എ എ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

ഡിവിഐഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായ എ എ റഹീമിനെ രാജ്യസഭയിലേക്ക് അയക്കാന്‍ സിപിഎം തീരുമാനം. എസ്എഫ്‌ഐയിലൂടെ വളര്‍ന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു.

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേരളാസര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് റഹീം.

നിലവില്‍ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

എ.എ.റഹിം

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള മാണിക്കൽ പഞ്ചായത്തിലെ തൈക്കാട് ജനിച്ചു. വിമുക്ത ഭടനായ എം.അബ്ദുൾ സമദും എ.നബീസാ ബീവിയുമാണ് മാതാപിതാക്കൾ. പിരപ്പൻകോട് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം. പിരപ്പൻകോട് ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കി. കൊല്ലം ജില്ലയിലെ നിലമേൽ എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി അഭിഭാഷകനായി എൻറോൾ ചെയ്തു. കേരള സർവ്വകലാശാലയിൽ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഗവേഷണം തുടരുന്നു. ‘അച്ചടിമാധ്യമങ്ങളും കേരളത്തിലെ മുസ്ലീ നവോത്ഥാന പ്രസ്ഥാനങ്ങളും’ എന്നതാണ് ഗവേഷണ വിഷയം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേണലിസത്തിൽ ഡിപ്ലോമ. ചെറിയൊരു കാലം മാധ്യമപ്രവർത്തകനായി കൈരളി ടിവിയിൽ പ്രവർത്തിച്ചു. കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ, കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗം തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല നിയമസഭാ നിയോജക മണ്ഡലത്തിൽനിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. യുവധാര മാസികയുടെ എഡിറ്ററായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി,
എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും
സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ’ സംസ്ഥാന വ്യാപകമായി ഹൃദയപൂർവ്വം ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കാനും ‘റീസൈക്കിൾ കേരള’യിലൂടെ പുതിയ മുന്നേറ്റമുണ്ടാക്കാനും ചുക്കാൻ പിടിച്ചു.കുടുംബം: അമൃത സതീശൻ (ജീവിത പങ്കാളി), ഗുൽമോഹർ, ഗുൽനാർ – മക്കൾ

അതേസമയം രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥിയായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തിയരുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ എല്‍ഡിഎഫ് മത്സരിക്കുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മും സിപിഐയും വീതിച്ചെടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

എല്‍ജെഡിയും ജെഡിഎസും എന്‍സിപിയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുകയായിരുന്നു. സിപിഎമ്മും സിപിഐയും ഓരോ സീറ്റുകളില്‍ മത്സരിക്കും.

മൂന്നു സീറ്റുകളാണ് ഒഴിവു വന്നിരിക്കുന്നത്. ഇതില്‍ രണ്ട് സീറ്റുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാനുള്ള ഭൂരിപക്ഷമുള്ളത്. ദേശീയ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഇടത് സ്വഭാവമുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്ക് പോകട്ടേയെന്നാണ് പിണറായി നിലപാടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News