പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് ഇഷ്ടമല്ല; 15കാരിയായ ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത

പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് തടയാന്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത. 15കാരിയായ പെണ്‍കുട്ടി ലോക്ക്ഡൗണ്‍ സമയത്താണ് വിവാഹിതയായത്.

പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഠിത്തം തുടരുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് അറിഞ്ഞതിന് പിന്നാലെ പരീക്ഷയ്ക്ക് പഠിക്കാനായി പെണ്‍കുട്ടി അവരുടെ വീട്ടിലേക്ക് മടങ്ങിയെത്തി. അവിടെ നിന്ന് സ്‌കൂളില്‍ പോയാണ് മധ്യമിക് പരീക്ഷ പെണ്‍കുട്ടി എഴുതിയിരുന്നത്.

ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ സെന്ററിലെത്തിയാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്. വിവാഹ ശേഷം പഠിക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു.

വിവരങ്ങള്‍ മനസിലാക്കി പെണ്‍കുട്ടിക്കായി പരീക്ഷ അല്‍പ്പം വൈകി തുടങ്ങാനടക്കമുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തിയിരുന്നുവെന്ന് കൗണ്‍സില്‍ ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ അധികൃതര്‍ പറയുന്നു.

പൊലീസിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറയുന്നത്-

‘മാധ്യമിക് പരീക്ഷ എഴുതാനുള്ള എന്റെ തീരുമാനത്തിന് തുടക്കം മുതല്‍ എന്റെ ഭര്‍ത്താവ് എതിരായിരുന്നു. ഞാന്‍ അച്ഛന്റെ വീട്ടില്‍ നിന്ന് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എന്റെ ഭര്‍ത്താവ് എന്നെ വിളിച്ചു, എന്റെ പരീക്ഷാ കേന്ദ്രം എവിടെയാണെന്ന് ചോദിച്ചു. ഞാന്‍ പരീക്ഷാ സെന്ററിലെത്തി മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം അവസാന ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു.’

‘പിന്നാലെ ഭര്‍ത്താവ് അവിടെ എത്തുകയായിരുന്നു. എന്നോട് പരീക്ഷാ കേന്ദ്രത്തിലേക്ക് കയറരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എന്ത് വില കൊടുത്തും പരീക്ഷ എഴുതുമെന്ന് ഞാന്‍ പറഞ്ഞു. പെട്ടെന്ന് അവന്‍ പോക്കറ്റില്‍ നിന്നു കുപ്പി എടുത്ത് എന്റെ മുഖത്തും ദേഹത്തും എന്തോ ഒഴിച്ചു. ഞാന്‍ പൊള്ളലേറ്റ് നിലത്തു വീണു, ബോധരഹിതയായി’- പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here