കന്നിക്കിരീടവുമായി മഞ്ഞപ്പട എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍

രണ്ട് തവണ ഭാഗ്യത്തിനും ചുണ്ടിനുമിടയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടപ്പെട്ടത്. ചരിത്ര കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ഫറ്റോർദയിൽ ഫൈനൽ പോരാട്ടത്തിനിറങ്ങുകയാണ് ഇവാൻ വുകുമനോവിച്ച് പരിശീലിപ്പിക്കുന്ന കേരളത്തിന്റെ കൊമ്പന്മാർ. നാടെങ്ങുമുള്ള ആരാധകരുടെ മനം കവർന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അഡാർ ലൈനപ്പിലുള്ള മിന്നും താരങ്ങളെ പരിചയപ്പെടാം.

1. അഡ്രിയാൻ ലൂണ (വിങ്ങർ )

Adrian Luna Signs Two-year Deal With ISL Club Kerala Blasters; Leaves Melbourne City FC

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്ടനാണ് ഉറുഗ്വായ് താരം അഡ്രിയാൻ ലൂണ . 29 കാരനായ ലൂണ അറ്റാക്കിഗ് മിഡ് ഫീൽഡറായും വിങ്ങറായും മിന്നും പ്രകടനമാണ് സീസണിൽ പുറത്തെടുത്തത്. ചെന്നൈ ക്കെതിരെയുള്ള മഴവില്ലഴകുള്ള ഗോൾ ഉൾപ്പെടെ അര ഡസൻ ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്ടൻ ഇതുവരെ നേടിയത്. അസിസ്റ്റുകളിൽ ടീമിലെ മറ്റ് താരങ്ങളേക്കാൾ ഏറെ മുന്നിലാണ് ലൂണ.

2. അൽവാരോ വാസ്ക്വേസ് (സ്ട്രൈക്കർ)

Match 38: Chennaiyin FC vs Kerala Blasters FC, Tilak Maidan Stadium, Vasco

ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ ചടുലനീക്കങ്ങളുമായി എതിർ താരങ്ങളെ അങ്കലാപ്പിലാക്കുന്ന താരമാണ് അൽവാരോ വാസ്ക്വേസ്. 30 കാരനായ ഈ സ്പാനിഷ് മുന്നേറ്റ നിര താരം നടപ്പ് സീസണിൽ ഇതിനകം നേടിയത് എട്ടു ഗോളുകളാണ്. രണ്ട് അസിസ്റ്റുകളും വാസ്ക്വേസിന്റെ പേരിലുണ്ട്. ലാലീഗയിലും പ്രീമിയർ ലീഗിലും ഉൾപ്പെടെ കളിച്ച് തെളിഞ്ഞ വാസ്ക്വേസ് ബ്ലാസ്റ്റേഴ്സ് ടീമിലെ 99 ആം നമ്പർ ജഴ്സിയാണ് അണിയുന്നത്.

3. ജോർഗെ പെരീര ഡിയാസ് (സ്ട്രൈക്കർ)

Kerala Blasters signed Argentinian striker Jorge Rolando Pereyra Diaz, Kerala Blasters signed Argentinian striker Jorge Rolando Pereyra Diaz, kerala new, isl news

അപാരമായ ഡ്രിബ്ലിംഗ് മികവാണ് ജോർഗെ പെരീര ഡിയാസെന്ന അർജന്റീന താരത്തെ വ്യത്യസ്തനാക്കുന്നത്. ചെന്നൈയിൻ എഫ്.സിക്കെതിരെ നേടിയ ഇരട്ട ഗോൾ ഉൾപ്പെടെ ഇതിനകം എട്ടു ഗോളുകൾ ഈ 30 ആം നമ്പർ താരത്തിന്റെ ശേഖരത്തിലുണ്ട്. ഡെയ്ഞ്ചർ ഡിയാസെന്നാണ് ഈ 31 കാരന് ആരാധകരിട്ട വിളിപ്പേര്.

4. സഹൽ അബ്ദുസമദ് (മിഡ് ഫീൽഡർ / വിങ്ങർ )

Kerala Blasters' Sahal Abdul Samad finally converting potential into performances

ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേരുള്ള സഹൽ അബ്ദുസമദ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേമേക്കറാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറയുന്ന ഈ കണ്ണൂരുകാരൻ സീസണിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ജംഷെദ്പുരിനെതിരെ ആദ്യ സെമിയുടെ ആദ്യപാദത്തിൽ നേടിയ അതിമനോഹരമായ ഗോൾ ഉൾപ്പെടെ സീസണിൽ ഈ 24 കാരൻ നേടിയത് ആറ് ഗോളുകളാണ്. ടീമിൽ 18 ആം നമ്പർ ജഴ്സിയാണ് സഹലിന്റേത്.

5. മാർക്കോ ലെസ്കോവിച്ച് (സെന്റർ ബാക്ക്)

Profile: Who is Kerala Blasters' latest foreign signing Marko Leskovic?

കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ ക്രൊയേഷ്യൻ വന്മതിലാണ് മാർക്കോ ലെസ്കോവിച്ച്. യൂറോപ്പിലെ വിവിധ ക്ലബ്ബുകൾക്കായി കളിച്ച് പരിചയമുള്ള ഈ 31 കാരൻ നടപ്പ് സീസണിൽ ഉശിരൻ പ്രകടനമാണ് കെട്ടഴിക്കുന്നത്. ടീമിൽ 55 ആം നമ്പർ ജഴ്സിയാണ് ലെസ്കോവിച്ചിന്റേത്.

6. എനെസ് സിപോവിച്ച് (സെൻറർ ബാക്ക്)

Sipovic wants to stay with the Blasters, revealing what needs to be done if the team is to be the best

ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കോട്ടയിലെ പ്രധാനികളിലൊരാളാണ് ബോസ്നിയ ആൻഡ് ഹെർസഗോവിനക്കാരനായ എനെസ് സിപോവിച്ച്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്.സിയുടെ പ്രതിരോധക്കോട്ട കാത്ത ഈ 31 കാരൻ  സിപോവിച്ച് നടപ്പ് സീസണിലും ഫോമിലാണ്. ടീമിൽ രണ്ടാം നമ്പർ ജഴസിയാണ് സിപോവിച്ച് അണിയുന്നത്.

7.റുയിവ ഹോർമിപാം( സെന്റർ ബാക്ക്)

Young Indian Defender Hormipam Ruivah joins Kerala Blasters FC

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ തീ മിന്നലാണ് മണിപ്പൂരുകാരൻ റുയിവ ഹോർമിപാം. പരുക്കി നെ അതിജീവിച്ച് ടീമിൽ തിരികെയെത്തിയ ഹോർമിപാം നിർണായക മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സ് പ്രതിരോധം കോട്ട കെട്ടി കാത്തു. ടീമിൽ നാലാം നമ്പർ ജഴ്സിയണിയുന്ന ഹോർമിപാം ആശാൻ വുകുമനോവിച്ചിന്റെ പ്രിയ ശിഷ്യനാണ്.

8. ഹർമൻ ജ്യോത് ഖബ്ര (വിങ് ബാക്ക്)

Kerala Blasters announce signing of Harmanjot Khabra from Bengaluru FC

കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ ഉരുക്കു താരമാണ് എച്ച്.കെ എന്ന വിളിപ്പേരുള്ള പഞ്ചാബുകാരൻ ഹർമൻ ജ്യോത് ഖബ്ര. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് ഈ 33 കാരൻ പുറത്തെടുക്കുന്നത്. ജംഷെദ്പുരിനെതിരായ ആദ്യ സെമിയുടെ രണ്ടാം പാദത്തിൽ ഉൾപ്പെടെ ഖബ്രയുടെ ഉശിരൻപോരാട്ടവീര്യമാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തുണയായത്. ടീമിൽ 10 ആം നമ്പർ ജഴ്സിയാണ് എച്ച്.കെ അണിയുന്നത്.

9. ജീക്സൺ സിങ് (ഡിഫൻസീവ് മിഡ് ഫീൽഡർ )

Kerala Blasters sign India's FIFA U-17 hero Jeakson Singh | Jeakson Singh Thounaojam | Kerala Blasters | FIFA U-17 World Cup | ISL | Football | Onmanorama

മധ്യനിരയിൽ കടിഞ്ഞാൺ കയ്യിലേന്തി എൻഡ് ടു എൻഡ് കളി പുറത്തെടുക്കുന്ന ജീക്സൺ സിങ്ങ് ബ്ലാസ്റ്റേഴ്സ് നിരയിലെ സെൻസേഷൻ താരമാണ്. ഡിഫൻസീവ് മിഡ് ഫീൽഡർ പൊസിഷനിൽ എതിർ ടീമുകളുടെ ഗോളവസരങ്ങളുടെ മുനയൊടിക്കുന്നതിലും പ്രത്യേക വിരുത് തന്നെ ഉണ്ട് ഈ 20 കാരന്. ബ്ലാസ്റ്റേഴ്സിനായി ഈ 25 ആം നമ്പർ താരം ഇതിനകം 18 മത്സരങ്ങളാണ് കളിച്ചത്.

10. പൂട്ടിയ (ഡിഫൻസീവ് മിഡ് ഫീൽഡർ)

Lalthathanga Khawlhring: Why Kerala Blasters decided to sign prodigy

ജീക്സൺ സിങ്ങിനൊപ്പം ബ്ലാസ്റ്റേഴ്സ് മധ്യനിരയ്ക്ക് കരുത്തേകുന്ന താരമാണ് പൂട്ടിയ എന്ന വിളിപ്പേരുള്ള ലാൽതങ്ക ഖാൽറിങ്ങ് . ഇതിനകം 19 മത്സരങ്ങളിൽ കളിച്ച ഈ മിസോറം താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ടീമിലെ ഏഴാം നമ്പർ ജഴ്സിയാണ് ഈ 23 കാരൻ അണിയുന്നത്.

11. സഞ്ജീവ് സ്റ്റാലിൻ ( ലെഫ്റ്റ് ബാക്ക്)

ISL: Who is Sanjeev Stalin? 10 things to know about Kerala Blasters' new signing

ബ്ലാസ്റ്റേഴ്സ് നിരയിലെ പ്രതിഭാധനനായ യുവ താരമാണ് സഞ്ജീവ് സ്റ്റാലിൻ . ലെഫ്റ്റ് ബാക്കായി ബ്ലാസ്റ്റേഴ്സ് നിരയിൽ ഒന്നാന്തരം കളി കെട്ടഴിക്കുന്ന ഈ 21 കാരൻ ചെന്നൈയിൻ എഫ്.സിക്കെതിരെയുള്ള മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ചായിരുന്നു. കർണാടക സ്വദേശിയായ സഞ്ജീവ് സ്റ്റാലിൻ ബ്ലാസ്റ്റേഴ്സിൽ 15 ആം നമ്പർ ജഴ്സിയാണ് അണിയുന്നത്.

12. പ്രഭ്ശുഖൻ സിങ് ഗിൽ (ഗോൾ കീപ്പർ )

Prabhsukhan Singh Gill: Kerala Blasters sign youngster on two-year deal

നടപ്പ് സീസണിൽ ആൽബിനോ ഗോമസിന്റെ പകരക്കാരനായി ഗോൾ വല കാക്കാനെത്തിയ പ്രഭ്ശുഖൻ സിങ് ഗിൽ വിസ്മയ പ്രകടനങ്ങളിലൂടെ ടീമിലെ ഒന്നാം നമ്പർ ഗോളിയായി. നിർണ്ണായക മത്സരങ്ങളിൽ ഉൾപ്പെടെ ഗിൽ മാസ്മരിക സേവുകളിലൂടെ ആരാധകരെ ആവേശത്തിലാറാടിച്ചു. അവസാന മത്സരങ്ങളിലെ ക്ലീൻ ഷീറ്റ് പ്രകടനവും 21 കാരനായ ഈ ലുധിയാനക്കാരന്റെ മികവ് വിളിച്ചോതുന്നതാണ്.

ഏതായാലും കഴിഞ്ഞ 7 സീസണുകളിലെ നഷ്ടത്തിന്റെ കണക്കുകൾക്ക് പരിഹാരം ചെയ്യാനുള്ള സുവർണാവസരമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. സ്വപ്ന കിരീടത്തിൽ മുത്തമിടാൻ ഇവാൻ വുകുമനോവിച്ചിന്റെ അഡാർ സംഘം ഒരുങ്ങുമ്പോൾ നാടെങ്ങുമുള്ള ആരാധകരും പ്രാർത്ഥനയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here