മഞ്ഞപ്പട ഫൈനലിലേക്ക്

ISL ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍. ഇരു പാദ സെമി ഫൈനലുകളിലുമായി 2 – 1 ന് ജംഷെദ്പുരിനെ തകര്‍ത്താണ് നീണ്ട 6 വര്‍ഷത്തിന് ശേഷമുള്ള കേരളത്തിന്റെ കൊമ്പന്മാരുടെ ഫൈനല്‍ പ്രവേശനം. 20 ന് നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ എ ടി കെ – ഹൈദ്രാബാദ് മത്സര വിജയിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.

ജംഷെദ്പൂര്‍ പരിശീലകന്‍ ഓവന്‍ കോയിലിന്റെ ആത്മവിശ്വാസം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ വിലപ്പോയില്ല. വാസ്‌കോ തിലക് മൈതാനില്‍ വീറുറ്റ പ്രകടനം പുറത്തെടുത്ത് അഡ്രിയാന്‍ ല്യൂണയും സംഘവും ഫൈനലിലേക്ക് എത്തുന്നു.

വിന്നേഴ്‌സ് ഷീല്‍ഡ് ജേതാക്കളെന്ന വമ്പുമായി രണ്ടാം പാദത്തിനെത്തിയ ജംഷെദ്പുരിനെ 18 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ബ്ലാസ്റ്റേഴ്‌സ് ഞെട്ടിച്ചു. അഡ്രിയാന്‍ ല്യൂണയുടെ ഗോളിലാണ് കൊമ്പന്മാര്‍ മുന്നിലെത്തിയത്.

ആദ്യ പകുതിക്ക് മുമ്പ് ഗോള്‍ മടക്കാനുള്ള ജംഷെദ്പുര്‍ ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് മുന്നില്‍ ഫലം കണ്ടില്ല. എന്നാല്‍ തുടരെ ആക്രമണം അഴിച്ചു വിട്ട ജെഎഫ്‌സി രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ടു. 50 ആം മിനുട്ടില്‍ പ്രൊണോയ് ഹല്‍ദറിലൂടെ ജംഷെദ്പൂര്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമെത്തി.

രണ്ടാം പകുതി ഉടനീളം സാക്ഷ്യം വഹിച്ചത് ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കാണ്. ല്യൂണയും വാസ്‌കേസും പല തവണ ഗോളിനടുത്തെത്തിയെങ്കിലും ജംഷെദ്പുരിന്റെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രെഹ്നേഷ് രക്ഷകനായി. ലീഡെടുക്കാനുള്ള ജംഷദ് പൂരിന്റെ ശ്രമങ്ങള്‍ ലെസ്‌കോവിച്ച് ചുക്കാന്‍ പിടിച്ച പ്രതിരോധം കോട്ട കെട്ടി സമര്‍ത്ഥമായി പ്രതിരോധിച്ചതോടെ മത്സരം 1 – 1 ന് സമനിലയില്‍ അവസാനിച്ചു. അങ്ങനെ വുകോമനോവിച്ച് എന്ന സൂപ്പര്‍ കോച്ചിന് കീഴില്‍ സ്വപ്ന തുല്യമായ പ്രകടനങ്ങള്‍ തുടര്‍ന്ന് ചിന്നംവിളിയുമായി കേരളത്തിന്റെ കൊമ്പന്മാര്‍ ഫൈനലിലെത്തി.

ഞായറാഴ്ച നടക്കുന്ന കിരീടപ്പോരില്‍ എതിരാളി ആരെന്നറിയാന്‍ ഇനി ചെറിയ കാത്തിരിപ്പ് മാത്രം മതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News