നടിയെ അക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകനെതിരെ പരാതിയുമായി അതിജീവിത

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകനെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. അഭിഭാഷകന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് അതിജീവിത പരാതിയില്‍ പറയുന്നു.

ഇ മെയില്‍ മുഖേന ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കാണ് ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ അഭിഭാഷകനായ അഡ്വ ബി രാമന്‍പിളളക്കെതിരെ പരാതി നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതിഭാഗം അഭിഭാഷകര്‍ നേതൃത്വം നല്‍കിയെന്നാണ് പരാതി. അഭിഭാഷകവൃത്തിക്ക് യോജിക്കാത്ത വിധം പ്രവര്‍ത്തിക്കുകയും ചട്ടലംഘനം നടത്തുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അഡ്വ ബി രാമന്‍പിളള, അഡ്വ ഫിലിപ്പ് ടി വര്‍ഗ്ഗീസ് എന്നിവരുടെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെടുന്നു. ദിലീപിന്റെ ഫോണിലെ ശാസ്ത്രീയ തെളിവുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലെത്തിച്ച് നശിപ്പിച്ചത് അഭിഭാഷക സംഘമാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിലെ സാക്ഷികളെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു.

പിന്നാലെയാണ് നടി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. അതേസമയം പരാതി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബാര്‍ കൗണ്‍സിലിന് പരാതി നല്‍കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ നടി പാലിച്ചിട്ടില്ലെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഇ മെയില്‍ വഴി മാത്രം പരാതി നല്‍കിയാല്‍ തുടര്‍ നടപടി സ്വീകരിക്കാനാവില്ലെന്ന സാങ്കേതികമായ തടസ്സവും ചൂണ്ടിക്കാട്ടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News