മിണ്ടാട്ടം മുട്ടിയ രാഹുൽ ജീ യെ ഇനിയും വിശ്വസിക്കണോ ?

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊരിഞ്ഞ പോരാണ് . തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ആരും തയ്യാറല്ല .നാളിതുവരെ ഒരു അധ്യക്ഷനെ നിയോഗിക്കാൻ പോലും കഴിയാത്തത്ര ഗതികെട്ട അവസ്ഥയിലാണ് ദീർഘ നാൾ രാജ്യം ഭരിച്ചിരുന്ന പാർട്ടി. ഇപ്പോഴിതാ ദേശീയ പാർട്ടിയുടെ മുതിർന്ന നേതാവ് കപിൽ സിബൽ തന്നെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

ഗാന്ധിമാര്‍ നേതൃസ്ഥാനത്തുനിന്ന് മാറി മറ്റാര്‍ക്കെങ്കിലും സ്ഥാനം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷവും പാര്‍ട്ടിയുടെ തകര്‍ച്ചയുടെ കാരണങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ നേതൃത്വം വെള്ളരിക്കാപ്പട്ടണത്തിലാണ് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി നേതാക്കൾ ഗാന്ധികുടുംബത്തിന് പുറത്തുണ്ട്… രാഹുൽ ഗാന്ധി പ്രസിഡന്റ്‌ അല്ലെങ്കിലും എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് അദ്ദേഹമാണ്. പഞ്ചാബില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും പാര്‍ട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുല്‍ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും കപിൽ സിബല്‍ ആരോപിച്ചു.

‘അദ്ദേഹം ഇപ്പോള്‍ തന്നെ പ്രസിഡന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ എന്തിനാണ് തിരികെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വം സാങ്കല്‍പ്പിക ലോകത്താണെന്ന്’ പറഞ്ഞ സിബല്‍, പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും തുറന്നടിച്ചു .

എനിക്ക് തീര്‍ച്ചയായും ഒരു ‘ഘര്‍ കി കോണ്‍ഗ്രസ്’ ആവശ്യമില്ല. എന്റെ അവസാന ശ്വാസം വരെ ‘സബ് കി കോണ്‍ഗ്രസിന്’ വേണ്ടി ഞാന്‍ പോരാടും. ഈ ‘സബ് കി കോണ്‍ഗ്രസ്’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരുമിച്ചുകൂടുകയല്ല, മറിച്ച് ബി.ജെ.പിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ്, ”എന്നായിരുന്നു കപിൽ സിബൽ പറഞ്ഞവസാനിപ്പിച്ചത്. പാർട്ടിയുടെ അകത്തുതന്നെ നിൽക്കുന്ന ഒരു മുൻനിര നേതാവ് തന്നെ ഇങ്ങനെ പറയുന്നതിൽ ഒരു അത്ഭുതവും ഇല്ല.. കോൺഗ്രസിന്റെ ഈ തകർച്ചക്ക് കാരണം സോണിയയും രാഹുലും പ്രിയങ്കയുമടങ്ങുന്ന നെഹ്‌റു കുടുംബമാണെന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാവുന്ന കാര്യമാണ് ….

2014 ൽ നരേന്ദ്ര മോദി ഭരണകൂടം അധികാരത്തിയെത്തിയ ശേഷം രാജ്യത്തെ വർഗീയ ഫാസിസ്റ്റു ഭരണകൂടത്തിന് നേരെ ഏത് സമരമുഖത്താണ് നമുക്ക് കോൺഗ്രസിനെ കാണാൻ സാധിച്ചത്! പൗരത്വ ഭേദഗതി വിഷയത്തിൽ ഈ രാജ്യം സമരമുഖത് ആയിരുന്നപ്പോൾ വിദേശ രാജ്യത്ത് കറങ്ങി നടന്ന രാഹുൽ ഗാന്ധിയിൽ നിന്നും എന്താണ് ഇന്ത്യ പ്രതീക്ഷിക്കേണ്ടത് . നരേന്ദ്രമോദിയെയും ബി ജെ പി യെയും മുട്ടുകുത്തിച്ചു ഒരു വർഷത്തിലേറെ നീണ്ടുനിന്ന കർഷക സമരത്തിലും ഫോട്ടോഷൂട്ടിനല്ലാതെ രാഹുൽ ഗാന്ധിയെയോ കോൺഗ്രസ് നേതാക്കളോ എത്തിയിരുന്നില്ല .തിരഞ്ഞെടുപ്പ് വേളകളിൽ കാഷായ വസ്ത്രം ധരിക്കുന്നതിൽ മാത്രമാണ് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ രാഹുലിന് ബി ജെ പി യുടെ മുന്നിലെത്താനായത് .

കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞ കോൺഗ്രസ്‌ അതിൽ നിന്നൊന്നും പാഠം ഉൾക്കൊള്ളാനോ തിരുത്തൽ നടപടിക്കോ തയാറായിരുന്നില്ല . എഐസിസി അധ്യക്ഷപദവി ഒഴിഞ്ഞ രാഹുൽ ഗാന്ധി ലോകം ചുറ്റി നടക്കാനാണ് സമയം കണ്ടെത്തിയത് . ഇതിനിടയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എല്ലാം തന്നെ ഉദാസീന നിലപാടാണ്‌ രാഹുലും സംഘവും കൈക്കൊണ്ടത്. അതുകൊണ്ട് തന്നെ ജയിക്കാമായിരുന്ന സംസ്ഥാനങ്ങളിൽ പോലും തോറ്റ് തുന്നംപാടിയ കാഴ്ചയാണ് കണ്ടത് .പ്രാദേശിക കക്ഷികൾ പോലും ഇന്ന് കോൺഗ്രസിനെ വിശ്വസിക്കാൻ ആകില്ലെന്ന ഉറച്ച സ്വരത്തിലാണ് .

രാഹുലിനെതിരെ കൂടുതൽ നേതാക്കൾ രംഗത്തുവരുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത് .രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ ഒരു വിഭാഗം സ്വീകരിക്കുന്ന മൃദുഹിന്ദുത്വ നിലപാടുകൾക്കെതിരെ പ്രവർത്തകസമിതിയിൽ രൂക്ഷവിമർശനമാണുള്ളത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നും 2014 മുതല്‍ കോണ്‍ഗ്രസ് താഴേക്ക് പോവുകയാണെന്നും വിമർശനുണ്ട്.ഒട്ടനവധി വിമർശനങ്ങൾ രാഹുൽ ഗാന്ധിക്ക് നേരെ വരുമ്പോഴും ഇതുവരെയും പ്രതികരിക്കാൻ രാഹുൽ തയാറായിട്ടില്ല .

ഉത്തരേന്ത്യയിൽ ബി ജെ പി യെ നേരിടുന്നതിന് പകരം കേരളത്തിൽ വന്ന് ഇടതുപക്ഷത്തെ തോൽപ്പിക്കാനെത്തിയ രാഹുൽ ഗാന്ധിയെ ഇനിയും ആരും ഇന്ത്യൻ മതേതരത്വത്തെ രക്ഷിക്കാനുള്ള മുഖമായി കാണരുത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News