡിഎഫ് വന്നപ്പോള്‍ ഓരോ വര്‍ഷവും പ്രതിസന്ധി നേരിടുകയും എന്നിട്ടും ശരാശരി 10 ശതമാനം വളര്‍ച്ച നിലനിര്‍ത്താനും കഴിഞ്ഞു.

കെ റെയില്‍ പദ്ധതി സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും തമ്മിലുള്ളതാണ്. ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വായ്‌പ എടുക്കുന്നത് സാധാരണമാണ്. അസ്വാഭാവികതയില്ല. സര്‍ക്കാരിന്റെ നേരിട്ടുള്ള കടമെടുപ്പല്ല, സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ വഴിയാണ് കടമെടുക്കുന്നത് ഇതിന്റെ ഗ്യാരണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുക.

തിരിച്ചടവിന് 40 വര്‍ഷം സമയമുണ്ട്. ഈ കാലയളവില്‍ കേരളത്തിന്റ സമ്പദ്ഘടന വികസിക്കും. അതിനെ കുറിച്ച് വ്യക്തമായ കാഴ്‌ച‌‌പ്പാടില്ലാത്തത് കൊണ്ടാണ് അടിസ്ഥാനമില്ലാത്ത വിമര്‍ശനം ഉയര്‍ത്തുന്നത്. സാമ്പത്തിക വളര്‍ച്ച വേഗത്തിലാകും.

കെ റെയില്‍ പശ്ചിമഘട്ടം തകര്‍ക്കുമെന്ന് പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. നിര്‍മാണ സാമഗ്രികള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കണ്ടെത്താവുന്നതേയുള്ളൂ. വനമേഖലയുമായി ബന്ധപ്പെട്ട പരിസ്ഥിതി ദുര്‍ബല പ്രദേശത്തുകൂടി കെ റെയില്‍ കടന്നുപോകുന്നില്ല.

പദ്ധതി കടന്നുപോകുന്ന ഒരു സ്ഥലത്തും പ്രോട്ടക്‌ടഡ് ഏരിയയോ നാഷണല്‍ പാര്‍ക്കുകളോ ഇല്ല. മാടായിപ്പാറയില്‍ തുരങ്കങ്ങളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. കടലുണ്ടി പക്ഷിസങ്കേതത്തില്‍ നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായാണ് പോകുന്നത്.

നെല്‍വയലുകളിലും കോള്‍നിലങ്ങളിലും മേല്‍പാലങ്ങളിലൂടെയാണ് റെയില്‍ കടന്നുപോകുന്നത്. ഏറ്റവും കുറവ് പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന, പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതിയാണിത് മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി മുറിക്കും എന്ന വാദത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. നിലവിലുള്ള റോഡുകള്‍ നിലനിര്‍ത്താന്‍ അടിപ്പാതകളോ മേല്‍പാലങ്ങളോ നിര്‍മിക്കും. പാത മുറിച്ചുകടക്കാന്‍ അഞ്ഞൂറ് മീറ്റര്‍ ഇടവിട്ട് പാത നിര്‍മിക്കും.

റെയില്‍ പാതയോടനുബന്ധിച്ച് രണ്ടാള്‍ പൊക്കത്തിലുള്ള മതില്‍ ഉയരുമെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണ്. വീടും വസ്‌തുവും നഷ്‌ട‌പ്പെടുന്നവര്‍ക്ക് നഷ്‌ട‌പരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ റെയിലിന് എതിരായി നടക്കുന്ന നീക്കങ്ങള്‍ നാടിനെതിരായ നീക്കമാണ്. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് പദ്ധതിയെ എതിര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News