പിങ്ക് ബോൾടെസ്റ്റിൽ തൂത്തുവാരി ടീം ഇന്ത്യ; ശ്രീലങ്കയ്ക്ക് തോൽവി

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ടീം ഇന്ത്യ. ബെംഗളുരു പിങ്ക് ബോൾടെസ്റ്റിൽ 238 റൺസിനാണ് ഇന്ത്യയുടെ വിജയം. രോഹിത് ശർമ സ്ഥിരം ക്യാപ്ടനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര വിജയം കൂടിയാണിത്. ശ്രേയസ് അയ്യരാണ്പ്ലെയർ ഓഫ് ദി മാച്ച്.

ചിന്നസാമിയിലെ പിച്ചിൽ 447 റൺസ് ചേസിംഗ് ലങ്കൻ ബാറ്റിംഗ് നിരയ്ക്ക് ദുഷ്കരമായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച മരതക ദ്വീപുകാർക്ക് സ്കോർ 97 ൽ നിൽക്കെ കുശാൽ മെൻഡിസിനെ നഷ്ടമായി. 54 റൺസെടുത്ത മെൻഡിസിനെ ആർ അശ്വിൻ പുറത്താക്കി. ഏയ്ഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസിൽവയും പെട്ടെന്ന് തന്നെ പവലിയനിലെത്തി.

12 റൺസെടുത്ത നിരോഷൻ ഡിക്ക്വെല്ലയും 5 റൺസെടുത്ത ചരിത് അസലങ്കയും കൂടാരം പൂകിയതോടെ ലങ്കൻ ബാറ്റിംഗ് പ്രതിസന്ധിയിലായി. കൂട്ടത്തകർച്ചയ്ക്കിടയിലും ലങ്കയ്ക്ക് ആശ്വാസമായത് നായകൻ ദിമുത് കരുണരത്നെയുടെ സെഞ്ചുറിയാണ്.

കരിയറിലെ പതിനാലാം ടെസ്റ്റ് സെഞ്ചുറിയാണ് ദിമുത് ചിന്നസാമിയിൽ പുറത്തെടുത്തത്. 174 പന്തിൽ 15 ബൌണ്ടറികളുടെ അകമ്പടിയോടെ 107 റൺസെടുത്ത ലങ്കൻ ക്യാപ്ടനെ ജസ്പ്രീത് ബൂംറ ക്ലീൻബൌൾഡാക്കി.

വാലറ്റം ചെറുത്തു നിൽപില്ലാതെ മടങ്ങിയപ്പോൾ, കായിക ലോകം ഉറ്റുനോക്കിയ പിങ്ക് ബോൾടെസ്റ്റിൽ ഇന്ത്യയ്ക്ക് 238 റൺസിന്റെ തകർപ്പൻ വിജയം.

രണ്ട് മത്സര പരമ്പരയിലെ രണ്ടെണ്ണത്തിലും വിജയിച്ച് ഇന്ത്യൻ മണ്ണിൽ രോഹിതിന്റെയും സംഘത്തിന്റെയും ലങ്കൻ വൈറ്റ് വാഷ്. പരമ്പരയിലെ തകർപ്പൻ വിജയങ്ങൾ ലോക ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം നമ്പർ വണ്ണിലെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News