മുട്ട കൊണ്ടൊരു വെറൈറ്റി റൈസ്

ചെറിയ കുട്ടികളെ സമയാ സമയങ്ങളിൽ ഭക്ഷണം കഴിപ്പിക്കൽ എന്നത് അമ്മമാർക്കുള്ള ഏറ്റവും വലിയ ടാസ്ക് ആണ്, അതിനു പിറകിൽ എത്രസമയം കളഞ്ഞാലും മിക്കവാറും എടുത്ത ഭക്ഷണം പാഴായി പോകാറാണ് പതിവ്.

എന്നാൽ സാധാ ചോറിന് പകരം ഇങ്ങനെ ഒന്ന് തയ്യാറാക്കിക്കൊടുത്താൽ തീർച്ചയായും അവർക്ക് വാരി കൊടുക്കുകയോ, കൂട്ടിരിക്കുകയോ വേണ്ട അവരുടെ ഇഷ്ടത്തിന് കഴിച്ചു കാലിയായ പാത്രം സന്തോഷത്തോടെ വന്നു കാട്ടി തരും. അതുപോലെതന്നെ നല്ല വിഭവങ്ങൾ എന്തെങ്കിലും ഉണ്ടാക്കിയാൽ പലവിധ അസുഖങ്ങളുടെ പേരിൽ ഇതൊന്നും കഴിക്കാൻ പറ്റാതെ വിഷമത്തോടെ വേണ്ടെന്ന് വെക്കുന്നവർ ഉണ്ട്,നെയ്യ്, എണ്ണ അങ്ങനെ ഭക്ഷണത്തിന്റെ രുചിയെ സ്വാധീനിക്കുന്ന ചേരുവകളെല്ലാം ഒഴിവാക്കി രുചിക്കല്ലാതെ വിശപ്പിന് മാത്രം ഭക്ഷണം കഴിക്കുന്നവർ, അങ്ങനെയുള്ള പ്രായമായവർക്കും ഇടക്കൊക്കെ നമുക്ക് ഇത് പോലെ തയ്യാറാക്കി നൽകിയാൽ അവർക്കും സന്തോഷമാകും.

ആവശ്യമുള്ളവ

ബസ്മതി അരി- ഒന്നര കപ്പ്

വെള്ളം -മൂന്ന് കപ്പ്

ഉപ്പ് -ആവശ്യത്തിന്

മുട്ട- നാലെണ്ണം

ചെറിയ ഉള്ളി -10-12, ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി- 7 എണ്ണം, അരിഞ്ഞത്

ഇഞ്ചി -ഒന്നര ടീസ്പൂൺ ചതച്ചത്

സൺ ഫ്ലവർ ഓയിൽ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി-അര ടീസ്പൂൺ

ഉപ്പ്

സവാള -1 വലുത്, ചെറുതായി അരിഞ്ഞത്

പച്ചമുളക്- 2, വട്ടത്തിൽ അരിഞ്ഞത്

ക്യാരറ്റ്-1, ചീകി എടുത്തത്

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

കുരുമുളകുപൊടി- അര ടീസ്പൂൺ

ഗരംമസാലപ്പൊടി -അര ടീസ്പൂൺ

മല്ലിയില

തയാറാക്കുന്ന വിധം

ഒന്നരക്കപ്പ് ബസ്മതി അരി നന്നായി കഴുകി വൃത്തിയാക്കി,മൂന്നു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ച് ഊറ്റിയെടുക്കുക. നാലു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി കലക്കി വെക്കുക.

ഒരു പാനിലേക്ക് കുറച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടായതിനു ശേഷം നാല് അല്ലി വെളുത്തുള്ളി അരിഞ്ഞതും, ഇഞ്ചി ചതച്ചത് കുറച്ച് ഭാഗവും കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക.നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്കു ചെറിയ ഉള്ളി അരിഞ്ഞത് ഇട്ടു കൊടുക്കുക.

ചെറിയ ഉള്ളി ബ്രൗൺ കളറായി വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും,അര ടീസ്പൂൺ കുരുമുളകുപൊടിയും, ചേർത്തു നന്നായി ഇളക്കിക്കൊടുക്കുക.ഉള്ളിക്ക് ആവശ്യമായ ഉപ്പിട്ട് കൊടുത്തതിനു ശേഷം പൊടികളുടെ പച്ചമണം മാറുമ്പോൾ മുട്ട കലക്കിവെച്ച കൂട്ടൊഴിച്ച് പെട്ടെന്ന് ചിക്കി എടുക്കുക. തയ്യാറായ മുട്ടയുടെ കൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക.

അതേ പാനിൽ ഒന്നര ടീസ്പൂൺ ഓയിൽ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക.
ഒരു വലിയ സവാള ചെറുതായി നുറുക്കിയത്, രണ്ട് ചെറിയ പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഒരു ചെറിയ ക്യാരറ്റ് ചീകി എടുത്തത് എന്നിവ ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി വഴറ്റുക.
പാതി വളർന്നു കഴിയുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,അര ടീസ്പൂൺ കുരുമുളകുപൊടി,അര ടീസ്പൂൺ ഗരം മസാല പൊടി,എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തയ്യാറാക്കി മാറ്റിവച്ചിരിക്കുന്ന മുട്ടയുടെ കൂട്ട് ചേർത്തുകൊടുക്കുക.
ഇതിലേക്ക് വേവിച്ച് മാറ്റി വച്ചിരിക്കുന്ന ചോറ് കട്ടയില്ലാതെ ഇട്ട് കൊടുക്കുക,എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.മല്ലിയില പുറമേ വിതറി ചൂടോടുകൂടി വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News