
ഇടുക്കിയിൽ സഹോദരങ്ങൾ തമ്മിലുള്ള വാക്ക് തർക്കം വെടിവെയ്പ്പിൽ കലാശിച്ചു. മാങ്കുളം സ്വദേശി കൂനംമാക്കൽ സിബി ജോർജിനാണ് എയർഗൺ ഉപയോഗിച്ച് വെടിയേറ്റത്. വാക്കുതർക്കത്തെ തുടർന്ന് അനുജൻ സാന്റോ, സിബിയുടെ കഴുത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നു. കേസിൽ പ്രതിയായ സാന്റോ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാത്രിലാണ് സഹോദരങ്ങളായ സിബിയും സാന്റോയും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുന്നത്. മറ്റൊരു സുഹൃത്തിനെ വീട്ടിൽ കയറ്റിയതിനെ ചൊല്ലിയായിരുന്നു തർക്കം. സഹോദരനുമായി വഴക്കിട്ട സിബി വീട്ടിൽ നിന്നും ഇറങ്ങി പോരുകയും ചെയ്‌തു.
പിന്നീട് തിരികെയെത്തിയ സിബിക്ക് നേരെ സഹോദരൻ സാൻ്റോ എയർ ഗൺ ഉപയോഗിച്ച് മൂന്ന് വട്ടം വെടി ഉതിർത്തു. കഴുത്തിനു വെടിയേറ്റ സിബിയെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചത്.
അന്നനാളം വഴി ശ്വാസകോശത്തിലേക്ക് എത്തിയ പെല്ലറ്റ് പുറത്ത് എടുക്കാനായത് അഞ്ചു മണിക്കൂർ നീണ്ടുനിന്ന ശാസ്ത്രക്രിയയിലൂടെയാണ്. സിബി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
സംഭവത്തിൽ വധശ്രമ വകുപ്പ് പ്രകാരം ഉടുമ്പൻചോല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വെടിയുതിർത്ത ശേഷം സഹോദരൻ സാൻ്റോ ഒളിവിൽ പോയിരിക്കുകയാണ്. കഴിഞ്ഞമാസം ബി എൽ റാമിലും വഴിതർക്കത്തെ തുടർന്ന് എയർ ഗൺ ഉപയോഗിച്ചുള്ള വെടിവെപ്പ് നടന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here