വക്കഫ് നിയമനങ്ങള്‍ പി എസ്‌സിക്ക് വിടുന്നതുമായി മുന്നോട്ട് പോകും; മന്ത്രി വി അബ്ദുറഹ്മാന്‍

സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് സുതാര്യ നിലപാടാണെന്നും മന്ത്രി പറഞ്ഞു. പൊതു ആവശ്യങ്ങള്‍ക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ പറ്റില്ലെന്നും ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ സഹായം സര്‍ക്കാരിന് വേണ്ടേന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ പച്ചയും യുപിയില്‍ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് ലീഗിനെ പരിഹസിച്ച് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കുറ്റിക്കാട്ടൂരില്‍ തളിപ്പറമ്പും കൈമാറ്റിയ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാസര്‍കോട് ടാറ്റയുമായി ചേര്‍ന്ന് ആശുപത്രി നിര്‍മിക്കുന്നതിന് നടപടി പുരോഗമിക്കുന്നുവെന്നും ഇതിനായി ഭൂമി ഏറ്റെടുത്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടനകള്‍ സംയുക്തസമരത്തിനിറങ്ങിയെങ്കിലും സമസ്ത പിന്‍വാങ്ങുകയായിരുന്നു. പള്ളികളില്‍ പ്രതിഷേധം നടത്തുന്നതുമായി ബന്ധപ്പെട്ട് വിവാദത്തെ തുടര്‍ന്നായിരുന്നു പിന്മാറ്റം. പ്രതിഷേധമല്ല, ബോധവത്കരണമാണ് പള്ളികളില്‍ നടത്താന്‍ ഉദ്യേശിച്ചതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പിന്നീട് വ്യക്തമാക്കിയിരുന്നു. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ നടക്കുന്ന പ്രചാരണം തടയണമെന്ന് സിപിഎം ആഹ്വാനം ചെയ്തിരുന്നു. ഇത് പള്ളികളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വിമര്‍ശിക്കുകയും ചെയ്തിരുന്നു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. സര്‍ക്കാരിന്റെ നിര്‍ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുസ്ലിം സംഘടനകളുമായി വിശദമായ ചര്‍ച്ച നടത്തും, തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും.

നിയമനം പിഎസ്സിക്ക് വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് സമസ്ത നേതാക്കള്‍ പ്രതികരിച്ചു. ആശങ്കകള്‍ പരിഹരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. തിരക്കിട്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍നടപടികള്‍ സമസ്ത പ്രസിഡന്റ് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം എന്നിവരാണ് സമസ്തയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News