ബിജെപിയുമായി ഫെയ്‌സ്ബുക്കിനുള്ള അവിശുദ്ധബന്ധം വീണ്ടും പുറത്ത്

ബിജെപിയുമായി ഫെയ്‌സ്ബുക്കിനുള്ള അവിശുദ്ധബന്ധം വീണ്ടും പുറത്തായി. ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കാന്‍ ബിജെപിക്ക് മറ്റ് പാര്‍ട്ടികളേക്കാള്‍ ചെലവ് കുറവാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കുറഞ്ഞ നിരക്കിലുള്ള ഫെയ്‌സ്ബുക്ക് പരസ്യം ബിജെപിക്ക് ഒമ്പത് തെരഞ്ഞെടുപ്പുകളില്‍ ഗുണകരമായെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

22 മാസങ്ങളായി പത്തോളം തെരഞ്ഞെടുപ്പുകളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഫെയ്‌സ്ബുക്ക് ബിജെപിയുമായി നിലനിര്‍ത്തുന്ന അവിശുദ്ധബന്ധം പുറത്തുവന്നത്. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവും ആഡ് വാച്ചും ചേര്‍ന്ന് നടത്തിയ പഠനറിപ്പോര്‍ട്ട് പ്രകാരം ഒമ്പതോളം തെരഞ്ഞെടുപ്പുകളില്‍ മറ്റ് പാര്‍ട്ടികളേക്കാള്‍ വളരെ കുറഞ്ഞ പണമാണ് ഫെയ്‌സ്ബുക്ക് ബിജെപിയില്‍ നിന്ന് പരസ്യചെലവായി വാങ്ങുന്നത്.

ഒരു രാഷ്ട്രീയ പരസ്യം പത്ത് ലക്ഷം തവണ ദൃശ്യമാക്കാന്‍ ഫെയ്‌സ്ബുക്ക് ബിജെപി സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ ശരാശരി പരസ്യത്തുക 41,844 രൂപയാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഈടാക്കുന്നത് 53,776 രൂപ. ഫെയ്‌സ്ബുക്കിന്റെ പ്രത്യേകമായി നിര്‍മിച്ചെടുത്ത അല്‍ഗോരിതമാണ് ബിജെപിക്ക് സഹായകരമാകുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. എന്നാല്‍, രാഷ്ട്രീയവ്യത്യസ്തതകളെ അംഗീകരിച്ചുകൊണ്ട് നിഷ്പക്ഷമായ മാനദണ്ഡമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നാണ് ഫെയ്‌സ്ബുക്കിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെ നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളുപയോഗിച്ച് ബിജെപി നടത്തുന്ന വര്‍ഗീയ പ്രചരണവും നേരത്തെയും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇതിലൂടെ റഷ്യന്‍ മാധ്യമങ്ങളുടെയും ഡോണാള്‍ഡ് ട്രംപിന്റെയും വരെ അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ ധൈര്യമുള്ള ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണെന്ന വാദം കൂടുതല്‍ ബലപ്പെടുകയാണ്.

ഫെയ്‌സ്ബുക്ക് ഇന്ത്യ മുന്‍ പോളിസി ഹെഡ് അംഖി ദാസിന്റെ ബിജെപി രാഷ്ട്രീയ പക്ഷപാതിത്വവും വിദ്വേഷപ്രചരണവുമുള്‍പ്പെടെ മാധ്യമവാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദില്ലി കൂട്ടക്കൊലക്കാലത്ത് വംശവെറി പടര്‍ത്താന്‍ ഫെയ്‌സ്ബുക്ക് പോലുള്ള മാധ്യമങ്ങളെ ബിജെപി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിചാരണയില്‍ പങ്കെടുക്കാനും ഫെയ്‌സ്ബുക്ക് വിസമ്മതിച്ചു. കര്‍ഷകസമരത്തെ പുറത്തെത്തിക്കാതിരിക്കാനുള്ള അല്‍ഗോരിതം സെറ്റ് ചെയ്ത ഫെയ്‌സ്ബുക്ക് അണിയറയില്‍ അടുത്തതായി ഒരുക്കുന്ന ബിജെപി പ്രീണന നീക്കമെന്താണെന്നാണ് കണ്ടറിയേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here