ഡിജിറ്റല്‍ റീസര്‍വ്വെ ; ഭൂമിയുടെ വിസ്തീര്‍ണ്ണ വ്യത്യാസം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം പരിഗണനയില്‍

റീസര്‍വ്വെ സംബന്ധിച്ച പരാതികളുടെ ബാഹുല്യത്തിന് കാരണം കാലഹരണപ്പെട്ട നിയമങ്ങളാണെന്നും കേരളത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ റീ സര്‍വ്വെ ആരംഭിക്കുന്നതിന് മുന്‍പായി സര്‍വ്വെ അതിരടയാള നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുമെന്നും റീസര്‍വ്വെ കഴിയുമ്പോള്‍ ഉണ്ടാകാനിടയുള്ള വിസ്തീര്‍ണ്ണ വ്യത്യാസം ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ പുതിയ നിയമ നിര്‍മ്മാണമുള്‍പ്പെടെ ആലോചനയിലുണ്ടെന്നും മന്ത്രി കെ.രാജന്‍ നിയമസഭയെ അറിയിച്ചു.

നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി പറയുകായിരുന്നു മന്ത്രി. 1966 ല്‍ ആരംഭിച്ച റീസര്‍വ്വെയിലൂടെ നാളിതു വരെ 911 വില്ലേജുകള്‍ മാത്രമാണ് റീസര്‍വ്വെ ചെയ്യാനായതെന്നും ആയതില്‍ തന്നെ 89 വില്ലേജുകള്‍ മാത്രമാണ് ഡിജിറ്റലായി സര്‍വ്വെ ചെയ്തതെന്നും മന്ത്രി അറിയിച്ചു.

ഇത്തരത്തില്‍ ഡിജിറ്റലായി സര്‍വ്വെ പൂര്‍ത്തീകരിച്ച 89 വില്ലേജുകളും സര്‍വ്വെ നടപടികള്‍ പുരോഗമിക്കുന്ന 27 വില്ലേജുകളും ഒഴിച്ചുള്ള 1550 വില്ലേജുകള്‍ അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഡിജിറ്റല്‍ സര്‍വ്വെ ചെയ്യുക എന്ന ചരിത്ര ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

പരമ്പരാഗത രീതിയിലുള്ള സര്‍വ്വെയില്‍ ധാരാളം റീസര്‍വ്വെ പരാതികള്‍ ഉണ്ടായിരുന്നത് നിയമത്തിലെ പോരായ്മകളാണെന്നും പൊതുജന പങ്കാളിത്തത്തോടെ നടക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വെ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്താവുന്ന ഒരു ചുവടു വെപ്പായിരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here