കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സഭയിൽ

ബജറ്റ് ചര്‍ച്ചയുടെ രണ്ടാം ദിനം നിയമസഭയില്‍ പ്രകടമായത് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ പ്രതിഷേധമായിരുന്നു. ഭരണപക്ഷ അംഗങ്ങൾ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചപ്പോള്‍ പ്രതിപക്ഷത്തും എതിര്‍പ്പുകള്‍ ഉയര്‍ന്നു.

സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ആണ് ചര്‍ച്ച അവര്‍ ഉപയോഗിച്ചത് എങ്കിലും കേന്ദ്രനയങ്ങള്‍ ജനവിരുദ്ധമാണെന്ന് അവര്‍ക്കും പറയേണ്ടി വന്നു. വാദപ്രതിവാദങ്ങളുടെ വേദിയായി സഭ മാറി.

മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മിലുണ്ടായ വാഗ്വാദം എടുത്തു പറയേണ്ടതാണ്. സഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍ യോഗ്യനാണ് ശിവന്‍കുട്ടിയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞപ്പോൾ ഗുരുതുല്ല്യനായി കാണുന്നതില്‍ നന്ദിയെന്നും ന്യായമായ കാര്യത്തിനാണ് സഭയിൽ അന്ന് പ്രതിഷേധിച്ചതെന്നും ശിവന്‍കുട്ടി മറുപടി നൽകി.

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. ഇതിനിടെയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനും മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാഗ്വാദമുണ്ടായത്.

അതേസമയം ബജറ്റ് ചര്‍ച്ച ഫലപ്രദമായ രീതിയില്‍ നടന്നു. അംഗങ്ങൾ സംസ്ഥാന ബജറ്റിനെ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കൊവിഡ് മൂലം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കാല്‍നൂറ്റാണ്ടിന് പുറത്തേക്കുള്ള വിശാലമായ വികസന കാഴ്ചപ്പാട് കാണുകയാണ് ബജറ്റെന്ന് എംഎസ് അരുണ്‍ കുമാര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത് സംഘപരിവാറിന്റെയും ബിജെപിയുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ബഡ്ജറ്റാണെന്ന് വാഴൂര്‍ സോമന്‍ പറഞ്ഞു.

പരമ്പരാഗതമായ സാമ്പത്തിക ആയുധങ്ങള്‍ കൊണ്ടാണ് ധനമന്ത്രിയുടെ ബജറ്റ് കീറിമുറിക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് യു പ്രതിഭ പറഞ്ഞപ്പോൾ സംസ്ഥാന സര്‍ക്കാരുകളെ വരുതിക്ക് നിര്‍ത്താന്‍ ജി എസ് ടി യെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയെ അനുകൂലിച്ചുകൊണ്ടുള്ള മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ രേഖയും അദ്ദേഹം സഭയില്‍ ഹാജരാക്കി.

രണ്ടാം പിണറായി സര്‍ക്കാര്‍ തുടര്‍ച്ചയായ ഭരണത്തിലേക്ക് നീങ്ങുന്നു എന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങളെന്ന് പി വി ശ്രീനിജന്‍ പറഞ്ഞു.കടക്കെണിയുടെ പേരില്‍ ഇടതുസര്‍ക്കാറിനെ കുറ്റം പറയാന്‍ യു.ഡി.എഫിന് അവകാശമില്ലെന്ന് കെ.വി സുമേഷും വ്യക്തമാക്കി.

വ്യവസായ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നല്ല ഇടപെടലാണ് കേരള സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ കെ രാമചന്ദ്രന്‍ പറഞ്ഞു.വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ് കൃത്യമായി നിര്‍വഹിക്കുന്നില്ലെന്ന് എം മുകേഷ് അഭിപ്രായപ്പെട്ടു.

പ്രതിസന്ധികള്‍ക്കിടയിലും ജനക്ഷേമകരമായ പദ്ധതികളുമായി പിണറായി ഗവണ്‍മെന്റിന് മുന്നേറാന്‍ കഴിഞ്ഞു എന്നുള്ളതാണ് നേട്ടമെന്ന് കെ പി മോഹനന്‍ പ്രതികരിച്ചു.

ചോദ്യോത്തര വേളയിലായിരുന്നു സഭാ തലം പ്രക്ഷുബ്ധമായത്.പൊതു ആവശ്യങ്ങള്‍ക്ക് വഖഫ് ഭൂമി കൈമാറ്റം ചെയ്യാന്‍ പറ്റില്ലെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിന്റെ സഹായം സര്‍ക്കാരിന് വേണ്ടേന്നും മന്ത്രി വി അബ്ദുറഹിമാന്‍ പ്രസ്താവിച്ചു .കേരളത്തില്‍ പച്ചയും യുപിയില്‍ കാവിയുമുടുത്ത് നടക്കുന്നവരാണ് വഖഫ് ഭൂമി കൈമാറിയതെന്ന് ലീഗിനെ പരിഹസിച്ച് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

കുറ്റിക്കാട്ടൂരില്‍ തളിപ്പറമ്പും കൈമാറ്റിയ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെയാണ് ലീഗുകാര്‍ പ്രതിഷേധവുമായി ചാടിയെഴുന്നേറ്റത്.എന്നും പ്രതിപക്ഷത്തിന് പ്രതിഷേധിക്കാൻ എന്തെങ്കിലുമൊക്കെ വേണമല്ലോ…അത് നാട്ടുനടപ്പിന്റെ ഭാ​ഗമല്ലേ…..വിട്ടേക്ക്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News