കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമഗ്ര നടപടികകളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.

പഴയ കെട്ടിടങ്ങളും ദീര്‍ഘകാലം മുമ്പുള്ള സ്റ്റാഫ് പാറ്റേണുമാണ് സ്ഥാപനത്തില്‍ തുടരുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് ഒരു മാസത്തിനകം നിയമനം നടത്താന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിര്‍ദ്ദേശിച്ചു.

വാച്ച്മാന്‍മാരുടെ തസ്തിക 24 ആയി ഉയര്‍ത്തും. ഇതിന് 20 അധിക തസ്തികകള്‍ സൃഷ്ടിക്കും. കുക്കിന്‍റെ തസ്തിക നിലനിര്‍ത്തും. കുക്കിന്‍റെ 8 തസ്തികകളില്‍ ഒഴിവുള്ളവയില്‍ നിയമനം നടത്തും.

അക്രമ സ്വഭാവമുള്ള അന്തേവാസികളെ പരിചരിക്കുന്നതിന് പ്രത്യേക സൗകര്യങ്ങളും വൈദഗ്ധ്യവും ഉള്ളവരെ നിയമിക്കും. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ ചുറ്റി സഞ്ചരിച്ച് നിരീക്ഷണം നടത്താന്‍ ഒരേ സമയം രണ്ട് ഫെയിങ്ങ് സെൻട്രികളെ വീതം നിയമിക്കും.

സി.സി. ടി.വി നിരീക്ഷക്കുന്നതിന് പ്രത്യേകമായി ജീവനക്കാരെ നിയമിക്കും. ആശുപത്രിയുടെ ചുറ്റുമതിലിന്‍റെ ഉയരം
8 അടി ആയെങ്കിലും ഉയര്‍ത്തി വൈ ആകൃതിയിലുള്ള ബാര്‍ബിഡ് വയര്‍ ഫെന്‍സിംഗ് സ്ഥാപിക്കും.

മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍.എം.ഒ തസ്തികകളില്‍ മാനസിക രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക പരിജ്ഞാനമുള്ള ഡോക്ടര്‍മാരെത്തന്നെ നിയമിക്കും.

പഴയ കെട്ടിടങ്ങളാണ് ആശുപത്രിയില്‍ നിലവിലുള്ളത്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി 400 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനും 100 കോടി രൂപയുടെ ഡി.പി.ആറും അംഗീകരിക്കുന്നതിന്‍റെ അന്തിമ ഘട്ടത്തിലാണ്. ഡി.പി.ആര്‍. അംഗീകാരത്തിനാവശ്യമായ സാങ്കേതിക കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കിറ്റ്കോയ്ക്ക് നിര്‍ദ്ദേശം നല്‍കും.

മെഡിക്കല്‍ കോളേജുകളില്‍ കൂട്ടിരിപ്പിന് മാനസികാരോഗ്യകേന്ദ്രം ജീവനക്കാരെ നിയോഗിക്കുന്നതിനു പകരം സന്നദ്ധസേനാ വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ഇതര സംവിധാനങ്ങള്‍ ഒരുക്കണം. രോഗം പൂര്‍ണ്ണമായി ഭേദമായ വനിതകളെ പുനരധിവസിപ്പിക്കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് പ്രത്യേകം മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ്ജ്, മ്യൂസിയം പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കോഴിക്കോട് ജില്ലാ കലക്ടര്‍ നരസിംഹുഗാരി തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News