പൊലീസ് വകുപ്പില്‍ പുതിയ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

പൊലീസ് വകുപ്പില്‍ പുതിയ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിന് കീഴില്‍ പുതിയ 233 തസ്തികകളും ഇതിനായി സൃഷ്ടിക്കും. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ചതി, സാമ്പത്തിക തട്ടിപ്പുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന് കീഴില്‍ പുതിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. 226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. കെ ഫോണ്‍ പദ്ധതിക്ക് വിവിധ ആനുകൂല്യങ്ങളും ഇളവുകളും നല്‍കാന്‍ തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വകുപ്പുകള്‍, അവയുടെ താഴെ തട്ടിലുള്ള ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും റൈറ്റ് ഓഫ് വെ അനുമതി തേടുന്നത് ഒഴിവാക്കും. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി ഈടാക്കുന്ന വാര്‍ഷിക നിരക്കുകള്‍, തറവാടക, റെസ്റ്ററേഷന്‍ ചാര്‍ജുകള്‍/ റീയിന്‍സ്റ്റേറ്റ്‌മെന്റ് ചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ചാര്‍ജുകളും ഒഴിവാക്കും.

മേല്‍പറഞ്ഞ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ്, ബാങ്ക് ഗ്യാരണ്ടി, പെര്‍ഫോമന്‍സ് ബാങ്ക് ഗ്യാരണ്ടി എന്നിവ സമര്‍പ്പിക്കുന്നതില്‍ നിന്നും കെ ഫോണിനെ ഒഴിവാക്കാനും തീരുമാനിച്ചു. ടെക്‌നോ പാര്‍ക്കിന് 8.71 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ടെക്‌നോ പാര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കേന്ദ്ര സര്‍ക്കാരിന്റെ എം എസ് എം ഇയ്ക്ക് ടെക്‌നോളജി സെന്റര്‍ സ്ഥാപിക്കുന്നതിന് പാട്ടവ്യവസ്ഥയില്‍ നല്‍കിയ നടപടി സാധൂകരിച്ചു.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പളം , ക്ഷാമബത്ത എന്നിവ ഏഴാം കേന്ദ്ര ശമ്പള പരിഷ്‌ക്കരണ പ്രകാരം 2016 മുതല്‍ പ്രാബല്യത്തില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റു സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ മാനേജിങ്ങ് ഡയറക്ടര്‍/ സെക്രട്ടറി/ഡയറക്ടര്‍/ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരുടെ പ്രായപരിധി 70 വയസ്സാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News