പാക്കിസ്ഥാനിലേക്ക് മിസൈൽ വിക്ഷേപിക്കപ്പെട്ടത് സാങ്കേതിക പിഴവ് മൂലം ; രാജ്നാഥ് സിംഗ്

പാക്കിസ്ഥാനിലേക്ക് മിസൈൽ വിക്ഷേപിക്കപ്പെട്ടത് സാങ്കേതിക പിഴവ് മൂലമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ആയുധ സംവിധാനങ്ങള്‍ക്ക് പോരായ്മയുണ്ടെങ്കില്‍  അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി രാജ്യസഭയില്‍ വിശദീകരിച്ചു.അതേസമയം രാജ്യത്ത് 49 വ്യോമാപകടങ്ങളിലായി  5 വര്‍ഷത്തിനിടെ 42 സൈനികര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ അറിയിച്ചു.

ഇന്ത്യൻ മിസൈൽ  പാക്കിസ്ഥാനിലേക്ക് വിക്ഷേപിക്കപ്പെട്ട സംഭവം സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി പാര്‍ലമെന്‍റില്‍  നല്‍കിയ മറുപടിയില്‍ പറഞ്ഞു. രാജ്യത്തിന്‍റെ  ആയുധ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ പോരായ്മകളുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കും.

ഉന്നതതല അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികൾ സ്വീകരിക്കും .രാജ്യത്തിന്‍റെ മിസൈല്‍  സംവിധാനം  വിശ്വസനീയവും സുരക്ഷിതവുമാണെന്നും  അദ്ദേഹം ഉറപ്പ് നല്‍കി.

രാജ്യസഭയിലാണ് 5 വര്‍ഷത്തിനിടെയുണ്ടായ  വ്യോമാപടകങ്ങളുടെ കണക്ക് പ്രതിരോധ മന്ത്രാലയം  വ്യക്തമാക്കിയത്. 49 വ്യോമാപകടങ്ങളിലായി 42 സൈനികര്‍ മരിച്ചു.

വ്യോമസേനയിലെ 29 പേര്‍, കരസേനയിലെ 12 പേര്‍ , നാവിക സേനയിലെ 4 പേരുമാണ് മരിച്ചതെന്ന് പ്രതിരോധ വകുപ്പ് സഹമന്ത്രി അജയ് ഭട്ട് നല്‍കിയ മറുപടിയില്‍ പറയുന്നു.

കൂടുതല്‍ അപകടങ്ങളുമുണ്ടായത് 2021ലാണ്.  12 അപകടങ്ങളിലായി മരിച്ചത് 20 പേര്‍.  അപകടമരണങ്ങളുടെ എണ്ണം   വര്‍ധിച്ചിട്ടില്ലെന്നാണ്  കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.  ആകാശ യാത്രയിലെ അപകട സാധ്യത കൂടുതലാണെങ്കിലും അപകട നിരക്ക് സാധാരണയിലും അധികമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ചീറ്റാ , ചേതക് തുടങ്ങിയ ഹെലികോപ്റ്ററുകള്‍ക്ക് പകരം പുതിയ ഹെലികോപ്റ്ററുകള്‍ വേണമെന്ന് രണ്ട് പതിറ്റാണ്ടായി സേന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം ഇതുവരെ  നടപ്പിലാക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ്  അപകടങ്ങളില്‍ മരിച്ച സൈനികരുടെ എണ്ണം കേന്ദ്രം പുറത്തുവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News