നിയമസഭയിൽ കൂകിപ്പാഞ്ഞ് കെ റെയിൽ

അടിയന്തരപ്രമേയ നോട്ടീസിനെ തുടർന്നുള്ള പതിവ് ഇറങ്ങിപ്പോക്കിന് തയ്യാറായി വന്ന പ്രതിപക്ഷത്തെ വെട്ടിലാക്കുന്നതായിരുന്നു കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ സർക്കാരിന്റെ നീക്കം. രോ​ഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്നു പറഞ്ഞതുപോലെയായിരുന്നു ഇത്.

സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ പ്രതിപക്ഷത്തിന് കൃത്യമായ മറുപടി പൊതു മധ്യത്തിൽ കൊടുക്കണമെന്ന് കുറച്ചു നാളായി ഭരണപക്ഷം വിചാരിച്ചിരുന്നതാണ്. എന്തായാലും അക്കാര്യത്തിൽ തീരുമാനമായി.

കെ റെയിൽ പദ്ധതിയെ പറ്റി നിയമസഭയിൽ ഒരു ചർച്ച പ്രതിപക്ഷം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായി അടിയന്തരപ്രമേയം അനുവദിക്കപ്പെട്ടപ്പോൾ ഒട്ടും പ്രിപ്പയേർഡ് അല്ലാതിരുന്ന പ്രതിപക്ഷ നേതാക്കളുടെ ഉരുണ്ട് കളിയായിരുന്നു നിയമസഭയിൽ നടന്നത്.

സിൽവർലൈൻ പദ്ധതി സംബന്ധിച്ച അടിയന്തരപ്രമേയത്തിൽ ചർച്ചയ്ക്കു തയ്യാറാണെന്ന് മുഖ്യമന്ത്രി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ത്രിശങ്കുവിലായി.പി.സി.വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്.

നോട്ടീസിന് ബന്ധപ്പെട്ട മന്ത്രി മറുപടി പറയുകയും പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയും തുടർന്ന് വാക്കൗട്ട് നടത്താമെന്നുമായിരുന്നു പ്രതിപക്ഷം വിചാരിച്ചിരുന്നത് .പക്ഷേ അത് ചീറ്റിപ്പോയി. ബജറ്റ് ചർച്ച നിർത്തിവെച്ചായിരുന്നു കെ റെയില്‍ ചർച്ച.

പദ്ധതി കടക്കെണി ഉണ്ടാക്കുമെന്ന വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കാനാണെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകി.സിൽവർ ലൈൻ നടപ്പിലാക്കാൻ റവന്യൂ വരുമാനത്തിലൂടെ കഴിയില്ല. വലിയ പദ്ധതികൾക്കായി വായ്പ എടുക്കുന്നതു സാധാരണ രീതിയാണ്.

സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴിയാണു പദ്ധതിക്കായി കടമെടുക്കുന്നത്. അതിനു സർക്കാർ ഗ്യാരന്റി നൽകുന്നുണ്ട്. സിൽവർലൈന് വായ്പ എടുക്കുമ്പോൾ 40 വർഷംവരെ തിരിച്ചടവിനു സമയം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

40 വർഷംകൊണ്ട് കേരളത്തിന്റെ സമ്പദ്ഘടന വികസിക്കുമെന്നു തിരിച്ചറിയാതെയാണ് സിൽവർലൈൻ പദ്ധതിയെ പ്രതിപക്ഷം വിമർശിക്കുന്നത്. പദ്ധതി വന്നാൽ പശ്ചിമഘട്ടം തകരുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല.

കേരളത്തിലെ ക്വാറികൾ പശ്ചിമഘട്ടത്തിലല്ല പ്രവർത്തിക്കുന്നത്. സിൽവർ ലൈൻ പാതയിലെ തുരങ്കങ്ങളിൽനിന്നു ലഭിക്കുന്ന മണ്ണും പാറയും പദ്ധതിക്കായിതന്നെ ഉപയോഗിക്കാനാകും. പരിസ്ഥിതി ദുർബലമായ വനമേഖലയിലൂടെയും കടൽത്തീരത്തിലൂടെയും സിൽവർ ലൈൻ കടന്നുപോകുന്നില്ല. മാടായിപാറയുടെ അടിയിലൂടെ തുരങ്കത്തിലാണ് പാത. പാടങ്ങൾക്കു മുകളിൽ മേൽപ്പാലത്തിലൂടെയാണു പാത നിർമിക്കുക. പരിസ്ഥിതിയെ തകർക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷ്ണുനാഥ് ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ടുള്ള മറുപടി എ.എൻ.ഷംസീറും നൽകി . പ്രകടന പത്രികയിൽ ഉൾപ്പെടുത്തുകയും തിരഞ്ഞെടുപ്പിൽ ജനം അംഗീകരിക്കുകയും ചെയ്ത പദ്ധതി നടപ്പാക്കാൻ യു.ഡി.എഫിന്റെ ചീട്ട് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റ് സമരമാണു കെ റെയിലിന് എതിരെ നടക്കുന്നത്. ആരെതിർത്താലും പദ്ധതി നടപ്പാക്കും. കമ്മീഷനടി ഞങ്ങളുടെ പരിപാടിയല്ല. നിങ്ങൾക്ക് കമ്മീഷൻ കിട്ടുന്നത് കൊണ്ടാണ് നിങ്ങൾ സിൽവർ ലൈനിൽ കമ്മീഷനെപ്പറ്റി ആശങ്കപ്പെടുന്നതെന്ന് ഷംസീർ പറഞ്ഞു.

സിൽവർ ലൈൻ ആവശ്യമാണെന്നു ബോധ്യപ്പെടാത്തതു പ്രതിപക്ഷത്തിനു മാത്രമാണെന്ന് പി.എസ്.സുപാൽ ചൂണ്ടിക്കാട്ടി. കുഞ്ഞ് ജനിക്കും മുമ്പേ കൊല്ലണോ എന്നായിരുന്നു സുപാലിന്റെ ചോദ്യം.ഭാവിതലമുറയ്ക്കു വേണ്ടിയുള്ള പദ്ധതിയാണിതെന്നായിരുന്നു ജോബ് മൈക്കിളിന്റെ അഭിപ്രായം.

വികസനത്തിന് എതിരു നിൽക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രാഷ്ട്രീയ ഇരട്ടകളാണെന്ന് വി.ജോയ് പരിഹസിച്ചു. വികസന ചക്രവാളത്തിൽ ഈ പദ്ധതി രജതരേഖയാകുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി.

സംയുക്ത സംരംഭ കമ്പനി രൂപീകരിക്കാൻ 2016 ജനുവരി 27 നാണ് റെയിൽവേയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും അപ്പോഴേക്കും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ സതീശൻ കുടുങ്ങി. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കരുതെന്നു സതീശൻ പറഞ്ഞെങ്കിലും ധാരണാപത്രം ഉദ്ധരിച്ച്, വിവിധ റെയിൽവേ പദ്ധതികൾക്കായാണു ധാരണയിലെത്തിയതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോകുകയായിരുന്നു. പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം നിയമസഭ തള്ളുകയും ചെയ്തു.

പുകമറകളും, ആശയക്കുഴപ്പങ്ങളും ഉണ്ടാക്കി പദ്ധതിയെ തടയുക എന്ന സങ്കുചിത രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് പ്രതിപക്ഷത്തിനുള്ളത് എന്ന് നാട്ടുകാർക്ക് മനസ്സിലാവാൻ ഈ അടിയന്തിര പ്രമേയം കാരണമായി.കെ-റെയിൽ വണ്ടി കെ-നിയമസഭയിലൂടെയും കൂകിപ്പാഞ്ഞ് ലക്ഷ്യത്തിലേയ്ക്ക് ഒരു പടി കൂടി പിന്നിട്ടിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News