ലോ കോളേജ് സംഘര്‍ഷത്തില്‍  പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം ലോ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. എന്നാൽ ഇതിന്‍റെ പേരിൽ ഏറ്റവും പ്രബലമായ ഒരു വിദ്യാർത്ഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണമെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.

എസ്.എഫ്.ഐയെ അടിച്ചമർത്താൻ സാധിക്കാത്തതിലെ അമർഷമാണ് പ്രതിപക്ഷത്തിന്. വ്യക്തിപരമായി കടന്നാക്രമിച്ചതിനും മുഖ്യമന്ത്രി ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്.

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവണ്‍മെന്‍റ് ലോ കോളേജില്‍ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് ശേഷം പിരിഞ്ഞ് പോകാതെ കോളേജ് ക്യാമ്പസില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ തമ്മില്‍ രാത്രി എട്ടരയോടെ സംഘര്‍ഷമുണ്ടായി.

ഇരുവിദ്യാര്‍ത്ഥി സംഘടനകളിലുംപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുള്ളതായാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊഴി ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മറുപടിയായി പറഞ്ഞു. എന്നാൽ തുടർന്ന് പ്രതിപക്ഷ നേതാവ് എസ്.എഫ്.ഐയെ അധിക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിന് മുഖ്യമന്ത്രി തക്കതായ മറുപടി നൽകി.

അതെസമയം മുഖ്യമന്ത്രി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ രാഷ്ട്രീയ എതിരാളികളെ ഉൻമൂലനം ചെയ്യാൻ നിർദേശം നൽകിയ വ്യക്തിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിനും മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകി. പ്രശ്നത്തെ മുഖ്യമന്ത്രി ലാഘവത്തോടെ കണ്ടു എന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News