‘സൂര്യാഘാതം’, ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ടുള്ള വെയില്‍ കൊള്ളരുത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഇതിനനുസരിച്ച് ജോലി ക്രമീകരിക്കണം. പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കണമെന്നും നിര്‍ദേശം നല്‍കി.

അങ്കണവാടികള്‍, ബസുകള്‍, ട്രക്ക്, ലോറി തുടങ്ങിയവയിലും പൊലീസ് ഉള്‍പ്പെടെ വെയിലത്ത് ജോലി ചെയ്യുന്നവരും ആവശ്യത്തിന് കുടിവെള്ളം, ഒ.ആര്‍.എസ് കിറ്റ് എന്നിവ കരുതണം. 65 വയസ്സിനു മുകളിലുള്ളവര്‍, ഹൃദ്രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, കഠിന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക കരുതല്‍ ആവശ്യമാണ്.

ഉയര്‍ന്ന ശരീര താപം, വറ്റിവരണ്ട ശരീരം/ശരീരഭാഗങ്ങളില്‍ പൊള്ളല്‍ /ചുവന്ന് തടിക്കല്‍, വേദന, ശക്തമായ തലവേദന, തലകറക്കം, വലിവ്, ഓക്കാനം, ചര്‍ദ്ദി, അസാധാരണമായ വിയര്‍പ്പ്, മാനസികാവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മൂത്രത്തിന്റെ അളവ് കുറയുക /മഞ്ഞനിറം എന്നിവയാണ് സൂര്യാതപം /സൂര്യാഘാതത്തിന്റെ പൊതു ലക്ഷണങ്ങള്‍.

സൂര്യാഘാതം ഏറ്റയാളെ ഉടന്‍തന്നെ തണല്‍ ഉള്ള സ്ഥലത്തേക്ക് മാറ്റുക, പൊള്ളല്‍ ഏല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്, കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കുക, തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുക, ധാരാളം വെള്ളവും പഴവര്‍ഗങ്ങളും കഴിക്കുക, അടിയന്തര വൈദ്യ സഹായം നല്‍കുക എന്നിവയാണ് ചെയ്യേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here