നൂറ്റാണ്ടിൻ്റെ നിറവിൽ മാതൃഭൂമി; ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കമാവും

നൂറ്റാണ്ടിൻ്റെ നിറവിൽ മാതൃഭൂമി ദിനപത്രം. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ കോഴിക്കോട് തുടക്കമാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും.

കേരളത്തെ രൂപപ്പെടുത്തിയ ചരിത്രഘട്ടങ്ങളിലെല്ലാം സാക്ഷിയാണ് മാതൃഭൂമി ദിനപത്രം. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ പടയാളി. നാടിൻ്റെ സാമൂഹിക സാംസ്ക്കാരിക പരിവർത്തനത്തിൽ പ്രധാന പങ്കുവഹിച്ച പത്രം നൂറാം വർഷത്തിലേയ്ക്ക് കടക്കുന്നു. 1923 മാർച്ച് 18 ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുറത്തിറങ്ങുന്ന ഒരു ത്രൈവാരികയായിട്ടാണ്‌ മാതൃഭൂമിയുടെ ആരംഭം.

സ്വാതന്ത്ര്യ സമരത്തിന് ശക്തി പകരാൻ ഗാന്ധിജിയാണ് മലബാറിൽ നിന്നൊരു പത്രം തുടങ്ങാൻ ഉപദേശിച്ചത്. അനേകം പ്രതിസന്ധികൾ മറികടന്ന് 900 രൂപയ്ക്ക് വാങ്ങിയ ഒരു സിലിണ്ടർ പ്രസ്സിൽ അച്ചടി ആരംഭിച്ചു. ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന കെ പി കേശവമേനോൻ, കെ മാധവൻ നായർ തുടങ്ങിയ ഒരു സംഘം ചെറുപ്പക്കാരാണ് മാതൃഭൂമി തുടങ്ങിയത്.
1930 ഏപ്രിൽ 6 ന് മാതൃഭൂമി, ദിനപത്രമായി. 1934 ജനുവരി 13 ന് ഗാന്ധിജി കോഴിക്കോട്ടെ മാതൃഭൂമി ഓഫീസ് സന്ദർശിച്ചതും ചരിത്രം.

ക്വിറ്റ് ഇന്ത്യാ വാർത്തകൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന ബ്രിട്ടീഷ് സർക്കാരിൻ്റെ ഉത്തരവിനെ തുടർന്ന് 1942 ആഗ. 22 ന് പത്രം നിർത്തി. ഇളവ് നൽകിയതിനെ തുടർന്ന് സെപ്റ്റംബർ 2 ന് പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1962 ൽ രണ്ടാമത് എഡിഷൻ കൊച്ചിയിൽ തുടങ്ങി. ഇപ്പോൾ 15 എഡിഷനുള്ള പത്രമാണ് മാതൃഭൂമി.

സത്യം, സമതത്വം, സ്വാതന്ത്ര്യം എന്ന ആശയം മുറുകെ പിടിച്ച് പുതിയ കാലത്തിൻ്റെ മാറ്റം ഉൾക്കൊണ്ട് മുന്നോട്ടു പോവുകയാണ് മാതൃഭൂമിയെന്ന് മാനേജിംഗ് ഡയറക്ടർ എം വി ശ്രേയാംസ് കുമാർ എം പി പറഞ്ഞു.

കോഴിക്കോട് ട്രേഡ് സെൻ്ററിൽ ആരംഭിക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓൺലൈൻ വഴി നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി മുഖ്യപ്രഭാഷണം നടത്തും.

ശതാബ്ദി ഫലക അനാച്ഛാദനം എം ടി വാസുദേവൻ നായർ നിർവഹിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിക്കും. ഒരു വർഷം നീളുന്ന ആഘോഷത്തിൻ്റെ ഭാഗമായി കലാ സാഹിത്യ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാനാണ് മാതൃഭൂമി മാനേജ്മെൻ്റിൻ്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News