ബ്ലാസ്റ്റേഴ്സിന്റെ തലവര മാറ്റിയെഴുതിയ ‘വുകോമനോവിച്ച് മാജിക് ‘

വാസ്‌കോ തിലക് മൈതാൻ സ്‌റ്റേഡിയത്തിലെ രണ്ടാംപാദ സെമിയിൽ ലീഗ് ചമ്പ്യാൻന്മാരായ ജംഷഡ്പൂരിനെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ ജയം നേടിയിരിക്കുയാണ്. ആറാണ്ടിനുശേഷമാണ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചിന്നം വിളികേൾക്കുന്നത്.സെമിയിൽ ഷീൽഡ് ജേതാക്കളായ ജംഷഡ്പുർ എഫ്‌സി‌യെ ഇരുപാദങ്ങളിലുമായി 2–1ന് കീഴടക്കിയാണ് ബ്ലാസ്റ്റേഴ്സ് ഫെെനലിലേക്ക് കുതിച്ചത്

മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ചുറുചുറുക്കോടെയും, ഒത്തിണക്കത്തോടെയും, ആവേശത്തോടെയുമാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ് കളികളത്തിലേക്ക് ഇറങ്ങിയത്.അതിന് കാരണങ്ങൾ പലതാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ഇവാൻ വുകോമനോവിച്ച് എന്ന പരിശീലകന്റെ സാന്നിധ്യം തന്നെയാണ്.

ഇവാനെന്ന സെർബിയൻ പരിശീലകനാണ് തകർന്ന് കിടന്നിരുന്ന ബ്ലാസ്റ്റേഴ്സിന്റെ തലവര മാറ്റിയെഴുതിയത്. ആരാധകരും, ഫുട്ബോൾ വിദഗ്ധരുമെല്ലാം ഒരേ സ്വരത്തിൽ ഇക്കാര്യം പറയുന്നുണ്ട്.

ഇവാൻ വുകോമനോവിച്ച് ടീമിൽ കൊണ്ടു വന്ന മാജിക്ക് എന്താണ് എന്നതിന് അഭിമുഖത്തിനിടെ മലയാളി താരം സഹൽ പറയുന്നതിങ്ങനെയാണ് . കളികാർ മുതൽ സ്റ്റാഫംഗങ്ങൾ വരെ ടീമിലെ ഓരോരുത്തരോടും എങ്ങനെയാണ് പെരുമാറേണ്ടതെന്നും, എല്ലാവരേയും എങ്ങനെയാണ് കാണേണ്ടതെന്നും ഇവാന് കൃത്യമായി അറിയാമെന്നും , എല്ലാവരേയും ഒരു പോലെ, ഏറ്റവും മികച്ച രീതിയിലാണ് അദ്ദേഹം ട്രീറ്റ് ചെയ്യുന്നതെന്നുമാണ് സഹൽ പറഞ്ഞത്. അതേ വുകോമ നോവിച്ചിന്‍റെ തന്ത്രങ്ങളുടെ മികവിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന്‍റെ കുതിപ്പ്.

ആരാണ് ഇവാൻ വുകോമനോവിച്ച്?

ഏഴു വർഷത്തിനിടെ ടീമിൻറെ പന്ത്രണ്ടാമത്തെ പരിശീലകൻ. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം പരിശീലകരെ മാറി മാറി പരീക്ഷിച്ച മറ്റൊരു ടീമുണ്ടാകില്ല ഐ എസ് എല്ലിൽ.

മികച്ച പ്രകടനം കാഴ്ച വച്ച സ്റ്റീവ് കോപ്പലിന് പോലും ബ്ലാസ്റ്റേഴ്സിൻറെ പരിശീലകക്കുപ്പായത്തിൽ രണ്ടാമതൊരു ഊഴം കിട്ടിയിട്ടില്ല. ഫുട്ബോളിലെ യുവതലമുറ പരിശീലകരുടെ പ്രതിനിധിയെന്ന് വുകോമനോവിച്ചിനെ പറയാം.

പരിശീലനരംഗത്ത് ഏഴ് വർത്തെ അനുഭവസമ്പത്ത് മാത്രമാണ് വുകോമനോവിച്ചിനുള്ളത്. ഇത് വരെ പരിശീലിപ്പിച്ചത് മൂന്നു ടീമുകളെ മാത്രമാണ് .പതിനഞ്ച് വർഷത്തോളം യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകൾക്കും വേണ്ടി കളിച്ച അനുഭവസമ്പത്തും വുകോമനോവിച്ചിന് ഉണ്ട്.

ഡിഫൻഡറായും ഡിഫൻസീവ് മിഡ് ഫീൽഡറായും ഒരുപോലെ തിളങ്ങിയിട്ടുള്ള താരമാണ് അദ്ദേഹം. പരമ്പരാഗത 4-4-2 ശൈലിയിലാണ് വുകോമനോവിച്ച് കൂടുതലായും ടീമുകളെ ഇറക്കുന്നത്. പ്രതിരോധത്തിൽ ഊന്നി കളിമെനയാൻ ഇഷ്ടപ്പെടുന്ന പരിശീലകനും പരമാവധി താരങ്ങൾക്ക് അവസരം നൽകുന്ന പരിശീലകനും കൂടിയാണ് വുകോമനോവിച്ച്.

മുൻ സീസണുകളിലെ ബ്ലാസ്റ്റേഴ്സ് പരിശീലകരും വുകോമനോവിച്ചും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്. പ്രതീക്ഷയുടെ വലിയ ഭാണ്ഡവും പേറിയാണ് കഴിഞ്ഞ സീസണുകളിൽ ഓരോ പരിശീലകനും ബ്ലാസ്റ്റേഴ്സിലേക്ക് വന്നത്. പരിശീലിപ്പിച്ച ടീമുകളുടെ പെരുമയും പോയ സീസണുകളിലെ വിജയക്കണക്കുകളും അവർക്ക് പറയാനുണ്ടായിരുന്നു. എന്നാൽ അങ്ങനെ വലിയ അവകാശവാദങ്ങളില്ല എന്നതാണ് വുകോമ നോവിച്ചിനെ വ്യത്യസ്തനാക്കുന്നത്.

പ്രതീക്ഷകളുടെ ഭാരവും ചുമന്നല്ല വുകോമ നോവിച്ച് വരുന്നത്. ഇതുവരെ വന്ന ഹൈപ്രൊഫൈൽ കോച്ചുമാരെ പോലെ അല്ല ഈ സെർബിയക്കാരൻ. പ്രതീക്ഷകളുടെ അമിത ഭാരമില്ലായ്മ തന്നെയാണ് അദ്ദേഹത്തിനുള്ള പ്രധാന അനുകൂലഘടകം. അദ്ദേഹത്തിൻറെ പരിശീലന കരിയറിലെ നാലാമത്തെ ക്ലബ്ബ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ്, പക്ഷേ പരിശീലിപ്പിച്ച മൂന്നിൽ രണ്ട് ക്ലബ്ബുകളിൽ മികച്ച നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

എട്ടാം സീസണിലെ തുടക്കം കണ്ടപ്പോൾ ശേഷിച്ച പ്രതീക്ഷയും കൈവിട്ടുപോയ ആരാധകരുടെ അടുക്കലേക്കാണ് വുകോമനോവിച്ച് എത്തുന്നത് . അദ്ദേഹത്തിന്റെ പ്രായോഗിക തന്ത്രങ്ങൾ എല്ലാവരേയും അമ്പരപ്പിച്ചു.
ആദ്യ ഘട്ടം പൂർത്തിയാവുമ്പോൾ എതിരാളികള്‍ക്ക് തോൽപിക്കാൻ ഏറ്റവും പ്രയാസമുള്ള ടീമുകളിലൊന്നായി ബ്ലാസ്റ്റേഴ്സ് ഉയർന്നു .

ആകെ ഇരുപത് കളിയിൽ തോറ്റത് നാല് തവണ മാത്രം. ഒൻപത് ജയവും ഏഴ് സമനിലയും നേടിയാണ് സെമി ഫൈനലിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ഫൈനലിലിൽ എത്തിയത് . ഇരുപത്തിനാല് ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 34 ഗോൾ വലയിലിട്ടു. സ്വന്തമാക്കിയത് 34 പോയിന്‍റ്. ഐഎസ്എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഉയർന്ന പോയിന്‍റും ഗോളുകളുമാണിത്. ഇതുകൊണ്ടുതന്നെയാണ് 2016ന് ശേഷം ആദ്യമായി ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തിയതും.

ഈ സീസണിൽ തുടർച്ചയായ 10 കളിയിൽ തോൽവി അറിയാതെ പുതിയ റെക്കോർഡ് കുറിച്ച ബ്ലാസ്റ്റേഴ്‌സ് ഇതിന് മുൻപ് രണ്ട് തവണ സെമിയിലെത്തിയിട്ടുണ്ട്. രണ്ട് തവണയും ഫൈനലിലേക്ക് മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് എ ടി കെയ്ക്ക് മുന്നിൽ തലകുനിച്ചു. വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ ഇത്തവണ ഇതിനെല്ലാം പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ലൂണ

വമ്പൻ താരങ്ങൾ ഒന്നുമില്ലാതെ ചെറുതാരങ്ങളെ ഏറെ ആത്മവിശ്വാസത്തോടെ കളിക്കളത്തിലേക്ക് ഇറക്കുവാൻ വുകോമനോവിച്ച് കാണിച്ച ധൈര്യം എടുത്തുപറയേണ്ട ഒന്നാണ്. ലൂണ എന്ന മധ്യനിര താരത്തെ പ്ലേമക്കറായി ഉയർത്തിയതിൽ വുകോമനോവിച്ച് നിർണായ പങ്കുവഹിച്ചു.മലയാളി താരം സഹൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതും ഈ സീസണിലായിരുന്നു.

സഹല്‍

ഒരു മലയാളി താരത്തെ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയായി വാർത്തെടുക്കാൻ വുകോമനോവിച്ച് എന്ന കോച്ചിന് സാധിച്ചുവെന്നും തന്നെ പറയാം. വിദേശ താരങ്ങൾ മാത്രം പന്ത് തട്ടിയിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ ഇന്ത്യൻ താരങ്ങളെ ഇറക്കി വിജയം കൊയ്യുവാൻ വുകോമനോവിചിന് കഴിഞ്ഞു.

ഇപ്പോൾ ഏറെ പ്രതീക്ഷയിലാണ് മഞ്ഞപ്പടയും ആരാധകരും. ഈ മാസം 20 ന് ഫത്തോർദയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരം കഴിഞ്ഞ് കന്നി കിരീടവുമായി വരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ എല്ലാവരും സ്വപ്നം കാണാൻ തുടങ്ങിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വുകോമനോവിച്ച് ഉണ്ടെന്ന ആത്മവിശ്വാസം തന്നെയാണെന്ന് ഉറപ്പിച്ച് പറയാം .

ഫുട്‍ബോളിൽ ഭാഷയ്ക്ക് വലിയ സ്ഥാനമൊന്നുമില്ലെങ്കിലും ഈ അവസരത്തിൽ മഞ്ഞപ്പട ആരാധകർക്ക് വേണ്ടി സെർബിയൻ കോച്ചിനോട് അദ്ദേഹത്തിന്റെ ഭാഷയിൽ നന്ദി പായാതെ വയ്യ ഹ്വാല വം നോഗോ ഇവാൻ …

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News