ജനകീയ മത്സ്യകൃഷി കൂടുതല്‍ സജീവമാക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് ജനകീയ മത്സ്യകൃഷി കൂടുതല്‍ സജീവമാക്കാന്‍ സംസ്ഥാന ഗൈഡന്‍സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.

കൃഷിയിലൂടെ ഉല്‍പാദിപ്പിച്ച മത്സ്യത്തിന് ന്യായവില ലഭ്യമാക്കുന്നതിന് കഴിയുമാറ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി തയ്യാറാക്കുവാന്‍ യോഗം തീരുമാനിച്ചു. മത്സ്യകൃഷിക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക ഫണ്ട് വകയിരുത്തുന്നതിനും 2022 – 23 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കുന്നതിനും തീരുമാനിച്ചു. കല്ലുമ്മേക്കായ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കല്ലുമ്മേക്കായ വിത്ത് ശേഖരണത്തിനായി 2018-ല്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനും നടപടി എടുക്കും. മത്സ്യകര്‍ഷകരുടെ കൂടി പങ്കാളിത്തത്തോടെ മത്സ്യവിത്ത് ഉത്പാദനത്തിന് നടപടിയെടുക്കും. കര്‍ഷകര്‍ക്ക് സബ്‌സിഡിയും മറ്റ് സഹായങ്ങളും യഥാസമയം അനുവദിക്കുന്നതിന് നടപടി എടുക്കും.

തദ്ദേശ സ്വംയഭരണ സ്ഥാപന തലത്തില്‍ മത്സ്യകൃഷി സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അദ്ധ്യക്ഷന്‍മാര്‍, മത്സ്യകൃഷി പ്രൊമോട്ടര്‍മാര്‍, യൂത്ത് ക്ലബ്ബ് കോര്‍ഡിനേറ്റര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍, MNREGS എന്നിവരുടെ യോഗം ചേരുന്നതിനും തീരുമാനിച്ചു. മത്സ്യകൃഷിയിലേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ യൂത്ത് ക്ലബ്ബുകളുമായി പദ്ധതികള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. കൃത്യമായ ഇടവേളകളില്‍ അവലോകനം നടത്തി മത്സ്യകൃഷി പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തും. കര്‍ഷകരുടേയും ഉപഭോക്താക്കുളുടേയും വാട്‌സ് ആപ് കൂട്ടായ്മകള്‍ പ്രാദേശിക തലത്തില്‍ രൂപീകരിച്ച് പ്രാദേശിക തലത്തില്‍ മത്സ്യവിപണനം സാധ്യമാക്കും. ബയോഫ്‌ളോക് കൃഷിയുടെ വിജയ പരാജയങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമേ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News