ഒന്നര വർഷത്തിനകം 1336 ബസ്സുകൾ നിരത്തിലിറക്കാനാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്: മന്ത്രി ആന്‍റണി രാജു

കെ എസ് ആർ ടി സിയെ തകർച്ചയിൽ നിന്നും കരകയറ്റാൻ നിരവധി പദ്ധതികളാണ് എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ആന്‍റണി രാജു നിയമസഭയിൽ. ഡീസൽ വിലയിൽ ഉണ്ടായിട്ടുള്ള വൻ വർധനവ് കെഎസ്ആർടിസിയുടെ നഷ്ടം ഇരട്ടിയാക്കി.

ഇതിനെതിരെ പറയാൻ സംസ്ഥാനത്തെ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മന്ത്രി വിമർശിച്ചു. അതെസമയം കെ റെയിലിനുവേണ്ടി കെ എസ് ആർ ടി സിക്ക് സർക്കാർ ദയാവധം നൽകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

സർക്കാർ കെഎസ്ആർടിസിയെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകുന്ന കെ എസ് ആർ ടി സിയെ തകർക്കുന്നത് ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നയമാണ്. എന്നാ ഈ നടപടിയെ  സംസ്ഥാനത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നതായും മന്ത്രി പറഞ്ഞു.

മൂന്ന് മാസം കൊണ്ട് ഡീസൽ ലിറ്ററിന് കൂടിയത് 38 രൂപയാണ്. ഡീസൽ വില എണ്ണക്കമ്പനികൾ 21 രൂപ 10 പൈസ വച്ച് ലിറ്ററിന് കൂട്ടുമ്പോൾ കെഎസ്ആർടിസിക്ക് പ്രതിവർഷം നഷ്ടം 2000 കോടിയാണ്. പൊതുമേഖലാ സ്ഥാപനത്തെ തകർക്കുകയാണ് ലക്ഷ്യം. ഈ അനീതിക്കെതിരെ നിയമ പോരാട്ടമല്ലാതെ മറ്റ് മാർഗമില്ല.

ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും ഈ പൊതുമേഖല സ്ഥാപനത്തെ കരകയറ്റാൻ വേണ്ടി ആവിഷ്കരിച്ച പദ്ധതികൾ ഗതാഗതമന്ത്രി ആന്‍റണി രാജു വിശദീകരിച്ചു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കി വരുന്നു. ശമ്പള പരിഷ്കരണം നടപ്പാക്കി. പെൻഷനും മുടങ്ങാതെ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒന്നര വർഷത്തിനകം 1336 ബസ്സുകൾ നിരത്തിലിറക്കാനാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്. കെ സ്വിഫ്റ്റ് പദ്ധതി യാഥാർത്ഥ്യമാക്കി. ഗ്രാമ വണ്ടി പദ്ധതി ഉടൻ ആരംഭിക്കും.856 ബസുകൾ സ്ക്രാപ്പ് ആക്കി വിൽക്കുന്ന നടപടിയും ആരംഭിച്ചു.

കെ റെയിലിനുവേണ്ടി കെ എസ് ആർ ടി സിക്ക് ദയാവധം നൽകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News