പുട്ട് ഇത്രയും വില്ലനോ? പുട്ട് ബന്ധങ്ങളെ തകര്‍ക്കും…. വൈറലായി മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ്

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പ്രഭാത ഭക്ഷണമാണ് പുട്ട്. എന്നാല്‍ ഈ പുട്ട് ഒരു കുടുംബകലഹത്തിന് കാരണമായി എന്ന് കേട്ടാല്‍ നമ്മള്‍ എല്ലാവരും ഒന്ന് ഞെട്ടും. എന്നാല്‍ ആരും ഞെട്ടണ്ട, സംഭവം സത്യമാണ്…

ദിവസവും രാവിലെ പുട്ടു കഴിച്ച് മടുത്ത ബംഗളൂരുവില്‍ പഠിക്കുന്ന മലയാളിയായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ബംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ജയിസ് ജോസഫ്. മുക്കത്തുകാരനായ ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് ഇപ്പോള്‍ തരംഗമായി മാറിയത്. ‘എക്സലന്റ്’ എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്.

മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്- ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ്. നടന്‍ ഉണ്ണി മുകുന്ദനടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കിട്ടിരുന്നു.

‘എനിക്കിഷ്ടമില്ലാത്ത ഭക്ഷണം’ എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാ പരീക്ഷയിലെ നിര്‍ദേശം. ‘എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ്’ എന്നു പറഞ്ഞാണ് ജയിസിന്റെ ഉത്തരം തുടങ്ങുന്നത്.

‘കേരളീയ ഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ചു മിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്കു പറയുമ്പോള്‍ എനിക്ക് കരച്ചില്‍ വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും’- എന്നു പറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here