ഇന്ത്യയുടെ യുവത്വത്തിനു വേണ്ടി സംസാരിക്കും: എ എ റഹീം

രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തന്നെ തെരഞ്ഞെടുത്തത് ഡിവൈഎഫ്‌ഐക്ക് കിട്ടിയ അംഗീകാരമെന്ന് എ എ റഹീം. ഇന്ത്യയുടെ യുവത്വത്തിനു വേണ്ടി സംസാരിക്കുമെന്നും രാജ്യം ചെറുപ്പത്തതിന്റെ ശബ്ദം പ്രതീക്ഷിക്കുന്നുവെന്നും എ എ റഹീം പറഞ്ഞു.

ഡിവിഐഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായ എ എ റഹീമിനെ രാജ്യസഭയിലേക്ക് അയക്കാന്‍ സിപിഎം തീരുമാനം എടുക്കുകയായിരുന്നു. എസ്എഫ്‌ഐയിലൂടെ വളര്‍ന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു.

എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേരളാസര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് റഹീം.

നിലവില്‍ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

അതേസമയം രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥിയായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തിയരുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ എല്‍ഡിഎഫ് മത്സരിക്കുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മും സിപിഐയും വീതിച്ചെടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

എല്‍ജെഡിയും ജെഡിഎസും എന്‍സിപിയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു സീറ്റ് സിപിഐയ്ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെടുകയായിരുന്നു. സിപിഎമ്മും സിപിഐയും ഓരോ സീറ്റുകളില്‍ മത്സരിക്കും.

മൂന്നു സീറ്റുകളാണ് ഒഴിവു വന്നിരിക്കുന്നത്. ഇതില്‍ രണ്ട് സീറ്റുകളിലാണ് എല്‍ഡിഎഫിന് വിജയിക്കാനുള്ള ഭൂരിപക്ഷമുള്ളത്. ദേശീയ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ ഇടത് സ്വഭാവമുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്ക് പോകട്ടേയെന്നാണ് പിണറായി നിലപാടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News